വലിയ ടയറുകൾ, ഉയർന്ന സ്നോർക്കൽ, ഹെവി ഡ്യൂട്ടി വിഞ്ച്... എന്തിനാടെ ഇതൊക്കെ എന്നായിരുന്നു കുറച്ചു നാളുകൾ മുമ്പുവരെ ഓഫ്റോഡ് ജീപ്പുകളോട് നാട്ടുകാരും മോട്ടോർവാഹന ഉദ്യോഗസ്ഥരും പൊലീസും ചോദിച്ചുകൊണ്ടിരുന്നത്. അനാവശ്യമായി പണം മുടക്കി വിനോദിക്കുന്നവർ എന്ന ചീത്തപ്പേരും ഓഫ്റോഡ് ജീപ്പുടമകൾക്കുണ്ടായിരുന്നു. എന്നാൽ ഈ ചീത്തപേരെയെല്ലാം കഴുകി കളഞ്ഞിരിക്കുകയാണ് നാടിനെ മുക്കിയ പ്രളയം. ആളെക്കൊല്ലികൾ എന്ന ചീത്തപ്പേരു മാറ്റി ടിപ്പറുകൾ മിടുക്കന്മാരായതുപോലെ ഓഫ്റോഡ് വാഹനങ്ങളുടെ കഴിവെന്താണെന്നും ദുരിതകാലത്ത് ജനം തിരിച്ചറിഞ്ഞു.
കൈമെയ് മറന്ന് പ്രവർത്തിച്ച അവർ രക്ഷിച്ചത് ആയിരങ്ങളുടെ ജീവനാണ്. കോട്ടയം, തിരുവല്ല പ്രദേശങ്ങളിൽ കോട്ടയം ജീപ്പേഴ്സും തിരുവനന്തപുരത്ത് ഓഫ് റോഡ് ജീപ്പ് കൂട്ടായ്മയും വയനാട് കേരള അഡ്വഞ്ചർ സ്പോർട് ക്ലബ്, ഫ്ലൈവീൽ ക്ലബ്, വയനാട് ജീപ്പേഴ്സ് ക്ലബ് എന്നിവരും സേവനത്തിനിറങ്ങി. വെള്ളത്തിൽ മുങ്ങി, പൊട്ടിപൊളിഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കാനുള്ള ജീപ്പുകളുടെ കഴിവാണ് പ്രളയബാധിത പ്രദേശങ്ങളിൽ തുണയായത്.
ആളുകൾ കുറ്റം പറഞ്ഞ വലിയ ടയറുകളും ഉയർന്ന എയർ ഇൻടേക്കുകളും ദുരിതത്തിൽ വലിയ സഹായമായി. നാലു വീൽ ഡ്രൈവുള്ള വാഹനങ്ങളായതുകൊണ്ട് റോഡില്ലാത്ത സ്ഥലങ്ങളിലൂടെയും എളുപ്പം സഞ്ചരിക്കാൻ സാധിച്ചു. വള്ളങ്ങൾ എത്താത്ത, പോകാൻ കഴിയാത്ത... ഇടങ്ങളിലൂടെ ആളുകളെയും കൊണ്ട് നിഷ്പ്രയാസം സഞ്ചരിക്കാനും ഭക്ഷണ സാധനങ്ങൾ ക്യാമ്പുകളിൽ എത്തിക്കാനും മെഡിക്കൽ സഹായങ്ങളുമായി ഓടിയണയാനും ഏറെ ഉപകരിച്ചു ഇവരുടെ സേവനം.
ലക്ഷങ്ങൾ വില വരുന്ന ജീപ്പുകൾ വെള്ളത്തിലൂടെ നിരന്തരം ഓടി കേടുപാടുകൾ സംഭവിക്കുന്ന അവസ്ഥയുണ്ടായെങ്കിലും അതൊന്നും അവരെ പിന്നോട്ട് വലിച്ചില്ല. നഷ്ടങ്ങൾ സഹിച്ചും കയ്യിൽ നിന്നും പണം മുടക്കി ഡീസൽ അടിച്ചുമാണ് പലരും ദുരിത സ്ഥലങ്ങളിലൂടെ ഓടിനടന്നത്. ഓഫ്റോഡുകളിലൂടെ പലരുടെയും ജീവനുകളും കയ്യിൽ പിടിച്ചുകൊണ്ടു ഓടിയ ഈ ജീപ്പുകൾക്കും കേരളം മുഴുവനും നിറഞ്ഞ മനസോടെ നന്ദിപറയുകയാണ് ദുരിതത്തിൽ നിന്നും കരകയറുന്ന ഈ വേളയിൽ.
‘ഫോർവീൽ ഡ്രൈവ്/ ഓഫ്റോഡ് ജീപ്പ് ഉടമകളേ, നിങ്ങളുടെ വാഹനങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്. നിങ്ങളുടെ വാഹനങ്ങൾ ഉപയോഗിച്ച് ചെയ്യാനാവുന്ന ഏറ്റവും മഹത്തായ സേവനത്തിനുള്ള സമയമാണിത്. സാഹസിക ഡ്രൈവുകൾ ജീവൻ രക്ഷിക്കാൻ വേണ്ടിയാവട്ടെ. കേരളമൊട്ടാകെ നടക്കുന്ന രക്ഷാപ്രവർത്തങ്ങളിൽ ദയവായി പങ്കാളികളാവൂ. നിങ്ങളെ കണ്ട് മറ്റ് വാഹന ഉടമകളും അതാതിടങ്ങളിൽ ഇതുപോലെ രംഗത്തിറങ്ങിയാൽ ദുരിതാശ്വാസ രംഗത്തെ മഹത്തായ പുതിയ ചരിത്രമാകും അത്’. ഇത്തരത്തിലൊരു സന്ദേശം പങ്കുവെച്ചായിരുന്നു ഓരോ ജീപ്പുകളും പ്രളയക്കെടുതിക്കിടെ രംഗത്തിറക്കിയത്.