കേരളത്തിലെ കെ എസ് ആർ ടി സി ‘സ്കാനിയ’ ബസ് ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം തുടരുകയാണ്. അതേസമയം മഹാരാഷ്ട്രയിലെ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ(അഥവാ എസ് ടി) 35 ‘സ്കാനിയ’ ബസ്സുകൾ വാങ്ങാൻ തീരുമാനമെടുത്തു കഴിഞ്ഞു. ‘സ്കാനിയ’യ്ക്കൊപ്പം 32 ‘വോൾവോ’ ബസ്സുകളും എം എസ് ആർ ടി സി വാങ്ങുന്നുണ്ട്. നവീകരണ പദ്ധതിയുടെ ആദ്യഘട്ടത്തിൽപെട്ട 67 ആഡംബര ബസ്സുകൾ ഡിസംബറോടെ നിരത്തിലെത്തുമെന്നാണു സൂചന.
നിലവിൽ മുപ്പതിലേറെ ബസ്സുകൾ വാങ്ങിയ കർണാടകത്തിലെ കെ എസ് ആർ ടി സി മാത്രമാണു ‘സ്കാനിയ’ ഉപയോഗിച്ചു സർവീസ് നടത്തുന്നത്. കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ നൽകിയ ബസ് ഉപയോഗിച്ചു കേരളത്തിലെ കെ എസ് ആർ ടി സിയും തിരുവനന്തപുരം — ബെംഗളൂരു റൂട്ടിൽ ‘സ്കാനിയ’ ഓടിക്കുന്നുണ്ട്. ചുരുക്കത്തിൽ ‘സ്കാനിയ’ ബസ്സുകൾ സർവീസിനിറക്കുന്ന രണ്ടാമത്തെ പൊതുഗതാഗത കോർപറേഷനായി മാറുകയാണ് എം എസ് ആർ ടി സി.
നിലവിൽ ‘വോൾവോ’ ബസ്സുകൾ ഉപയോഗിച്ച് ‘ശിവ്നേരി’ എന്ന ബ്രാൻഡ് നാമത്തിൽ എം എസ് ആർ ടി സി 27 സർവീസുകൾ നടത്തുന്നുണ്ട്. പ്രധാനമായും പുണെയിൽ നിന്നു മുംബൈ, ഔറംഗബാദ്, നാസിക്, കോലാപ്പൂർ റൂട്ടുകളിലാണ് ‘ശിവ്നേരി’ സർവീസ്. പുതിയ ബസ്സുകൾ പുറത്തിറക്കി ‘ശിവ്നേരി’ റൂട്ടുകളിൽ കൂടുതൽ സർവീസ് തുടങ്ങാനാവണം എം എസ് ആർ ടി സിയുടെ പദ്ധതി.
അതേസമയം പുതിയ ബസ്സുകൾ എവിടെയാവും ഓടിക്കുകയെന്ന് എം എസ് ആർ ടി സി പ്രഖ്യാപിച്ചിട്ടില്ല. ഒരു കോടിയോളം രൂപയാണു ടു ബൈ ടു പുഷ് ബാക്ക് സീറ്റിങ്ങുള്ള ബസ്സുകൾക്കു വിലയെന്നും റൂട്ട് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നുമാണു കോർപറേഷന്റെ നിലപാട്. ഒപ്പം ഓടിച്ചു നോക്കിയ ശേഷം മാത്രമാവും ‘സ്കാനിയ’യുടെ ഗുണനിലാവരത്തെക്കുറിച്ച് വിലയിരുത്താൻ കഴിയൂ എന്നും എം എസ് ആർ ടി സി വ്യക്തമാക്കുന്നു. നേരത്തെ കോർപറേഷൻ ജർമൻ ബ്രാൻഡായ മെഴ്സീഡിസിന്റെ ആഡംബര ബസ്സുകൾ സർവീസിന് ഇറക്കിയിരുന്നു. എന്നാൽ ഈ ബസ്സുകളോട് യാത്രക്കാർ പ്രതീക്ഷിച്ച അഭിമുഖ്യം കാട്ടിയില്ലത്രെ.
ഓട്ടമാറ്റിക് ട്രാൻസ്മിഷന്റെ പിൻബലത്തിൽ ഉയർന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു എന്നതാണ് സ്വീഡിഷ് നിർമാതാക്കളായ ‘സ്കാനിയ’യിൽ നിന്നുള്ള ബസ്സുകളുടെ പ്രധാന ആകർഷണം. സ്വീഡനിൽ നിന്നു തന്നെയുള്ള ‘വോൾവോ’ ഓരോ ലീറ്റർ ഡീസലിലും 2.80 കിലോമീറ്റർ ഓടുമ്പോൾ ലീറ്ററിന് 3.30 കിലോമീറ്ററാണ് ‘സ്കാനിയ’ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.