കാര്യമായ കോലാഹലങ്ങളില്ലാതെ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) ‘2018 ആക്ടീവ ഐ’ വിൽപ്പനയ്ക്കെത്തിച്ചു. പഴയ സ്കൂട്ടറിനെ അപേക്ഷിച്ചു നേരിയ വില വർധനയോടെയാണു 2018 മോഡലിന്റെ വരവ്; 50,010 രൂപയാണു സ്കൂട്ടറിന്റെ ഡൽഹി ഷോറൂമിലെ വില. അഞ്ചു വർഷം മുമ്പ് 2013ൽ വിപണിയിലെത്തിയ ‘ആക്ടീവ ഐ’ വനിതകളെയാണു ലക്ഷ്യമിട്ടിരുന്നത്. 110 സി സി വിഭാഗത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചു മുന്നേറുമ്പോഴും ‘ആക്ടീവ ഐ’യിലൂടെ കാര്യമായ തരംഗം സൃഷ്ടിക്കാൻ ഹോണ്ടയ്ക്കു സാധിച്ചിട്ടില്ല. ‘ആക്ടീവ’യുടെ നിഴലിൽ തുടരുന്നതാണ് ‘ആക്ടീവ ഐ’യ്ക്കു വിനയാവുന്നതെന്നാണു വിലയിരുത്തൽ.
പരിഷ്കരിച്ച ‘ആക്ടീവ ഐ’യിൽ അഞ്ചു പുതിയ നിറങ്ങളാണ് ഹോണ്ട ലഭ്യമാക്കുന്നത്: കാൻഡി ജാസി ബ്ലൂ, ഇംപീരിയൽ റെഡ് മെറ്റാലിക്, ലഷ് മജെന്റ മെറ്റാലിക്, ഓർക്കിഡ് പർപ്ൾ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്. ഹോണ്ട ശ്രേണിയിലെ മറ്റു സ്കൂട്ടറുകളെ പോലെ ഫോർ ഇൻ വൺ ഇഗ്നീഷൻ, സീറ്റ് തുറക്കാൻ പ്രത്യേക താക്കോൽ തുടങ്ങിയവയും ‘2018 ആക്ടീവ ഐ’യിലുണ്ട്. മെറ്റാലിക് എക്സോസ്റ്റ് മഫ്ളർ, മുൻ ഹുക്ക്, ഇരട്ടവർണത്തിലുള്ള അനലോഗ് ഇൻസ്ട്രമെന്റ് കൺസോൾ തുടങ്ങിയവയും സ്കൂട്ടറിലുണ്ട്.
അതേസമയം സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘2018 ആക്ടീവ ഐ’യുടെ വരവ്; മുൻമോഡലിലെ 109 സി സി എൻജിൻ തന്നെയാണു സ്കൂട്ടറിനു കരുത്തേകുന്നത്. എട്ടു ബി എച്ച് പി വരെ കരുത്തും ഒൻപത് എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. മുന്നിലും പിന്നിലും ഡ്രം ബ്രേക്കോടെ എത്തുന്ന സ്കൂട്ടറിൽ കോംബി ബ്രേക്ക് സംവിധാനവുമുണ്ട്. ഇന്ത്യൻ വിപണിയിൽ ടി വി എസ് ‘സ്കൂട്ടി സെസ്റ്റ്’, ഹീറോ ‘പ്ലഷർ’, യമഹ ‘റേ സീ’, സുസുക്കി ‘ലെറ്റ്സ്’ തുടങ്ങിയവയോടാണ് ‘ആക്ടീവ ഐ’യുടെ മത്സരം.