രണ്ടേ രണ്ടു ഡോറും കൊച്ചു മാരുതിയെക്കാൾ നീളക്കുറവുമായി വലിയ കാറുകളെ നോക്കി കൊഞ്ഞനം കുത്തുകയാണ് ബീറ്റിൽ. വെറുമൊര കാറല്ല, പുനർജനിച്ച ചരിത്രമാണ് ബീറ്റിൽ. സാധാരണക്കാരൻറെ കാറായി ആദ്യ ജന്മം. അസാധാരണതകളുടെ കാറായി മൂന്നാമതും ജന്മം. തുടക്കം സാധാരണക്കാരൻറെ കാറായിട്ടായിരുന്നെങ്കിലും മൂന്നാം തലമുറ ബീറ്റിൽ സാധാരണക്കാരന് പുറത്തു നിന്നു നോക്കാനേ പറ്റൂ. 39 ലക്ഷം രൂപ വേണം ഈ കാർ വീട്ടിലെത്തിക്കാൻ. സ്റ്റൈൽ സ്റ്റേറ്റ്മെൻറെന്നോ ഫാഷൻ പ്രതീകമെന്നോ പേരിട്ട് തികച്ചും വ്യത്യസ്തമായ വ്യക്തിത്വം ഉടമയ്ക്കു നൽകുന്ന കാർ. എത്ര വലുപ്പമുണ്ടെങ്കിലും എത്ര വിലയുണ്ടെങ്കിലും ലോകത്ത് മറ്റൊരു കാറിനും ഈ നേട്ടം അവകാശപ്പെടാനാവില്ല.
വലിയൊരു ചരിത്രമാണ് ഈ ചെറിയ കാറിൽ മയങ്ങുന്നത്. 1938 മുതൽ 2003 ൽ ആദ്യ മോഡൽ നിർത്തുന്നതു വരെ 2.1 കോടി ബീറ്റിലുകൾ ഇറങ്ങി. ആദ്യ മോഡൽ എയർ കൂളിങ്ങും പിന്നിലുറപ്പിച്ച എൻജിനുമൊക്കെയായി ഒരു ബേസിക് കാറായിരുന്നെങ്കിൽ ഇന്നത്തെ ബീറ്റിലിൽ കരുത്തുള്ള രണ്ടു ലീറ്റർ എൻജിൻ മുന്നിലേക്കു സ്ഥലം മാറിയിരിക്കുന്നു. ബേസിക് കാറെന്നതിലുപരി നൊസ്റ്റാൽജിയയാണ് പുതിയ ബീറ്റിൽ.
∙പഴയ ബീറ്റിൽ: വിശ്വവിഖ്യാത കാർ ഡിസൈനർ ഫെർഡിനാൻഡ് പോർഷെയിലും ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതി ഹിറ്റ്ലറിലും തുടങ്ങുന്നു ബീറ്റിൽ ചരിതം. മുപ്പതുകളുടെ തുടക്കത്തിൽത്തന്നെ സുന്ദാപ് എന്ന ജർമൻ ഇരുചക്ര വാഹന നിർമാതാക്കളുമായിച്ചേർന്ന് പോർഷെ ബീറ്റിലിൻറെ ആദ്യ രൂപങ്ങൾ നിർമിച്ചു തുടങ്ങിയിരുന്നു. നാസി ജർമനിയിലെ പ്രജകൾക്കായി ഇടത്തരം ഇരുചക്രവാഹനത്തിൻറെ വിലയ്ക്ക് ഒരു കാർ വേണമെന്നായിരുന്നു ഹിറ്റ്ലറിൻറെ ആഗ്രഹം. രണ്ടു മുതിർന്നവർക്കും മൂന്നു കുട്ടികൾക്കും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യണം. പോർഷെയുടെ ആദ്യ പ്രോട്ടൊടൈപ് ഡിസൈനുകളിൽ ആകൃഷ്ടനായ ഹിറ്റ്ലർ പീപ്പിൾസ് കാർ എന്നർത്ഥം വരുന്ന ഫോക്സ് വാഗൻ നിർമാണത്തിന് അനുമതിയേകി. എന്നാൽ ഉത്പാദനം കാര്യമായി ആരംഭിക്കുംമുമ്പ് യുദ്ധം തുടങ്ങി. നിർമാണ ശാലയിൽ കാറിനു പകരം യുദ്ധവാഹനങ്ങൾ നിർമിച്ചുതുടങ്ങി.
