ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്– ടോക്കിയോ ഡ്രിഫ്റ്റ്, നീഡ് ഫോർ സ്പീഡ് തുടങ്ങിയ സിനിമകളിലെ ഡ്രിഫ്റ്റിങ് സീനുകൾ കണ്ട് ത്രസിക്കാത്തവരായി ആരുമുണ്ടാകില്ല. വാഹനപ്രേമികളെ രോമാഞ്ചം കൊള്ളിക്കുന്ന ആ ആക്ഷൻ രംഗങ്ങൾ പകർത്താൻ ശ്രമിക്കുന്നവർ നിരവധിയുണ്ടാകും. ചിലരൊക്കെ വിജയിക്കുമ്പോൾ മറ്റു ചിലർക്ക് പണി കിട്ടും.
I20 | crazy drifting
ഹോളിവുഡ് ആക്ഷൻ രംഗങ്ങളെ വെല്ലുന്ന ഡ്രിഫ്റ്റിങ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഡ്രിഫ്റ്റ് ലൈൻ എന്ന യൂട്യൂബ് ചാനലിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഡൽഹി റജിസ്ട്രേഷനിലുള്ള ഹ്യുണ്ടേയ് ഐ 20 എലൈറ്റാണ് ഡ്രിഫ്റ്റിങ്ങിന് ഉപയോഗിക്കുന്നത്. ആളില്ലാത്ത റോഡിൽ വളരെ കൂളായാണ് യുവാവ് അഭ്യാസം കാണിക്കുന്നത്.
ഡ്രിഫ്റ്റിങ് അപകടം ക്ഷണിച്ചു വരുത്തും
വിഡിയോയിൽ കാണിച്ചിരിക്കുന്നതിനെ പൂർണ്ണായും ഡ്രിഫ്റ്റിങ് എന്നു പറയാൻ സാധിക്കില്ല. പവർസ്ലൈഡിങ് എന്നാണ് ഈ അഭ്യസത്തിന് പറയുന്നത്. കാഴ്ച്ചക്കാരിൽ രോമാഞ്ചമുണ്ടാക്കുമെങ്കിലും വളരെ അപകടം പിടിച്ചൊരു പണിയാണ് വാഹനങ്ങളിൽ അഭ്യാസം കാണിക്കുന്നത്. നേരത്തെ പറഞ്ഞ ചിത്രങ്ങളിൽ കാണുന്ന സ്റ്റണ്ടുകൾ നിയന്ത്രിത സാഹചര്യങ്ങളിൽ ചിത്രീകരിക്കുകയും വിദഗ്ധർ അവതരിപ്പിക്കുകയും ചെയ്യുന്നതാണ്. പൊതുസ്ഥലത്ത് ഇത്തരം അഭ്യാസങ്ങൾക്ക് മുതിർന്നാൽ ചിലപ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയും അപകടമുണ്ടാക്കുകയും ചെയ്യും. ടയർ, ബ്രേക്ക് പാഡുകൾ എന്നിവ എളുപ്പത്തിൽ തേഞ്ചു തീരാനും ഇടയാകും. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള സാഹസ പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുകയായിരിക്കും ഉചിതം.