മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട നിർമാണ തകരാർ സംശയിച്ചു ടാറ്റ മോട്ടോഴ്സ് കോംപാക്ട് സെഡാനായ ‘ടിഗൊർ’ തിരിച്ചുവിളിച്ചു പരിശോധിക്കുന്നു. 2017 മാർച്ച് ആറിനും ഡിസംബർ ഒന്നിനുമിടയ്ക്കു നിർമിച്ച ഡീസൽ എൻജിനുള്ള ‘ടിഗൊർ’ കാറുകൾക്കാണു പരിശോധന ആവശ്യമെന്നു കമ്പനി അറിയിച്ചു. MAT629401GKP52721 മുതൽ MAT629401HKN89616 ഷാസി നമ്പറുള്ള ‘ടിഗൊർ’ കാറുകളുടെ ഉടമസ്ഥരെ പരിശോധന ആവശ്യമുള്ളപക്ഷം ടാറ്റ ഡീലർമാർ നേരിട്ടു വിവരമറിയിക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം. കൂടാതെ 1800 209 7979 എന്ന ടോൾ ഫ്രീ നമ്പറിൽ ടാറ്റ വർക്ക്ഷോപ്പുകളുമായി ബന്ധപ്പെട്ടും വാഹന അറ്റകുറ്റപ്പണിക്കുള്ള തുടർനടപടി സ്വീകരിക്കാവുന്നതാണ്.
‘ടിഗൊറി’ന്റെ തകരാർ ഗൗരവമുള്ളതല്ലെന്നും പ്രശ്നം പരിഹരിക്കുംവരെ കാർ ഓടിക്കുന്നതിന് പ്രശ്നമൊന്നുമില്ലെന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. കാറിന്റെ സുരക്ഷയിലും പ്രശ്നങ്ങളൊന്നുമില്ലെന്നും കമ്പനി വിശദീകരിച്ചു.
കോംപാക്ട് സെഡാനായ ‘സെസ്റ്റി’നു താഴെയാണു ടാറ്റ മോട്ടോഴ്സ് ശ്രേണിയിൽ ‘ടിഗൊറി’ന്റെ സ്ഥാനം. 85 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന 1.2 ലീറ്റർ മൂന്നു സിലിണ്ടർ പെട്രോൾ, 70 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന മൂന്നു സിലിണ്ടർ 1.05 ലീറ്റർ ഡീസൽ എൻജിനുകളാണു കാറിനു കരുത്തേകുന്നത്. പെട്രോൾ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ, അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവൽ ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ. ഡീസൽ എൻജിനു കൂട്ട് അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമാണ്.
ഡൽഹി ഷോറൂമിൽ 4.84 ലക്ഷം മുതൽ 7.19 ലക്ഷം രൂപ വരെയാണു ‘ടിഗൊറി’നു വില. മാരുതി സുസുക്കി ‘ഡിസയർ’(വില: 5.60 ലക്ഷം മുതൽ 9.45 ലക്ഷം വരെ), ഹോണ്ട ‘അമെയ്സ്’(വില 5.81 ലക്ഷം മുതൽ 9.15 ലക്ഷം വരെ), ഫോക്സ് വാഗൻ ‘അമിയൊ’(വില: 5.62 ലക്ഷം മുതൽ 10.02 ലക്ഷം വരെ) തുടങ്ങിയവയോടാണ് ഇന്ത്യയിൽ ‘ടിഗൊറി’ന്റെ പോരാട്ടം.