32 കീ.മി മൈലേജുള്ള സ്വിഫ്റ്റ് ഇന്ത്യയിലേക്കോ?

Swift

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പുമായി എത്തുമോ. ജപ്പാൻ, യുകെ അടക്കമുള്ള വിപണികളിലുള്ള, 32 കിലോമീറ്ററിൽ അധികം ഇന്ധനക്ഷമതയുള്ള സ്വിഫ്റ്റ് ഹൈബ്രിഡ് ഇന്ത്യയിലും എത്തിക്കുമോ എന്ന ആകാംക്ഷയിലാണ് വാഹനലോകം. അടുത്തിടെ ഇന്തോനീഷ്യൻ മോട്ടോർഷോയിൽ സുസുക്കി ഹൈബ്രിഡ് സ്വിഫ്റ്റിനെ പ്രദർശിപ്പിച്ചിരുന്നു.

ഇന്ധനക്ഷമതയിൽ കൂടുതൽ പ്രധാന്യമുള്ള ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് സ്വിഫ്റ്റ് ബംബർ ഹിറ്റാകും. കാഴ്ചയിൽ വലിയ മാറ്റങ്ങളൊന്നുമില്ലെങ്കിലും എസ്എച്ച്‌വിഎസ് (സ്മാർട്ട് ഹൈബ്രിഡ് വെഹിക്കിൾ ബൈ സുസുക്കി) ഉപയോഗിച്ചാണ് സ്വിഫ്റ്റ് ഹൈബ്രിഡ് ആകുക. നേരത്തെ ജാപ്പനീസ് വിപണിയിൽ എസ്ജി, എസ്എൽ എന്നീ വകഭേദങ്ങളിലാണ് പുതിയ ഹൈബ്രിഡ് പതിപ്പുള്ളത്. ലീറ്ററിന് 32 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് സുസുക്കി അവകാശപ്പെടുന്നത്. ജപ്പാനിലെ വിലയനുസരിച്ച് ഏകദേശം 9.44 ലക്ഷം-11.06 ലക്ഷം രൂപ വരെയാണ് ഹൈബ്രിഡ് സ്വിഫ്റ്റിന്റെ വില.

1.2 ലീറ്റർ പെട്രോൾ എൻജിൻ വകഭേദത്തിലാണു സുസുക്കി ഹൈബ്രിഡ് സാങ്കേതിക വിദ്യ ചേർക്കുന്നത്. 91 ബിഎച്ച്പി കരുത്തു പകരുന്ന എൻജിനെ കൂടാതെ 10 കിലോവാട്ട് കരുത്തുള്ള ജനറേറ്റർ യൂണിറ്റും ഹൈബ്രിഡ് പതിപ്പിലുണ്ടാകും. സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജി ഉപയോഗിച്ച് ഇന്ധനക്ഷമതയും കൂട്ടിയും പരിസ്ഥിതി മലിനീകരണം കുറച്ചുമാണ് സ്വിഫ്റ്റ് എത്തുക. ഇതോടെ ഇന്ത്യൻ നിരത്തിൽ ഏറ്റവുമധികം മൈലേജ് അവകാശപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കിലൊന്നായി സ്വിഫ്റ്റ് മാറും. കോംപാക്ട് ശൈലി പൂർണമായും ഉപേക്ഷിക്കാതെ പുതിയ ‘സ്വിഫ്റ്റി’ൽ ഹാച്ച്ബാക്കിന്റെ സവിശേഷതകൾ ഉൾപ്പെടുത്താനാവും മാരുതി സുസുക്കിയുടെ ശ്രമം.