ലോക ചാംപ്യനായ ലൂയിസ് ഹാമിൽറ്റനുമായി കരാർ ഒപ്പിട്ട പിന്നാലെ സഹഡ്രൈവറായ വാൽത്തേരി ബൊത്താസിനെയും ടീമിൽ നിലനിർത്തുമെന്നു മെഴ്സീഡിസ് പ്രഖ്യാപിച്ചു. 2020 വരെ ഹാമിൽറ്റൻ തുടരുമെന്നു കഴിഞ്ഞ ദിവസമാണു ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ജർമൻ ടീമായ മെഴ്സീഡിസ് എം എം ജി പെട്രോണാസ് വെളിപ്പെടുത്തിയത്. അതേസമയം ഒരു സീസണിൽ കൂടി മെഴ്സീഡിസിനൊപ്പം മത്സരിക്കാനുള്ള കരാറാണു ബൊത്താസ് ഒപ്പുവച്ചത്. എങ്കിലും 2020 വരെ ഫിന്നിഷ് ഡ്രൈവറായ ബൊത്താസിനെ ടീമിൽ നിലനിർത്താനുള്ള സാധ്യതയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശൈത്യകാലത്തിനായി മികച്ച രീതിയിൽ തയാറെടുത്തതോടെ വൻമുന്നേറ്റം കൈവരിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു ബൊത്താസ് അഭിപ്രായപ്പെട്ടു. ഇക്കൊല്ലത്തെ മത്സരങ്ങളിൽ ഭാഗ്യത്തിന്റെ പിന്തുണ ലഭിച്ചില്ലെങ്കിലും തന്റെ പ്രകടനത്തെക്കുറിച്ചു ടീമിനു തികഞ്ഞ ബോധ്യമുണ്ട്. ഈ പിന്തുണ തന്റെ ആത്മവിശ്വാസത്തിലും ഡ്രൈവിങ്ങിലും പ്രതിഫലിക്കുന്നുണ്ടെന്നും ബൊത്താസ് പ്രതികരിച്ചു.
ചാംപ്യൻഷിപ്പിനായുള്ള പോരാട്ടം കനക്കുന്ന സാഹചര്യത്തിൽ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഒഴിയുന്നതു തികച്ചും നല്ലതാണെന്നും ബൊത്താസ് വിലയിരുത്തി. ഇരു ഡ്രൈവർമാരുടെയും കരാർ ദീർഘിപ്പിച്ചതോടെ ചാംപ്യൻഷിപ് പോരാട്ടത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാവുമെന്ന നേട്ടമുണ്ടെന്നു ബൊത്താസ് കരുതുന്നു. ബൊത്താസിന്റെ കരാർ കൂടി നീട്ടാനായതോടെ 2019ലും ഡ്രൈവർമാർ മാറ്റമില്ലാതെ തുടരുമെന്ന് ഉറപ്പാക്കാനായതായി മെഴ്സീഡിസ് ടീം പ്രിൻസിപ്പൽ ടോട്ടൊ വുൾവ് പ്രതികരിച്ചു. സഹഡ്രൈവറായ ലൂയിസ് ഹാമിൽറ്റനടക്കം ടീമിലെ എല്ലാവരുമായി തുറന്നതും വിശ്വസനീയവുമായ ബന്ധമാണു ബൊത്താസിനുള്ളത്. ടീമിൽ രാഷ്ട്രീയം കളിക്കില്ലെന്നതും അദ്ദേഹത്തിന്റെ മികവാണെന്നു വുൾഫ് അഭിപ്രായപ്പെട്ടു.
നികൊ റോസ്ബർഗിന്റെ പകരക്കാരനായി 2017ലാണു ബൊത്താസ് മെഴ്സീഡിസിലെത്തിയത്. തുടർന്ന് ഇതുവരെ മൂന്നു ഗ്രാൻപ്രി ജയങ്ങളും അഞ്ചു പോൾ പൊസിഷനും ബൊത്താസ് നേടി. കഴിഞ്ഞ വർഷം മെഴ്സീഡിസിനു തുടർച്ചയായ നാലാം ചാംപ്യൻഷിപ് നേടിക്കൊടുക്കുന്നതിലും അദ്ദേഹം നിർമായക പങ്കു വഹിച്ചു. ഇക്കൊല്ലത്തെ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്താണു ബൊത്താസ്; തൊട്ടു മുന്നിലുള്ള ഡാനിയൽ റിസിയാർഡോയ്ക്കു രണ്ടു പോയിന്റിന്റെ ലീഡാണുള്ളത്.