എസ്യുവി സെഗ്മെന്റിലെ സൂപ്പർതാരമാകാൻ സിഎച്ച്ആർ ഹൈബ്രിഡ് എത്തുന്നു. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ വാഹനം സിഎച്ച്ആർ, ഇന്ത്യയിൽ ജീപ്പ് കോംപസുമായിട്ടാകും മത്സരിക്കുക. ഡീസൽ മോഡൽ പുറത്തിറക്കാതെ പെട്രോൾ ഹൈബ്രിഡ് പതിപ്പിൽ മാത്രമാകും സിഎച്ച്ആർ ലഭിക്കുക. യുകെ വിപണിയിലുള്ള 1.8 ലീറ്റർ ഹൈബ്രിഡ് മോഡലിന് ഏകദേശം 26.3 കിലോമീറ്റർ ഇന്ധനക്ഷമത ടൊയോട്ട അവകാശപ്പെടുന്നുണ്ട്. ഈ എൻജിൻ തന്നെ ഇന്ത്യയിലെത്തിയാൽ ഏറ്റവും അധികം മൈലേജുള്ള പ്രീമിയം എസ്യുവിയും സിഎച്ആറാവും.
കാഴ്ച്ചയിലും കരുത്തിലും ഫീച്ചറുകളിലും ജീപ്പ് കോംപസിന്റെ ഉത്തമ എതിരാളിയാണ് സി–എച്ച്ആർ. പുതിയ വാഹനത്തിന്റെ വിപണി പ്രവേശനത്തെപ്പറ്റി ടൊയോട്ട ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ കൊറോള പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന രണ്ടാമത്തെ വാഹനമായ സി–എച്ച്ആർ 2020 ൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ പ്രകാരമാണ് എസ്യുവി നിർമിക്കുന്നത്. 2014 ലെ പാരീസ് ഓട്ടോഷോയിലും 2015 ഫ്രാങ്ക്ഫുട്ട് ഓട്ടോഷോയിലും ലോസ് ആഞ്ചലസ് ഓട്ടോഷോയിലും പ്രദർശിപ്പിച്ച ക്രോസ് ഓവർ എസ്യുവി കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാണ് സി–എച്ച്ആർ. ജപ്പാൻ, യൂറോപ്പ് വിപണികളിൽ 2017 മുതല്‍ സി–എച്ച്ആർ വിൽപ്പനയ്ക്കുണ്ട്. അമേരിക്ക, ആഫ്രിക്ക, എഷ്യ-പസഫിക് തുടങ്ങിയ രാജ്യങ്ങളിലെ വിപണിയിൽ ഈ വർഷം മുതലാണ് വിൽപ്പന ആരംഭിച്ചത്. കോംപാക്റ്റ് ഹൈ റൈഡർ എന്നതിന്റെ ചുരുക്കപ്പേരാണ് സി–എച്ച്ആർ. സ്പോർട്ടിയറായ മുൻഭാഗം, മസ്കുലറായ വശങ്ങൾ, ആഡംബരം നിറഞ്ഞ ഉൾഭാഗം എന്നിവ സി–എച്ച്ആറിന്റെ പ്രത്യേകതകളാണ്. രൂപഭംഗിക്കും ഫീച്ചറുകൾക്കും മുൻതൂക്കം നൽകിയാണ് ഡിസൈൻ ആവിഷ്കരിച്ചിട്ടുള്ളത്.
യുവാക്കളെ ആകർഷിക്കാനായി സ്പോർട്ടിയറായി എത്തുന്ന കാറിന്റെ യൂറോപ്യൻ വകഭേദത്തിൽ 1.2 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ,1.8 ലീറ്റർ ഹൈബ്രിഡ് , 2 ലീറ്റർ എന്നീ എൻജിനുകളാണ്. ഇന്ത്യയിലെത്തുമ്പോൾ 122 ബിഎച്ച്പി കരുത്തുള്ള 1.8 ലീറ്റർ പെട്രോള്‍ ഹൈബ്രിഡ് എൻജിനായിരിക്കും ലഭിക്കുക. 15 ലക്ഷം രൂപ മുതലായിരിക്കും ടൊയോട്ട സി–എച്ച്ആറിന്റെ വില.