ഇറാനും തുർക്കിയും പിടിക്കാനൊരുങ്ങി ഹീറോ

ഇറാനിലും തുർക്കിയിലും ഇരുചക്രവാഹന വിൽപ്പന ആരംഭിക്കാൻ ഹീറോ മോട്ടോ കോർപ് ഒരുങ്ങുന്നു. ബംഗ്ലദേശിലെ ശാലയുടെ ശേഷി വർധിപ്പിച്ച് ദക്ഷിണേഷ്യയിലെ സാന്നിധ്യം ശക്തമാക്കാനും ഹീറോ മോട്ടോ കോർപ് ശ്രമിക്കുന്നുണ്ട്. ആഗോളതലത്തിൽ 37 രാജ്യങ്ങളിലാണു നിലവിൽ ഹീറോ മോട്ടോ കോർപിന്റെ ഇരുചക്രവാഹനങ്ങൾ വിൽപ്പനയ്ക്കെത്തുന്നത്. എന്നാൽ വിലയുടെ കാര്യത്തിൽ കടുംപിടുത്തുമുള്ള ആഫ്രിക്കൻ വിപണിയിൽ കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള മോഡലുകൾ വിൽപ്പനയ്ക്കെത്തിക്കാനാവില്ലെന്നതാണു ഹീറോ നേരിടുന്ന പ്രധാന വെല്ലുവിളി.

കഴിഞ്ഞ സാമ്പത്തിക വർഷം 2,04,484  മോട്ടോർ സൈക്കിളുകളും  സ്കൂട്ടറുകളുമാണു ഹീറോ മോട്ടോ കോർപ് വിദേശ രാജ്യങ്ങളിൽ വിറ്റത്. മുൻ സാമ്പത്തിക വർഷം 1,82,117 യൂണിറ്റായിരുന്നു ഹീറോയുടെ വിദേശ വിപണിയിലെ വിൽപ്പന. മധ്യ പൂർവ മേഖലയിൽ പുതിയ സ്കൂട്ടറുകളും എൻട്രി, പ്രീമിയം ബൈക്കുകളും അവതരിപ്പിക്കാനാണു കമ്പനി ഒരുങ്ങുന്നതെന്ന് ഹീറോ മോട്ടോ കോർപ് ചെയർമാനും മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ പവൻ മുഞ്ജാൾ അറിയിച്ചു. പ്രധാനമയും തുർക്കിയിലും ഇറാനിലുമാവും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക.

വിദേശ വിപണികളിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ബംഗ്ലദേശിലെ ശാലയിലാണു ഹീറോ മോട്ടോ കോർപ് പ്രതീക്ഷയർപ്പിക്കുന്നത്. ഇതോടൊപ്പം ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാൾ വിപണികളിൽ 100 — 125 സി സി വിഭാഗങ്ങളിലെ പ്രവർത്തനം മെച്ചപ്പെടുത്താനും ഹീറോയ്ക്കു പദ്ധതിയുണ്ട്. 

സ്കൂട്ടർ, മോട്ടോർ സൈക്കിൾ വിഭാഗങ്ങളിൽ കൂടുതൽ പ്രീമിയം മോഡലുകൾ അവതരിപ്പിച്ച് നേപ്പാളിലെയും ശ്രീലങ്കയിലെയും വിപണി വിഹിതം മെച്ചപ്പെടുത്താനാവുമെന്നും ഹീറോ കണക്കുകൂട്ടുന്നുണ്ട്. ആഫ്രിക്കയിലാവട്ടെ മിക്ക വിപണികളും മലിനീകരണ നിയന്ത്രണത്തിൽ കടുംപിടുത്തം കാട്ടുന്നില്ലെന്നും കമ്പനി വെളിപ്പെടുത്തി. എന്നാൽ വിലയുടെ കാര്യത്തിലെ കടുംപിടുത്തം മൂലം മറ്റു വിപണികളിൽ വിൽക്കുന്നതു പോലുള്ള മോഡലുകൾ ആഫ്രിക്കയ്ക്ക് അനുയോജ്യമല്ലെന്നതാണു പ്രശ്നമെന്നും ഹീറോ വിശദീകരിക്കുന്നു.