സിയാസിലെ പുതുമകൾ എന്തൊക്കെ?

Ciaz

മാരുതിയുടെ മിഡ് സൈസ് സെഡാന്‍ സിയാസ് വിപണിയിലെത്തിക്കഴിഞ്ഞു. സിറ്റിയും വെർനയും വെന്റോയും യാരിസുമായി മത്സരിക്കാനെത്തുന്ന സിയാസ് വിപണിയിലെ ഒന്നാമനാകുമെന്ന് തന്നെയാണ് മാരുതിയുടെ വിശ്വാസം. രൂപ മാറ്റങ്ങൾക്കുമപ്പുറം സാങ്കേതികമായും നിരവധി മാറ്റങ്ങളുമായാണ് പുതിയ സിയാസ്‍ വിപണിയിലെത്തുന്നത്.

ആദ്യം വിപണിയിലെത്തിച്ചപ്പോൾ മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ ആരംഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ മാരുതി ഡീലർഷിപ്പിലൂടെ തന്നെയാണ് സിയാസിനെ വിൽപനയ്ക്കെത്തിച്ചത്. പിന്നീട് സ്ഥാനകയറ്റം കിട്ടി നെക്സയിലെത്തി. പഴയ സിയാസോ പുതിയതോ മികച്ചത്?

Ciaz

ഡിസൈൻ

മുൻവശത്താണ് പ്രധാന മാറ്റങ്ങളിൽ അധികവും. പഴയ ഹൊറിസോണ്ടൽ ഗ്രിൽ മാറ്റി സ്പോർട്ടി ഗ്രില്ലായിരിക്കുന്നു. ക്രോം ആവരണമുണ്ട് ഗ്രില്ലിന്. ഡേറ്റം റണ്ണിങ് ലാംപുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാംപാണ് കൂടാതെ ബംബറിൽ എൽഇഡി ഫോഗ് ലാംപുമുണ്ട്. ഫോഗ് ലാംപ് കൺസോളിന് ക്രോം ആവരണവും നൽകി. പുതിയ അലോയ് വീലുകളാണ്. പിന്നിൽ എൽ ഇ ഡി കോംബിനേഷൻ ലാംപ്, ബംപറുകൾക്കും കാര്യമായ മാറ്റങ്ങളുണ്ട്.

അളവുകൾ

ആദ്യ മോഡലിനെക്കാൾ 15 എംഎം നീളം കുറവാണ് പുതിയതിന്. ഉയരവും വീതിയും വീൽബേസുമെല്ലാം ഒരേപോലെ തന്നെ. 4490 എംഎം നീളവും 1730 എംഎം വീതിയും 1485 എംഎം ഉയരവും 2650 എംഎം വീൽബേസുമുണ്ട് പുതിയ കാറിന്. ഉയർന്ന മോ‍ഡലിന് 16 ഇഞ്ച് ഡ്യുവൽടോൺ അലോയ് വീലുകളും മറ്റുമോഡലുകൾക്ക് 15 ഇഞ്ച് അലോയ് വീലുകളുമാണ്.

ഇന്റീരിയർ

അടിസ്ഥാന ഘടന നിലനിർത്തിയാണ് ഇന്റീരിയറിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. എസി വെന്റുകൾകും സ്വിച്ചുകള്‍ക്കു വലിയ മാറ്റങ്ങളില്ല. ഇന്റീരയറിലെ ഡാർക്ക് ഷേഡ് വുഡ് ഫിനിഷിനു പകരം ലൈറ്റ് ഷേഡ് നൽകി. ബീജും ലതർ അപ്ഹോസ്ററിയുള്ള പ്രീമിയം ഇന്റീരിയർ. പഴയ സിയാസിലേതുപോലെ തന്നെ 7 ഇഞ്ച് ഇൻഫോടൈൻമെന്റ് സിസ്റ്റവും 4.2 ഇഞ്ച് ടിഎഫ്ടി മൾട്ടി ഇൻഫർമെഷൻ ഡിസ്പ്ലെയുണ്ട്.

Ciaz

എൻജിൻ

പുതിയ പെട്രോൾ എൻജിൻ വന്നു എന്നതാണ് സിയാസിന്റെ പ്രധാന മാറ്റം. സുസുക്കി ഹൈബ്രിഡ് വെഹിക്ക്ൾ സിസ്റ്റ(എസ് എച്ച് വി എസ്)മെന്ന മൈൽഡ് ഹൈബ്രിഡ് സംവിധാനവുമുണ്ട്. പഴയ 1.4 ലീറ്റർ എൻജിൻ 1.5 ലീറ്റർ പെട്രോൾ എൻജിന് വഴിമാറി. ഇതോടെ സി വിഭാഗത്തിൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭ്യമാവുന്ന ഏക മോഡലാണ് സിയാസ്. പുതിയ 1.5 ലീറ്റർ, കെ സീരീസ് പെട്രോൾ എൻജിന് പരമാവധി 77 കിലോവാട്ട് കരുത്തും 138 എൻ എം ടോർക്കുമുണ്ട്. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സിനൊപ്പം നാലു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സും പുതിയ സിയാസിലുണ്ട്.

ഡീസൽ പതിപ്പിൽ 1.3 ലീറ്റർ, മൾട്ടിജെറ്റ് ടർബോചാർജ്ഡ് എൻജിനാണ്. പെട്രോൾ എൻജിനിലെ പോലെ മൈൽഡ് ഹൈബ്രിഡ് സംവിധാനം ഈ എൻജിനിലുമുണ്ട്. 66 കിലോവാട്ട് വരെ കരുത്തും 200 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ.

വില

പെട്രോൾ, പെട്രോൾ ഓട്ടമാറ്റിക്ക്, ഡീസൽ എന്നീ എൻജിൻ വകഭേദങ്ങളിലാണ് സിയാസ് വിൽപനയ്ക്കെത്തുക. സിഗ്‌മ, ഡെൽറ്റ, സീറ്റ, ആൽഫ തുടങ്ങി നാലു വകഭേദങ്ങളുണ്ട്. പെട്രോള്‍ മാനുവലിന് 8.19 ലക്ഷം രൂപ മുതൽ 9.97 ലക്ഷം രൂപ വരെയും പെട്രോൾ ഓട്ടമാറ്റിക്കിന് 9.80 ലക്ഷം രൂപ മുതൽ 10.97 ലക്ഷം രൂപ വരെയും ഡീസലിന് 9.19 ലക്ഷം രൂപ മുതൽ 10.97 ലക്ഷം രൂപവരെയുമാണ് എക്സ് ഷോറൂം വില.