ഹിറ്റ്ലറുടെ സ്വപ്നം, പോർഷെയുടെ ഡിസൈൻ; ബീറ്റിൽ ഓർമയാകുമ്പോൾ

Third Generation Beetle

കോംപാക്ട് കാറായ ‘ബീറ്റിലി’ന്റെ ഉൽപ്പാദനം അടുത്ത വർഷം അവസാനിപ്പിക്കുമെന്ന് ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ. വൻവിൽപ്പന സാധ്യതയുള്ള വൈദ്യുത കാർ മേഖലയിലേക്കു പ്രവേശിക്കുന്നതിനു മുന്നോടിയായാണ് പഴമയുടെ സ്പർശമുള്ളതും അറുപതുകളിലെ സംസ്കാരത്തിൽ അധിഷ്ഠതവുമായ ‘ബീറ്റിലി’ന്റെ ഉൽപ്പാദനം നിർത്താൻ ഫോക്സ്‌വാഗൻ തീരുമാനിച്ചത്.

Fourth Generation Beetle

മുപ്പതുകളിൽ വികസിപ്പിച്ച ആദ്യ ‘ഫോക്സ്‌വാഗൻ ബീറ്റിലി’ന് ജർമൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറോടായിരുന്നു ബന്ധം. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജനാധിപത്യ രാജ്യമെന്നനിലയിലും വ്യവസായ ശക്തികേന്ദ്രമെന്ന നിലയിലുമുള്ള ജർമനിയുടെ പുനഃരുജ്ജീവനത്തിന്റെ പ്രതീകമായി ഈ ചെറുകാർ. അറുപതുകളായതോടെ യുദ്ധാനന്തര തലമുറയുടെ ‘ചെറുതല്ലോ സുന്ദര’മെന്ന ആശയത്തിന് ഉദാഹരണമായി ‘ബീറ്റിൽ’. 

യു എസിലെ ‘ബീറ്റിൽ’ വിൽപ്പന ഫോക്സ്‌വാഗൻ 1979ൽ തന്നെ അവസാനിപ്പിച്ചിരുന്നെങ്കിലും മെക്സിക്കോയ്ക്കും ലാറ്റിൻ അമേരിക്കൻ വിപണികൾക്കുമായി കമ്പനി കാറിന്റെ ഉൽപ്പാദനം തുടർന്നിരുന്നു.  എന്നാൽ തൊണ്ണുറുകളുടെ മധ്യത്തിൽ യു എസിലെ വിൽപ്പന മെച്ചപ്പെടുത്താനുള്ള തീവ്രയത്നത്തിന്റെ ഭാഗമായി അന്നത്തെ ചീഫ് എക്സിക്യൂട്ടീവായ ഫെർഡിനൻഡ് പീച്ച് ‘ബീറ്റിലി’ന്റെ രൂപകൽപ്പന നവീകരിക്കാൻ തീരുമാനിച്ചു. അങ്ങനെ 1998ൽ ചന്ദ്രക്കലയുടെ ആകൃതിയുള്ള ‘ന്യൂ ബീറ്റിൽ’ പുറത്തിറങ്ങി. 

New Beetle

ആദ്യഘട്ടത്തിൽ മികച്ച വിൽപ്പനയാണു ‘ന്യൂ ബിറ്റിൽ’ കൈവരിച്ചത്; 1999ൽ എൺപതിനായിരത്തിലേറെ യൂണിറ്റിന്റെ വിൽപ്പനയാണു കാർ നേടിയത്. എന്നാൽ മറ്റു ചെറുകാറുകൾക്കൊപ്പം യു എസിലെ ‘ന്യൂ ബീറ്റിൽ’ വിൽപ്പനയിലും ഇടിവു നേരിട്ടു. എന്നാൽ 1998 മുതലുള്ള രണ്ടു പതിറ്റാണ്ടിനിടെ അഞ്ചു ലക്ഷത്തിലേറെ ‘ന്യൂ ബീറ്റിൽ’ കാറുകളാണു കമ്പനി വിറ്റഴിച്ചത്. ഇക്കൊല്ലം ഓഗസ്റ്റ് വരെയുള്ള എട്ടു മാസത്തിനിടെ 11,151 ‘ബീറ്റിൽ’ കാറും കമ്പനി യ എസിൽ വിറ്റിരുന്നു; മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 2.2% കുറവാണിത്. സെഡാനായ ‘ജെറ്റ’, കോംപാക്ട് എസ് യു വിയായ ‘ടിഗ്വൻ’ തുടങ്ങിയവയോടാണ് യു എസിലെ ഉപയോക്താക്കൾക്കു പ്രിയമേറെ.