മാരുതി സ്വിഫ്റ്റിന് ബലേനൊ മെയ്ക്ഓവർ–വിഡിയോ

Screengrab

പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി പുറത്തിറങ്ങിയ ബലേനൊ എന്ന ഹാച്ച്ബാക് വളരെ പെട്ടന്നുതന്നെ മാരുതിയുടെ മുൻനിരവാഹനങ്ങളിലൊന്നായി മാറി. സ്വിഫ്റ്റിൽ നിന്ന് മാരുതിയുടെ ഏറ്റവും വിലകൂടിയ ഹാച്ച്ബാക് എന്ന പേര് സ്വന്തമാക്കിയ ബലേനൊ ഇന്ന് ആരാധകരുടെ പ്രിയ വാഹനമാണ്. മാരുതി സ്വിഫ്റ്റിൽ നിന്ന് ബലേനൊയിലേക്ക് അപ്ഗ്രേഡു ചെയ്ത നിരവധി ഉപഭോക്താക്കളുണ്ടാകും.

എന്നാൽ ഇവിടെ  മാരുതി സ്വിഫ്റ്റ് ബലേനൊയായി മാറി! 2006 മോഡൽ ആദ്യ തലമുറ സ്വിഫ്റ്റിനെയാണ് ബോഡി അടക്കം നിരവധി മാറ്റങ്ങൾ വരുത്തി  ബലേനൊയാക്കി മാറ്റിയത്. വിനയ് കപൂർ എന്ന മുംബൈ സ്വദേശിയാണ് മോഡിഫിക്കേഷനു പിന്നിൽ. കഴിഞ്ഞ വർഷം മാർച്ചിൽ യൂട്യൂബിൽ അപ്‌ലോഡു ചെയ്ത വിഡിയോ സൂപ്പർഹിറ്റായി. അപകടത്തിൽ ടോട്ടൽ ലോസായ സ്വിഫ്റ്റിനെ സ്വിഫ്റ്റിനെ 40000 രൂപയ്ക്ക് സ്വന്തമാക്കിയാണ് മോഡിഫിക്കേഷന് തുടക്കം കുറിച്ചതെന്ന് വിനയ് പറയുന്നു. ‌

പുറംഭാഗത്തിന് ബലേനോ ലുക്ക് നൽകിയിട്ടുണ്ടെങ്കിലും ബാക്കിയെല്ലാം സ്വിഫ്റ്റിന്റെ ഘടകങ്ങൾ തന്നെയാണ്.  പുർണ്ണമായും നശിച്ച ഇന്റീരിയറും കിടിലനായി മാറ്റിയെടുത്തിട്ടുണ്ട്. ഏകദേശം 22 ദിവസത്തിന്റെ പരിശ്രമത്തിന്റെ ഫലമായൊരു കിടലൻ കാർ ജനിച്ചെന്നും വിഡിയോയിൽ പറയുന്നു. സ്പെയർപാർട്സുകളും വാഹനത്തിന്റെ വിലയും പണിക്കൂലിയും മറ്റു ചിലവുകളും അടക്കം ഏകദേശം 1.4 ലക്ഷം രൂപ ചിലവായി എന്നാണ് വിനയ് പറയുന്നത്.