ജന്മനാടായ ജപ്പാനിൽ വിമാന വിൽപ്പന ആരംഭിക്കാൻ ഹോണ്ട മോട്ടോർ കമ്പനി തയാറെടുക്കുന്നു. ജപ്പാനിൽ അതിസമ്പന്നരുടെ എണ്ണം അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ ആറു സീറ്റുള്ള ബിസിനസ് ജെറ്റായ ‘ഹോണ്ട ജെറ്റ്’ മിക്കവാറും അടുത്ത വർഷം ആ രാജ്യത്തു വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന. മരുബെനി കോർപറേഷനുമായി സഹകരിച്ചാവും ജപ്പാനിലെ വിമാന വിൽപ്പനയെന്നും ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്.
വിമാന വിൽപ്പനയ്ക്ക് ആവശ്യമായ അനുമതികൾ ജപ്പാനിൽ നിന്നും ചൈനയിൽ നിന്നും നേടിയെടുക്കാനുള്ള ശ്രമത്തിലാണു ഹോണ്ട ഇപ്പോൾ. കഴിഞ്ഞ രണ്ടു വർഷത്തിനിടെ വിമാന വിൽപ്പനയ്ക്കുള്ള അനുമതി ഹോണ്ട യു എസിലും യൂറോപ്യൻ രാജ്യങ്ങളിലും നേടിയിരുന്നു. ആവശ്യമായ സർട്ടിഫിക്കറ്റുകൾ നേടി അടുത്ത വർഷം ആദ്യ പകുതിയിൽ തന്നെ ജപ്പാനിൽ ഹോണ്ട ജെറ്റ് വിൽപ്പന ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണു മരുബെനി. അടുത്ത അഞ്ചു വർഷത്തിനകം ജപ്പാനിലെ ബിസിനസ് ജെറ്റ് ഉപയോഗം ഇരട്ടിയാക്കാനാവുമെന്നും ഹോണ്ട കണക്കുകൂട്ടുന്നുണ്ട്.
വിമാന നിർമാണത്തിലൂടെ കമ്പനിയുടെ പ്രതിച്ഛായ തന്നെ കുതിച്ചുയരുമെന്നും ഹോണ്ട സ്വപ്നം കാണുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഏതെങ്കിലും വാഹന നിർമാതാവ് യാഥാർഥ്യമാക്കുന്ന ആദ്യ വിമാനമാണു ‘ഹോണ്ട ജെറ്റ്’. 52.50 ലക്ഷം ഡോളർ(ഏകദേശം 35.19 കോടി രൂപ) വിലയ്ക്കു നോർത്ത് അമേരിക്കയിലും യൂറോപ്പിലും മധ്യ പൂർവ രാജ്യങ്ങളിലുമൊക്കെ നിലവിൽ ‘ഹോണ്ട ജെറ്റ്’ വിൽപ്പനയ്ക്കുണ്ട്.
ബിസിനസ് ജെറ്റ് ഉപയോഗം ജപ്പാനിൽ ഇപ്പോൾ വ്യാപകമല്ലെന്നു ഹോണ്ടജെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മിചിമാസ ഫ്യുജിനൊ കരുതുന്നു. അതേസമയം തന്നെ ജപ്പാനിലെ അതിസമ്പന്നരുടെ എണ്ണമാവട്ടെ യു എസിനോടു കിടപിടിക്കുന്ന വിധത്തിലാണ്. ഈ ധനാഢ്യൻമാർക്കു വിമാനം വിറ്റ് ജപ്പാനിലെ ബിസിനസ് ജെറ്റ് സംസ്കാരം തന്നെ മാറ്റിയെഴുതാനാവും ഹോണ്ട ശ്രമിക്കുകയെന്നും ഹോണ്ടജെറ്റിന്റെ ചീഫ് എൻജിനീയർ കൂടിയായ ഫ്യുജിനൊ വിശദീകരിച്ചു. ഹോണ്ടയുടെ ആദ്യ വിമാന വിൽപ്പന 2015ൽ യു എസിലായിരുന്നു.
നിലവിൽ ജപ്പാനിൽ തൊണ്ണൂറോളം ബിസിനസ് ജെറ്റുകൾ ഉപയോഗത്തിലുണ്ടെന്നാണു കണക്കാക്കുന്നത്. ശൈശവദശയിലുള്ള ഈ വിപണിയിൽ വിമാനങ്ങൾ വ്യക്തിഗത ഇടപാടുകാർക്കും ഫ്ളീറ്റ് മേഖലയിലും വിൽക്കാനാവുമെന്നാണു ഹോണ്ടയുടെ പ്രതീക്ഷ. അഞ്ചു വർഷത്തിനകം ജെറ്റ് ബിസിനസ് ആദായകരമാവുമെന്നും ഹോണ്ട കണക്കുകൂട്ടുന്നു. 2016ലാണു ഹോണ്ട ഔദ്യോഗികമായി ‘ഹോണ്ട ജെറ്റ്’ വിൽപ്പനയ്ക്കു തുടക്കമിടുന്നത്.
മൂന്നു പതിറ്റാണ്ടു നീണ്ട നിരന്തര ശ്രമത്തിലൂടെയാണു ഹോണ്ട വിമാന നിർമാണം യാഥാർഥ്യമാക്കിയത്. ഫ്യുജിനൊയെ സംബന്ധിച്ചിടത്തോളം സ്വപ്ന സാക്ഷാത്കാരമാണു ‘ഹോണ്ട ജെറ്റ്’. ചട്ടക്കൂടിനു പകരം ചിറകുകളിൽ ഘടിപ്പിച്ച എൻജിനും ശബ്ദശല്യമില്ലാത്ത അകത്തളവും പൂർണതോതിലുള്ള വാഷ്റൂമുമൊക്കെയായി ലോകത്തെ വിസ്മയിപ്പിച്ച ബിസിനസ് ജെറ്റാണു ഹോണ്ട ആവിഷ്കരിച്ചത്.