ഇതിനിടെ ബീറ്റിൽ തെല്ലു വിവാദങ്ങളും തീർത്തു. ചെക്കൊസ്ലോവാക്യൻ നിർമാതാക്കളായ ടട്രയുടെ വി 570, ടി 77, ടി 97 എന്നീ പ്രോട്ടൊടൈപ്പുകളുടെ കോപ്പിയടിയാണു ബീറ്റിൽ ടൈപ് വൺ എന്ന് ആരോപണമുണ്ടായി. പിന്നിലുറപ്പിച്ച നാലു സിലണ്ടർ ഹൊറിസോണ്ടലി ഒപ്പോസ്ഡ് ബോക്സർ എൻജിനുണ്ടായിരുന്ന വി 570 ക്ക് ബീറ്റിലിൻറെ തനി രൂപവുമായിരുന്നു. ടട്ര നിയമയുദ്ധം തുടങ്ങിയെങ്കിലും കാര്യങ്ങൾ ഒരിടത്തമെത്തിയില്ല. മാത്രമല്ല യുദ്ധത്തിൽ ജർമനി ചെക്കൊസ്ലോവാക്യ കീഴടക്കിയപ്പോൾ അന്ന് ഉത്പാദനത്തിലുണ്ടായിരുന്ന ടി 97 നിർത്തി വയ്പിക്കയും ചെയ്തു. പിന്നീട് 1961 ൽ വീണ്ടും ഉയർന്ന കേസ് ഫോക്സ് വാഗൻ കോടിക്കണക്കിനു രൂപ നൽകി ഒതുക്കിത്തീർക്കയായിരുന്നു.
യുദ്ധത്തിൽ തകർന്ന ഫോക്സ് വാഗൻ ഫാക്ടറിയിൽ യന്ത്രസാമഗ്രികൾക്ക് കാര്യമായ കേടു സംഭവിച്ചില്ല. ചരിത്രത്തിൻറെ ആവശ്യമെന്നോണം ഫാക്ടറിയിൽപതിച്ച ബോംബുകൾ പലതും പൊട്ടിയില്ല. അമേരിക്കൻ അധീനതയിലായ ഫാക്ടറി 1945 ൽ അവർ ബ്രിട്ടീഷുകാർക്കു കൊടുത്തു. യുദ്ധം തകർത്ത സാമ്പത്തികവ്യവസ്ഥ പുനസ്ഥാപിക്കാൻ ഫാക്ടറി ഉപകരണങ്ങൾ വിൽപനയ്ക്കിട്ടു. ഈ യന്ത്രങ്ങൾക്കൊണ്ട് വേറെ കാറുകൾ നിർമിക്കയായിരുന്നു ഉദ്ദേശ്യം. വീണ്ടും ബീറ്റിലിലെ ഭാഗ്യം തുണച്ചു. ആരും വാങ്ങാനെത്തിയില്ല. മേജർ ഇവാൻ ഹെഴ്സ്റ്റ് എന്ന ബ്രിട്ടീഷ് ആർമി ഉദ്യോഗസ്ഥനായി ഫാക്ടറിയുടെ ചുമതല. അദ്ദേഹമാണ് ബീറ്റിലിനെ ജീവിച്ചെടുപ്പിച്ചതിനു പിന്നിൽ. 1945 ൽത്തെന്ന ഫാക്ടറിയിൽ നിന്ന് ആദ്യ 2000 ടെപ് വൺ ബീറ്റിലുകൾ ജനിച്ചു. ആദ്യമാദ്യം മടിച്ചു നിന്ന ലോകം പിന്നെ ബീറ്റിലിനെ ഏറ്റെടുത്തതാണു പിന്നീടു കണ്ടത്. തെക്കും വടക്കും അമേരിക്കയും യൂറോപ്പും ആഫ്രിക്കയുമൊക്കെ ചെലവുകുറഞ്ഞ, എന്നാൽ കരുത്തുള്ള, അറ്റകുറ്റപ്പണിയില്ലാത്ത കാറിനെ സ്നേഹിച്ചു. 2003 ൽ അവസാന ബീറ്റിൽ മെക്സിക്കൊയിലെ ശാലയിൽ നിന്നിറങ്ങി.
