ദക്ഷിണേന്ത്യൻ വിപണി ലക്ഷ്യമിട്ട് എസ് എം എൽ — ഇസൂസു രണ്ടു പുതിയ മിനി ട്രക്കുകൾ പുറത്തിറക്കി. ഡ്രൈവർമാർക്ക് അർഹമായ സുഖസൗകര്യങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം കൂടുതൽ ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലന ചെലവും പരമാവധി ലോഡിങ് ശേഷിയുമൊക്കെയാണു പുതിയ മോഡലുകൾ വാഗ്ദാനം ചെയ്യുന്നതെന്ന് ഇസൂസു വൈസ് പ്രസിഡന്റ് (മാർക്കറ്റിങ്) ജൂൻജി തൊനോഷിമ അറിയിച്ചു.
ഉപയോക്താക്കളുടെ ആവശ്യങ്ങളിൽ വന്ന മാറ്റങ്ങളും കൂടുതൽ പരിഷ്കാരങ്ങളും ഓട്ടമേഷനുമൊക്കെയായാണു കമ്പനി പുതിയ ഏഴു ടൺ ഭാരവാഹക ശേഷിയുള്ള മിന ട്രക്കുകൾ അവതരിപ്പിച്ചിരിക്കുന്നത്. സൂപ്പർ ഹെവി ഡ്യൂട്ടി ട്രക്കുകളായ ‘സമ്രാട്ട് 17’, ‘സമ്രാട്ട് 19’ എന്നിവ യഥാക്രമം 14 ലക്ഷം രൂപയ്ക്കും 17 ലക്ഷം രൂപയ്ക്കുമാണു ലഭിക്കുകയെന്നും തൊനൊഷിമ വെളിപ്പെടുത്തി.
ഡ്രൈവർമാർക്കു കൂടുതൽ സ്ഥലസൗകര്യത്തിനൊപ്പം മൊബൈൽ ചാർജ് ചെയ്യാൻ യു എസ് ബി പോർട്ട്, ലൈറ്റ് ക്ലച്ച്, സുഗമമായ ഗീയർമാറ്റം തുടങ്ങിയവയും ഈ ട്രക്കിലുണ്ട്. കൂടാതെ ട്രക്ക് എവിടെയാണെന്ന് ഉടമയ്ക്കു തത്സമയ വിവരം ലഭ്യമാക്കാനുള്ള സംവിധാനവുമുണ്ട്. ഇതോടൊപ്പം ഗതാഗത മാനേജ്മെന്റ് സംവിധാനത്തു വിപ്ലവകരമായ മാറ്റങ്ങൾ സാധ്യമാക്കുന്ന ആധുനിക ടെലിമാറ്റിക്സ് സൊല്യൂഷനും കമ്പനി പുറത്തിറക്കി. ഒപ്പം ദക്ഷിണേന്ത്യൻ ഉപയോക്താക്കൾക്ക് ഏതു സമയത്തും ലഭ്യമാവുന്ന ഓൺ റോഡ് സർവീസ് സപ്പോർട്ട് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
ചണ്ഡീഗഢ് ആസ്ഥാനമായ സ്വരാജ് വെഹിക്കിൾസ് ലിമിറ്റഡും(എസ് എം എൽ) ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസൂസു മോട്ടോർ കോർപറേഷനും ഇസൂസുവിന്റെ സഹസ്ഥാപനമായ സുമിറ്റൊമൊ കോർപറേഷനും ചേർന്നുള്ള സംയുക്ത സംരംഭമാണ് എസ് എം എൽ ഇസൂസു(എസ് എം എൽ ഐ) ലിമിറ്റഡ്. മൂന്നര പതിറ്റാണ്ടു മുമ്പു സ്ഥാപിതമായ കമ്പനിയുടെ 44% ഓഹരികൾ സുമിറ്റൊമൊയ്ക്കും 15% ഓഹരി ഇസൂസുവിനുമാണ്. ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് ലഘു വാണിജ്യ വാഹന(എൽ സി വി)ങ്ങളും ഇടത്തരം വാണിജ്യ വാഹന(ഐ സി വി)ങ്ങളും ട്രക്കുകളും ബസ്സുകളും പ്രത്യേക ഉപയോഗത്തിനുള്ള വാഹനങ്ങളുമൊക്കെയാണു കമ്പനി നിർമിച്ചു വിൽക്കുന്നത്.