Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രക്കുകള്‍ കൊണ്ടൊരു ഘടികാരം

scania-clock

ട്രക്കുകളുടെ വിന്യാസത്താൽ ഭീമൻ ഘടികാരം യാഥാർഥ്യമാക്കി സ്വീഡിഷ് വാണിജ്യ വാഹന നിർമാതാക്കളായ സ്കാനിയ വിസ്മയം തീർത്തു. സാധാരണ ക്ലോക്കിലെ മണിക്കൂർ, മിനിറ്റ്, സെക്കൻഡ് സൂചികൾക്കു പകരം സ്കാനിയയിൽ നിന്നുള്ള ഭീമൻ ട്രക്കുകളാണ് ഈ ‘ഭീമൻ’ ഘടികാരത്തിൽ സമയം പ്രദർശിപ്പിച്ചതെന്നതാണു പുതുമ. ഏതോ യൂറോപ്യൻ രാജ്യത്തെ പ്രവർത്തന രഹിതമായ വ്യോമതാവളമാണു സ്കാനിയ 24 മണിക്കൂർ നീണ്ട ‘ക്ലോക്ക്’ പരീക്ഷണത്തിനു വേദിയാക്കിയത്. 7.50 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ പ്രവർത്തിക്കുന്ന ഘടികാരം സാക്ഷാത്കരിക്കാൻ 14 ട്രക്കുകളും 90 ഡ്രൈവർമാരും വേണ്ടി വന്നു. സെപ്റ്റംബർ 20നാണു സ്കാനിയയുടെ ക്ലോക്ക് സ്പന്ദിച്ചു തുടങ്ങിയത്.

The Scania Clock

വൃത്താകൃതിയിൽ തയാറാക്കിയ ട്രാക്ക് ഓരോ 60 സെക്കൻഡിൽ പിന്നിടുകയെന്നതായിരുന്നു സെക്കൻഡ് സൂചിയിൽ ഇടംപിടിച്ച ട്രക്കുകളുടെ ദൗത്യം. വേഗപരിധി വ്യത്യാസപ്പെടാതെ തുടർച്ചയായി 24 മണിക്കൂർ ഈ ഓട്ടം തുടരുകയെന്നതായിരുന്നു ട്രക്കുകൾക്കുള്ള വെല്ലുവിളി. വൃത്തത്തിന്റെ മധ്യത്തോടു ചേർന്നുള്ള ആദ്യ ട്രക്ക് മണിക്കൂറിൽ 13 കിലോമീറ്റർ വേഗം നിലനിർത്തുമ്പോൾ സൂചിയുടെ എതിർ അഗ്രത്തിലുള്ള ട്രക്ക് നിലനിർത്തേണ്ട വേഗം മണിക്കൂറിൽ 53 കിലോമീറ്ററായിരുന്നു. കരുത്തേറിയ യന്ത്രങ്ങളാണെങ്കിലും ട്രക്കുകൾ വാച്ചുകൾ പോലെയാണ്; സൂക്ഷ്മമായി രൂപകൽപ്പന ചെയ്തതും പരിഷ്കൃതവുമായ ഉപകരണങ്ങളാണു ട്രക്കുകളുമെന്നായിരുന്നു സ്കാനിയ മാർക്കറ്റിങ് കമ്യൂണിക്കേഷൻസ് മേധാവി സ്റ്റഫാൻ അർവാസിന്റെ പ്രതികരണം. ക്ലോക്കിലെ ഓരോ ചുമതലയും നിർവഹിക്കാനുള്ള ദൗത്യം ഓരോ ട്രക്കിനെ ഏൽപ്പിക്കുകയായിരുന്നു. കണക്റ്റഡ് സർവീസസിലൂടെ ട്രക്കുകളുടെ ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിക്കാമെന്നതാണ് ഈ ദൗത്യം വിജയമാക്കിയതെന്നും അദ്ദേഹം കരുതുന്നു.

കൃത്യതയും സമയക്ലിപ്തതയും ഉറപ്പാക്കുകയാണു ദീർഘദൂര യാത്രകളിലെ ഏറ്റവും ക്ലേശകരമായ വെല്ലുവിളിയെന്ന് സ്കാനിയ ട്രക്കിലെ സാരഥിയായിരുന്ന എലിൻ എങ്സ്റ്റോം വിശദീകരിക്കുന്നു. യാത്രാപഥത്തിൽ അണുവിട മാറ്റംവരാതെയും വേഗപരിധി പാലിച്ചും 24 മണിക്കൂർ തുടരാനുള്ള ഏറ്റവും വിഷമകരമായ പരീക്ഷണമാണു ഘടികാര ചലനം. മികച്ച ഏകോപനവും കൃത്യതയും കൈമുതലായുള്ള ഡ്രൈവർമാർക്കു മാത്രമാണ് ഈ ശ്രമകരമായ ദൗത്യം വിജയകരമായി പൂർത്തിയാക്കാനാവുകയെന്നും എങ്സ്റ്റോം അഭിപ്രായപ്പെട്ടു. സ്കാനിയയുടെ ഘടികാര പരീക്ഷണത്തിൽ മറ്റു ട്രക്കുകൾ പിന്തുടരേണ്ട സെക്കൻഡ് സൂചിയുടെ നേതൃസ്ഥാനമായിരുന്നു എങ്സ്റ്റോമിന്. അഞ്ചു വ്യത്യസ്ത കാമറകൾ ഉപയോഗിച്ചാണു സ്കാനിയ ‘ഘടികാര പരീക്ഷണം’ ചിത്രീകരിച്ചത്.