ഡിക്കിയിലൊരു അധിക എൻജിൻ കണ്ടെന്ന സർദാർജി തമാശയ്ക്കു കാരണമായ പിന്നിലുറപ്പിച്ച എൻജിനും മൂട്ട രൂപവുമായിരുന്നു ഇക്കാലത്തെല്ലാം ബീറ്റിലിൻറെ മുഖമുദ്ര. 1000 സി സി യുടെ പഴയ എൻജിനു പകരം പിന്നീൽ 1600 സി സി വരെയുള്ള എൻജിനുകൾ വന്നെങ്കിലും ബോക്സർ ടൈപ്പ് എയർ കൂൾഡ് എൻജിനുകൾ ബീറ്റിലുകളുടെ ഹൃദയമായി. അറ്റകുറ്റപ്പണി തെല്ലും വേണ്ടാത്ത ഹൈ പെർഫോമൻസ് എൻജിനുകൾ. ബോക്സർ അഥവാ ഹൊറിസോണ്ടലി ഒപ്പോസ്ഡ് എൻജിൻ തെല്ലു പരാമർശമർഹിക്കുന്നു. സാധാരണ എൻജിനുകളിൽ നാലു പിസ്റ്റനുണ്ടെങ്കിൽ അവ സമാന്തരമായി നിന്ന് മുകളിലേക്കും താഴേക്കുമാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഹൊറിസോണ്ടലി ഒപ്പോസ്ഡ് എൻജിനുകളിൽ സിലണ്ടറുകൾ പിസ്റ്റനുകൾ പ്രവർത്തിക്കുന്നത് വശങ്ങളിലേക്കാണ്. ഒരു നിരയിൽ രണ്ടു പിസ്റ്റണുകൾ ബോക്സർമാർ ഇടിക്കുന്നതു പോലെ പ്രവർത്തിക്കും. നാലു സിലണ്ടറുണ്ടെങ്കിൽ രണ്ടു നിരയായി പിസ്റ്റനുകൾ ക്രമീകരിച്ചിരിക്കും. എൻജിന് തീരെ ഉയരമുണ്ടാവില്ല. പരന്ന രൂപം. മികച്ച ഡ്രൈവബിലിറ്റി, സ്മൂത് പ്രവർത്തനം, കൂടുതൽ ശക്തി എന്നിവയാണ് ആദ്യകാലത്ത് വിമാനങ്ങളിൽ ഉപയോഗിച്ചിരുന്ന ഇത്തരം എൻജിനുകളുടെ മികവ്.
