അന്താരാഷ്ട്ര നിലവാരമുള്ള വാഹനങ്ങൾ പുറത്തിറക്കിയാൽ മാത്രം പോര മികച്ച റോഡും വേണമെന്ന പാഠമാണ് കെ എസ് ആർ ടി സി കഴിഞ്ഞ ദിവസം പഠിച്ചത്. കെഎസ്ആർടിസിയുടെ ആദ്യ സ്കാനിയ ബസ് ഗരുഡ മഹാരാജ ബസ് ഫ്ലാഗ്ഓഫ് ചെയ്ത യാത്രയിലാണ് അപകടത്തിൽ പെട്ടത്. കോട്ടയം ഈരേയിൽക്കടവ് പാലം കയറവെ ബസിന്റെ പിൻഭാഗം പാലത്തിലുടക്കി.
സ്കാനിയ ബസിന്റെ എൻജിൻ പിന്നിലായതിനാൽ ഡ്രൈവർക്ക് വാഹനം മുന്നോട്ടും പിന്നോട്ടും എടുക്കാൻ സാധിച്ചില്ല. ഡിപ്പോയിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധികളേയും നേതാക്കളേയും കയറ്റിയുള്ള പ്രദർശന ട്രിപ്പിലാണ് പണി കിട്ടിയത്. ഒടുവിൽ ആളുകളെ ഇറക്കി മെക്കാനിക്കുകളെ വരുത്തിയാണ് വാഹനം നീക്കിയത്. സാരമായ കേടുപാടുകളുണ്ടായതിനാൽ അറ്റകുറ്റപ്പണിക്കു ശേഷമേ സർവീസ് ആരംഭിക്കൂ.
ഗരുഡ മഹാരാജ എന്ന പേരിലാണ് പുതിയ സ്കാനിയ ബസുകൾ കെഎസ്ആർടിസി പുറത്തിറക്കിയത്. 17 ബസുകളുടെ നിർമാണം ബെംഗളൂരുവിൽ പുരോഗമിക്കുകയാണ്. ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകിയശേഷം ചെന്നൈ, ഹൈദരാബാദ്, മുംബൈ ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകൾക്കു ഉപയോഗിക്കാനാണ് പദ്ധതി. എസി ബസിൽ 49 ഡബിൾ പുഷ്ബാക്ക് സീറ്റുകളുണ്ട്. ഡ്രൈവറുടെ സീറ്റിനു പിന്നിലും മധ്യഭാഗത്തുമായി രണ്ട് എൽഇഡി ടിവികൾ, സൗജന്യ വൈഫൈ, ജിപിഎസ്, സുരക്ഷ ഉറപ്പാക്കാൻ സിസിടിവി ക്യാമറകൾ വാഹനത്തിനുള്ളിലുണ്ട്.