ഇന്ത്യയിൽ മാത്രമല്ല ലോകത്താകമാനം വലുപ്പം കുറഞ്ഞ ചെറു എസ്‌യുവികളോടുള്ള പ്രിയം വർദ്ധിക്കുകയാണ്. എസ്‌യുവിയുടെ ചന്തവും കരുത്തും കാറിന്റെ യാത്രാസുഖവും ചെറിയ രൂപവുമുള്ള നിരവധി വാഹനങ്ങളാണ് ഇന്നു നിരത്തിലുള്ളത്. ഇന്ത്യൻ വിപണിയിലെ ഏറ്റവും പ്രിയപ്പെട്ട ചെറു എസ്‌യുവികളിലൊന്നാണ് ഹ്യുണ്ടേയ് ക്രേറ്റ. ഹ്യുണ്ടേയ്‌യുടെ ഈ ജനപ്രിയൻ അടക്കി വാഴുന്ന സെഗ്‍മെന്റിലേക്ക് മറ്റൊരു വാഹന നിർമാതാക്കളും എത്തുകയാണ്. ടി–ക്രോസ് കൺസെപ്റ്റിനെ അടിസ്ഥാനമാക്കുന്ന എസ്‌യുവിയുമായി ഫോക്സ്‌വാഗൻ എത്തുന്നത്. കഴിഞ്ഞ ദിവസം ആംസ്റ്റർഡാമിൽ നടന്ന ചടങ്ങിലാണ് ചെറു എസ്‌യുവിയെ പ്രദർശിപ്പിച്ചത്.
രണ്ട് വലുപ്പത്തിലുള്ള ടിക്രോസിനെ കമ്പനി പ്രദർശിപ്പിച്ചു, അതിൽ ചെറിയ എസ്‌യുവിയാണ് ഇന്ത്യ, സൗത്ത് അമേരിക്ക, ചൈന തുടങ്ങിയ വിപണികൾ അവതരിപ്പിക്കുക. കഴിഞ്ഞ വർഷം നടന്ന ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച ടി ക്രോസ് ബ്രീസ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡൽ എംക്യൂബി എഒ പ്ലാറ്റ്ഫോമിലാണ് നിർമിക്കുക. ഇന്ത്യയിൽ സാഹചര്യങ്ങൾക്ക് ഏറ്റവും ഇണങ്ങുന്ന ചെറു എസ്‌യുവിയായിരിക്കും ടി ക്രോസ്. 4.19 മീറ്റർ നീളമുള്ള വാഹനത്തിന്റെ വീൽബെയ്സ് 2.65 മീറ്ററും ഉയരം 1.56 മീറ്ററുമായിരിക്കും.
ടി ക്രോസ് കൺസെപ്റ്റിന്റെ പിന്തുടർന്നായിരിക്കും വാഹനത്തിന്റെ ഡിസൈൻ. ക്രോം ആവരണമുള്ള വലിയ ഗില്ലുകൾ, എൽഇഡി ഡേറ്റം റണ്ണിങ് ലാംപ്, എൽഇഡി ഹെഡ്‍ലാംപ്, ഫോഗ് ലാംപ് എന്നിവ ടി–ക്രോസിലുണ്ട്. 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ് എന്നിവ പുതിയ എസ്‌യുവിയിലുണ്ടാകും. മികച്ച സ്റ്റൈലും ഫീച്ചറുകളുമായി എത്തുന്ന എസ്‌യുവി കോംപാക്റ്റ് എസ്‌യുവി സെഗ്‍മെന്റിൽ ഫോക്സ്‌വാഗന് മുൻതൂക്കം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്ന് എൻജിൻ വകഭേദങ്ങളുണ്ടാകും. പൊളോയിൽ ഉപയോഗിക്കുന്ന 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിൻ എന്നിവ കൂടാതെ 110 ബിഎച്ച്പി കരുത്തും 175 എൻഎം ടോർക്കുമുള്ള 1.0 ലീറ്റർ ടർബോ ചാർജിഡ് പെട്രോൾ എൻജിനുമുണ്ടാകും പുതിയ ചെറു എസ്‌യുവിക്ക്. അഞ്ച് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഓട്ടമാറ്റിക്ക് വകഭേദങ്ങളുമുണ്ടാകും.