വിപണിയിൽ പുതിയ ഫോർമുലകൾ സൃഷ്ടിച്ച വിജയമാണ് ജീപ്പ് കോംപസിന്റേത്. കരുത്തും സ്റ്റൈലും സമം ചേർത്ത് ജീപ്പ് പുറത്തിറക്കിയ ഈ എസ്‌യുവി വിപണി കൈയടക്കി. പ്രതീക്ഷിച്ചതിനെക്കാൾ വില കുറച്ച് എത്തിയ കോംപസ് തുടക്കത്തിലേ എസ്‍യുവി സെഗ്‍മെന്റിലെ വാഹനങ്ങൾക്കെല്ലാം ഭീഷണിയായി. ക്രേറ്റ, ഏഴു സീറ്റർ എസ് യു വിയായ എക്സ്‌യുവി 500 എന്നിവയെ വിറപ്പിച്ചു ഈ കരുത്തൻ. വിപണിയെ അടക്കി വാഴാൻ ജീപ്പ് പുറത്തിറക്കുന്ന അടുത്ത മോഡൽ ഏതാണ് എന്ന ആകാംക്ഷയിലാണ് ആരാധകർ.
റെനഗേഡ്
ഏറ്റവും ചെറിയ ജീപ്പാണ് റെനഗേഡ്. സെപ്റ്റംബറിൽ പുതിയ മോഡൽ വിപണിയിലെത്തി. പുതിയ ഡേറ്റംറണ്ണിങ് ലാംപുകൾ, ജീപ്പിന്റെ പരമ്പരാഗത രൂപം എന്നിവ റെഗനേഡിനുണ്ട്. കോംപസിനെ നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിക്കുന്ന റെനഗേഡിന് 4232 എംഎം നീളവും 2022 എംഎം വീതിയുമുണ്ടാകും. ക്രേറ്റയെക്കാൾ 40 എംഎം നീളക്കുറവും 242 എംഎം വീതി കൂടുതലാണ്. കോംപസിലൂടെ എസ് യു വി സെഗ്മെന്റിൽ ലഭിച്ച ജനപിന്തുണ കൂട്ടാനായിരിക്കും റെനഗേഡിലൂടെ ശ്രമിക്കുന്നത്. തുടക്കത്തിൽ 140 ബിഎച്ച്പി കരുത്തുൽപ്പാദിപ്പിക്കുന്ന 2 ലീറ്റർ ഡീസൽ എൻജിനും 1.4 ലീറ്റർ പെട്രോൾ എൻജിനായിരിക്കുമെങ്കിലും പിന്നീട് ആദ്യ തലമുറ മാരുതി എസ് ക്രോസിൽ ഉപയോഗിച്ച 1.6 ലീറ്റർ മൾട്ടി ജെറ്റ് എൻജിനും എത്തിയേക്കാം. മികച്ച സ്റ്റൈലും കരുത്തുറ്റ എൻജിനുമായി എത്തുന്ന വാഹനത്തിന്റെ വില പത്തു ലക്ഷത്തിൽ ഒതുക്കാനാകും ശ്രമിക്കുക.
ബ്രെസ എതിരാളി
ഇന്ത്യക്കായി വികസിപ്പിക്കുന്ന ചെറു ജീപ്പ് വിപണിയിൽ അരങ്ങേറ്റം കുറിക്കും. നാലുമീറ്ററിൽ താഴെ നീളവുമായി മാരുതി ബ്രെസ, ഫോഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്സോൺ തുടങ്ങി വാഹനങ്ങളുമായാണ് മത്സരിക്കുക. ജീപ്പ് 526 എന്ന കോഡ് നാമത്തിലുള്ള വാഹനം, പുതു തലമുറ ഫീയറ്റ് പാണ്ടയിലും 500ലും ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നത്. സെഗ്മെന്റില്‍ തന്നെ ആദ്യ നാലു വീൽഡ്രൈവുമായി എത്തുന്ന മോഡലുമായിരിക്കും ചെറു ജീപ്പ്. ജീപ്പിന്റെ അടിസ്ഥാന സ്വഭാവങ്ങൾ പിന്തുടരുന്ന ചെറു എസ് യു വി സെഗ്മെന്റിലെ മറ്റുവാഹനങ്ങളിൽ നിന്നെല്ലാം വ്യത്യസ്തനായിരിക്കും.
ഗ്രാൻഡ് കമാന്റർ
ഇന്ത്യക്കാരിൽ നൊസ്റ്റാൾജിയ ഉർത്തുന്ന പേരിൽ ജീപ്പ് ഈ വാഹനത്തെ ആദ്യ പുറത്തിറക്കിയത് ചൈനയിലാണ്. 2017 ഷാങ്ഹായ് ഓട്ടോഷോയില്‍ പ്രദർശിപ്പിച്ച യുന്റു കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലാണ് ഗ്രാൻഡ് കമാൻഡർ. ഈ വർഷം നടന്ന ബീജിങ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച വാഹനത്തിന് ചൈനയിൽ മികച്ച പ്രതികരണമാണ്. ടുവീൽ ഡ്രൈവ്, ഫോർ വീല്‍ മോഡലുകളുള്ള വാഹനം ലോഞ്ചിട്യൂഡ്, ലിമിറ്റഡ് എന്നീ രണ്ടു വകഭേദങ്ങളിലാണ് വിൽപ്പനയ്ക്കുള്ളത്. 2 ലീറ്റർ പെട്രോൾ എൻജിനാണ്. 270 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കും. 4873 എംഎം നീളവും 1892 എംഎം വീതിയും 1738 എംഎം ഉയരവും 2800 എംഎം വീൽബെയ്സുമുണ്ട്. ഇന്ത്യയിലെത്തുകയാണെങ്കിൽ ഇന്നോവയായിരിക്കും കമാൻഡറിന്റെ എതിരാളി. എന്നാൽ ഇന്ത്യയിലും കമാൻഡർ എന്ന പേരിൽ എത്താൻ സാധ്യത കുറവാണ്. 20 ലക്ഷം മുതലായിരിക്കും വാഹനത്തിന്റെ വില.