ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ ട്രയംഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ സ്ഥാനം വിമൽ സുംബ്ലി രാജിവച്ചു. അഞ്ചു വർഷത്തെ സേവനത്തിനൊടുവിലാണു സുംബ്ലി ട്രയംഫിനോടു വിട പറയുന്നത്. മറ്റൊരു ബൈക്ക് നിർമാതാക്കൾക്കൊപ്പം ചേർന്നു പ്രവർത്തിക്കാനാണു സുംബ്ലി ട്രയംഫ് വിട്ടതെന്നാണു സൂചന. ശക്തമായ മത്സരത്തിനു സാക്ഷ്യം വഹിക്കുന്ന ഇന്ത്യയിൽ ട്രയംഫ് മോട്ടോർ സൈക്കിൾസ് സ്ഥാപിച്ചതു മുതൽ വാണിജ്യ രംഗത്തെ വളർച്ചയ്ക്കും ബ്രാൻഡ് സ്ഥാപിക്കുന്നതിനുമൊക്കെ ചുക്കാൻ പിടിച്ചതു സുംബ്ലിയാണ്.
ബജാജ് ഓട്ടോ ലിമിറ്റഡിൽ എട്ടു വർഷത്തോളം പ്രവർത്തിച്ച പരിചയവുമായാണു സുംബ്ലി ട്രയംഫിനൊപ്പം ചേരുന്നത്. ഓസ്ട്രിയൻ ബ്രാൻഡായ ‘കെ ടി എം’ ശ്രേണിയിലെ പ്രകടനക്ഷമതയേറിയ ബൈക്കുകളുടെ വിൽപ്പനയ്ക്കായി ബജാജ് സജ്ജീകരിച്ച ‘പ്രോ ബൈക്കിങ്’സ്റ്റോറുകളുടെ ചുമതലക്കാരനായിരുന്നു സുംബ്ലി.
മഹാരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും മാർക്കറ്റിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയ സുംബ്ലി ട്യൂബ് ഇൻവെസ്റ്റ്മെന്റ്സ് ഓഫ് ഇന്ത്യയി്ല ഏരിയ സെയിൽസ് മാനേജരായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. നേരത്തെ സിദ്ധാർഥ് വർമയും ട്രയംഫ് ഇന്ത്യ വിട്ട് ഡ്യുകാറ്റി ഇന്ത്യയ്ക്കൊപ്പം ചേർന്നിരുന്നു.
ആഗോളതലത്തിൽ അൻപതോളം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ട്രയംഫിന് ഇന്ത്യയിൽ നിലവിൽ 14 ഡീലർഷിപ്പുകളാണുള്ളത്. പതിനാറോളം മോഡലുകളും കമ്പനി ഇന്ത്യയിൽ വിൽക്കുന്നുണ്ട്. ട്രയംഫ് ഇന്ത്യയിൽ ഇതുവരെ 4,500 ബൈക്കുകളും വിറ്റഴിച്ചിട്ടുണ്ട്. 250 — 750 സി സി ബൈക്കുകളുടെ വികസനത്തിനായി ട്രയംഫും ബജാജ് ഓട്ടോയുമായി 2017ൽ ധാരണയിലുമെത്തിയിരുന്നു.