കണ്ണൂർ∙ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിന്നു തൊട്ടടുത്ത പ്രധാന നഗരത്തിലേക്കുള്ള കെഎസ്ആർടിസി ബസുകളെ ഫ്ലൈ ബസുകൾ എന്ന പേരിൽ ബ്രാൻഡ് ചെയ്യുമെന്നു സിഎംഡി ടോമിൻ ജെ.തച്ചങ്കരി. കണ്ണൂർ വിമാനത്താവളം സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണു പുതിയ പരിഷ്കാരം. നിലവിൽ മറ്റു വിമാനത്താവളങ്ങളിൽനിന്നു നഗരങ്ങളിലേക്കു കെഎസ്ആർടിസി എസി ലോഫ്ലോർ ബസുകൾ കൃത്യമായ ഇടവേളകളിൽ സർവീസ് നടത്തുന്നുണ്ട്. വിമാനത്താവളത്തിനുള്ളിൽ തന്നെയാണ് അവ യാത്രക്കാരെ കാത്തു നിർത്തിയിടുന്നത്. ആ ബസുകളെയെല്ലാം ഫ്ലൈ ബസ് എന്നു ബ്രാൻഡ് ചെയ്യും.
കെഎസ്ആർടിസിയിലെ പ്രത്യേക വിഭാഗത്തിനാകും ഫ്ലൈ ബസുകളുടെ ചുമതല. കണ്ണൂരിൽ ആദ്യഘട്ടത്തിൽ 21 പേർക്ക് ഇരിക്കാവുന്ന ഫ്ലൈ ബസുകളാകും സർവീസ് നടത്തുക. മറ്റു ലോഫ്ലോർ എസി ബസുകളേക്കാൾ കൂടുതൽ ലഗേജ് വയ്ക്കാൻ സൗകര്യമുണ്ടാകും.
തുടക്കത്തിൽ ഫോഴ്സ് മോട്ടോഴ്സിന്റെ വാഹനങ്ങവും പിന്നീട് യാത്രക്കാർ കുടുന്ന മുറയ്ക്ക് ലോഫ്ലോർ ബസിലേയ്ക്കും മാറും. സമയനിഷ്ഠയും വൃത്തിയും യാത്രാസുഖവുമാകും ഫ്ലൈ ബസുകളുടെ പ്രത്യേകതയെന്നു ടോമിൻ തച്ചങ്കരി പറഞ്ഞു. റേഡിയോ മാംഗോയുടെ കണ്ണൂർ സൂപ്പർ ഫാസ്റ്റ് മോണിങ് ഷോ പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണു ഫ്ലൈ ബസ് ബ്രാൻഡ് എന്ന ആശയം തച്ചങ്കരി അവതരിപ്പിച്ചത്.