Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാണിജ്യവാഹനം: ഫോഡുമായി സഹകരിക്കാൻ ഫോക്സ്‍വാഗൻ

volkswagen-ford Volkswagen, Ford

വാണിജ്യ വാഹന വികസനത്തിനായി യു എസ് നിർമാതാക്കളായ ഫോഡുമായി സഹകരിക്കുമെന്ന് ഫോക്സ്‍വാഗൻ ഗ്രൂപ്. യോജിച്ചുള്ള പ്രവർത്തനം സാധ്യമായ മറ്റു മേഖലകളും ഇരുകമ്പനികളും കണ്ടെത്തിയിട്ടുണ്ടെന്നു ഫോക്സ്‍വാഗൻ ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹെർബെർട്ട് ഡയസ് അറിയിച്ചു. വാഹന വികസനത്തിനായി ഫോഡും ഫോക്സ്‍വാഗനും സഹകരിക്കുമെന്ന അഭ്യൂഹം ഈ  മാസം ആദ്യം മുതൽ പ്രചരിക്കുന്നുണ്ട്. ഇരു കമ്പനികളും വൈദ്യുത വാഹനങ്ങളുടെ വികസന രംഗത്തും സഹകരിക്കുമെന്നാണു പ്രതീക്ഷ. എന്നാൽ വാണിജ്യ വാഹന മേഖലയിലെ സഹകണം മാത്രമാണു കമ്പനിയുടെ വാർഷിക ബോർഡ് യോഗത്തിനു ശേഷം ഡയസ് സ്ഥിരീകരിച്ചത്. 

അതേസമയം, ഫോഡുമായുള്ള ലയനസാധ്യത ഡയസ് പൂർണമായി തള്ളുകയും ചെയ്തു; ഇരുകമ്പനികളുമായുള്ള ചർച്ചകളുടെ ഉദ്ദേശ്യം ലയനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുത വാഹനങ്ങളുടെയും സ്വയം ഓടുന്ന വാഹനങ്ങളുടെയും കണക്റ്റഡ് സാങ്കേതികവിദ്യകളുടെയും വികസനത്തിനുള്ള വിഹിതവും ഫോക്സ്‍വാഗൻ ഗ്രൂപ് ഗണ്യമായി വർധിപ്പിച്ചു. അടുത്ത അഞ്ചു വർഷത്തിനിടെ ഈ മേഖലയിൽ 4,400 കോടി യൂറോ(ഏകദേശം 3.59 ലക്ഷം കോടി രൂപ)യാവും ഫോക്സ്‍വാഗൻ ചെലവഴിക്കുക; നേരത്തെ ഇതിനായി 3,400 കോടി യൂറോ(ഏകദേശം 2.77 ലക്ഷം കോടി രൂപ)യാണു കമ്പനി നീക്കിവച്ചിരുന്നത്. പുതിയ സാങ്കേതികവിദ്യകൾക്കുള്ള നിക്ഷേപത്തിൽ 3,000 കോടി യൂറോ(ഏകദേശം 2.44 ലക്ഷം കോടി രൂപ)യും വൈദ്യുത വാഹന വിഭാഗത്തിലാവും ചെലവഴിക്കുകയെന്നും ഡയസ് വ്യക്തമാക്കുന്നു. പ്ലാറ്റ്ഫോമുകളുടെയും പവർ ട്രെയ്നുകളുടെയും വികസനത്തിനും അടിസ്ഥാന സൗകര്യം ഏർപ്പെടുത്താനുമാവും ഫോക്സ്‍വാഗൻ ഈ കനത്ത നിക്ഷേപം വിനിയോഗിക്കുക.

രണ്ടു വർഷത്തിനകം വൈദ്യുത വാഹന വിൽപ്പന കുതിച്ചുയരുമെന്നും ഡയസ് കണക്കുകൂട്ടുന്നു. വാർഷിക ഉപയോഗം 30,000 കിലോമീറ്ററിൽ താഴെയെങ്കിൽ വൈദ്യുത കാർ ആകർഷക സാധ്യയാവുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. വൈദ്യുത കാർ നിർമാണത്തിനൊപ്പം സ്വന്തമായി ബാറ്ററി ഉൽപ്പാദിപ്പിക്കാനും ഫോക്സ്വാഗനു താൽപര്യമുണ്ടെന്ന് കമ്പനിയുടെ വർക്സ് കൗൺസിൽ മേധാവി ബെൺഡ് ഓസ്റ്റെർലൊ വെളിപ്പെടുത്തി. അതേസമയം യൂറോപ്പിൽ വ്യാപകമായി വൈദ്യുത കാർ നിർമാണസൗകര്യം ഏർപ്പെടുത്തില്ലെന്നാണു ഡയസിന്റെ നിലപാട്.