∙പുതിയ ബീറ്റിൽ: 1994 ലാണ് പുതിയ ബീറ്റിൽ പ്രോട്ടൊടൈപ്പ് ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത്. ഓർമകൾ നിലനിർത്തിക്കൊണ്ട് തികച്ചും വ്യത്യസ്ഥമായ കാർ. എൻജിൻ പിറകിൽ നിന്നു മുന്നിൽക്കയറി. ഏതാനും ബോൾട്ടുകൾ അഴിച്ചാൽ ഊരിയെടുക്കാവുന്ന ബോഡിക്കു പകരം ഫോക്സ്വാഗൻ ഗോൾഫ് പ്ലാറ്റ്ഫോം പുതിയ ബീറ്റിൽ പങ്കിടുന്നു. 1998 ൽ ഉത്പാദനം തുടങ്ങി. ഇപ്പോളിതാ കൂടുതൽ മികവുകളും വലുപ്പവുമായി ഏറ്റവും പുതിയ തലമുറ ബീറ്റിൽ. കാഴ്ചയിലുള്ള ഭംഗി തന്നെ ഈ കാറിൻറെ മികവ്. മുട്ട രൂപം. മുന്നേത് പിന്നേത് എന്നൊരു ഭ്രമമുണ്ടായേക്കും. എവിടെക്കൊണ്ടൊന്നിട്ടാലും ആരും നോക്കും. പിന്നെ വലുപ്പമെന്തിന് ? ചെറുതെങ്കിലും കയറാനും ഇറങ്ങാനും എളുപ്പമാണ്. ഉള്ളിൽക്കടന്നാലും വലിയൊരു കാറിലിരിക്കുന്ന പ്രതീതി തന്നെ. തൊട്ടു മുൻ തലമുറയ്ക്ക് ക്ലാസിക് ഉൾവശമില്ലെന്ന പരാതി ഈ മോഡലിൽ മാറി. ബോഡി കളർ ഡാഷ്ബോർഡാണ് പ്രധാനമായും ക്ലാസിക് ഛായ നൽകുന്നത്. വലുപ്പമുള്ള മുൻ സീറ്റുകൾ. എ ബി എസ്, ഇ പി എസ്, എയർ ബാഗ് സുരക്ഷയുണ്ട്. എ സി ഓട്ടമാറ്റിക് അല്ല. സിക്സ് സി ഡി ചെഞ്ചർ മുൻസീറ്റുകൾക്കു മധ്യേ മറഞ്ഞിരിക്കുന്നു. നിലവാരമുള്ള ഓഡിയോ സിസ്റ്റം. ശ്രദ്ധിക്കുന്ന ഒരു കാര്യം മുന്നിൽ റൂഫിലായി ഉറപ്പിച്ചിരിക്കുന്ന ഒൗട്ട്സൈഡ് ടെംപറേച്ചർ ഗേജും ക്ലോക്കും.
1200 മുതൽ 3200 വരെ ശേഷിയുള്ള എൻജിനുകളിൽ നിന്ന് ഇന്ത്യയ്ക്കു നൽകിയത് 1.4 ടി എസ് എെ പെട്രോൾ. 110 കിലോവാട്ട് ശക്തിയുള്ള എൻജിൻ നന്നായി കാലു കൊടുത്താൽ സ്പോർട്ടി ശബ്ദം കേൾപ്പിച്ചു പായും. ഏഴു സ്പീഡ് ഓട്ടമാറ്റിക് ഡി എസ് ജി ഗിയർബോക്സും ഡ്രൈവറുടെ ആയാസം കുറയ്ക്കുന്നു. നഗരത്തിൽ ഓടിക്കാനും അനായാസ പാർക്കിങ്ങിനും പുത്തൻ ബീറ്റിൽ കൊള്ളാം. ഉയർന്ന വിലയ്ക്കു കാരണം പൂർണമായും ഇറക്കുമതി ചെയ്തു വരുന്നു എന്നതു തന്നെ. വരും കാലങ്ങളിൽ ഫോക്സ് വാഗൻ ഈ കാറിൻറെ ഉത്പാദനം ഇന്ത്യയിൽ തുടങ്ങുമെന്നു പ്രതീക്ഷിക്കാം. വില പകുതിയിലും താഴുമെന്നും.
∙ടെസ്റ്റ് ഡ്രൈവ്: ഇ വി എം മോട്ടോഴ്സ് 9895764023