റോൾസ് റോയിസിനെ തകർക്കാൻ ജപ്പാൻ ആഡംബരം

Toyota Century

രാജകീയ കുടുംബത്തിലെ അംഗങ്ങളും പ്രധാനമന്ത്രിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും ഉപയോഗിക്കുന്ന വാഹനം. ഓരോ വാഹനത്തിലും പതിഞ്ഞിരിക്കുന്ന ടൊയോട്ടയുടെ കൈമുദ്ര. ഇപ്പോഴും കൈകൊണ്ട് മാത്രം നിർമിക്കുന്ന നിരവധി ഘടകങ്ങൾ. ടൊയോട്ടയുടെ സെഞ്ചുറിയെക്കുറിച്ചുള്ള വിശേഷങ്ങൾ അവസാനിക്കുന്നില്ല. ജപ്പാൻ വിപണിയിൽ മാത്രം വിൽക്കുന്ന ഈ സെഞ്ചുറി ആ‍ഡംബരത്തിന്റെ അവസാന വാക്കാണ്. 1967 ൽ ടൊയോട്ട സ്ഥാപകൻ സകിച്ചി ടൊയോഡയുടെ നൂറാം ജന്മദിനത്തിൽ പുറത്തിറക്കിയ ഈ കാർ ഇന്നും ജപ്പാന്റെ ഔദ്യോഗിക വാഹനമാണ്. 

Toyota Century

നീണ്ട 51 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടെ പുറത്തിറങ്ങിയത് മൂന്നു തലമുറകൾ‌ മാത്രം. ആ‍ഡംബരവും പാരമ്പര്യവും പുത്തൻ സാങ്കേതിക വിദ്യകളും സമം ചേർത്ത മൂന്നാം തലമുറയെ ടൊയോട്ട അനാവരണം ചെയ്തത് അടുത്താണ്. ഹൈബ്രിഡ് ആയി എത്തുന്ന സെഞ്ചുറിയിൽ ഇലക്ട്രിക് മോട്ടർ കൂടാതെ 5 ലീറ്റർ‌ വി8 എൻജിൻ ഉപയോഗിക്കുന്നു. 430 ബിഎച്ച്പി കരുത്ത്. തുടക്കത്തിൽ അമ്പത് യൂണിറ്റുകൾ മാത്രം ഉത്പാദിപ്പിക്കും. രണ്ടാം തലമുറ പുറത്തിറങ്ങി നീണ്ട 21 വർഷത്തിനു ശേഷമാണ് മൂന്നാം തലമുറ വിപണിയിലെത്തുന്നത്. 19,600,000 യെൻ ആണ് (ഏകദേശം 1.2 കോടി രൂപ) വില.

കഴിഞ്ഞ തലമുറ റോൾസ് റോയ്സ് ഫാന്റത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ സെഞ്ചുറി. ജപ്പാനീസ് വിപണിയിൽ മാത്രം വിൽക്കുന്ന കാറായതുകൊണ്ട് ബോക്സി രൂപമാണ്. വാഹനത്തിലെ ഫീനിക്സ് പക്ഷിയുടെ ലോഗോയും ക്രൗൺ പാറ്റേണിയുള്ള ഗ്രില്ലും കൈകൊണ്ട് നിർമിക്കുന്നതാണ്. ആറ് ആഴ്ച കൊണ്ടാണ് ഫീനിക്സ് എംബ്ലം കൊത്തിയെടുക്കുന്നത്. ടൊയോട്ട വികസിപ്പിച്ച എറ്റേണൽ ബ്ലാക്ക് എന്ന നിറമാണ് പുതിയ സെഞ്ചുറിക്ക്. ഏഴു ലയറുകളുള്ള പെയിന്റ് കോട്ടിങ്. ആ‍ഡംബരം ഒട്ടു ചോരാത്ത ഇന്റീരിയർ. പിന്നിലെ യാത്രക്കാരന് മികച്ച ലെഗ്, ഹെഡ് റൂം. മസാജിങ് സൗകര്യമുള്ള സീറ്റുകൾ. 20 സ്പീക്കറുകളുള്ള 11.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും 7 ഇഞ്ച് ടച്ച്പാ‍ഡ് കണ്‍ട്രോൾ മൊഡ്യൂളുമുണ്ട്.

Toyota Century

എൻജിന്റെ ശബ്ദമോ റോഡിലെ മറ്റു ശബ്ദങ്ങളോ ഉള്ളിലേക്ക് വരാതിരിക്കാൻ മികച്ച നോയിസ് പ്രൂഫിങ് സാങ്കേതിക വിദ്യ. പ്രീ–കൊളീഷൻ സിസ്റ്റം, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ലെയിൻ ഡിപ്പാർച്ചർ വാണിങ്, ഓട്ടമാറ്റിക്ക് ഹെഡ്‌ലാംപ് തുടങ്ങി ആധുനിക സാങ്കേതിക വിദ്യകളുമുണ്ട്. കൂടാതെ അപകടമുണ്ടായാൽ പൊലീസിനെയൊ ഫയർ ഫോഴ്സിനെയൊ സ്വയം വിവരമറിയിക്കുന്ന ഹെൽപ്പ്നെറ്റ് സിസ്റ്റവും.