ഇന്ത്യയിൽ വിൽക്കുന്ന കാറുകൾക്ക് ഏഴു വർഷം വരെ കാലാവധിയുള്ള ആഡ് ഓൺ വാറന്റി പദ്ധതിയുമായി ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ. ഏഴു വർഷം അഥവാ 1.25 ലക്ഷം കിലോമീറ്റർ നീളുന്ന വാറന്റിയാണു ഫോക്സ്‌വാഗൻ പുതുതായി അവതരിപ്പിച്ചത്. ഇതുവരെ രണ്ടു വർഷത്തെ അടിസ്ഥാന വാറന്റിയും മൂന്നും നാലും അഞ്ചും വർഷം കാലാവധിയുള്ള എക്സ്റ്റൻഡഡ് വാറന്റിയുമാണ് ഫോക്സ്‌വാഗൻ വാഗ്ദാനം ചെയ്തിരുന്നത്.
നിലവിലുള്ള വാറന്റിയുടെ കാലാവധി തീരുന്ന മുറയ്ക്ക് ഒരു വർഷം കൂടി(അഥവാ 20,000 കിലോമീറ്റർ) ദീർഘിപ്പിക്കാവുന്ന എക്സ്റ്റൻഡഡ് വാറന്റിയും ഫോക്സ്വാഗൻ കാറുകൾക്കൊപ്പം ലഭ്യമാണ്. എന്നാൽ കാറിന്റെ പ്രായം ഏഴു വയസ്സിൽ താഴെയാവണമെന്നും ഓടിയ ദൂരം ഒന്നേകാൽ ലക്ഷം കിലോമീറ്ററിൽ കുറവായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിലവിലുള്ള വാറന്റി തീരാൻ 30 ദിവസം അവശേഷിക്കുമ്പോഴും കാലാവധി പൂർത്തിയായി 15 ദിവസത്തിനകവും ആഡ് ഓൺ വാറന്റി സ്വന്തമാക്കാനാവും.
അതേസമയം, ടാക്സി, വാണിജ്യ വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് ആഡ് ഓൺ വാറന്റി പാക്കേജ് ലഭ്യമല്ലെന്നും ഫോക്സ്‌വാഗൻ വ്യക്തമാക്കുന്നു. അംഗീകൃത ഡീലർഷിപ് വഴി സമയബന്ധിതമായി സർവീസിങ് പൂർത്തിയാക്കിയ കാറുകൾക്കും സർവീസിങ്ങിനുള്ള രേഖയുള്ള കാറുകൾക്കും മാത്രമാണ് ആഡ് ഓൺ വാറന്റി അനുവദിക്കുക. ഉടമസ്ഥാവകാശം കൈമാറുന്ന പക്ഷം വാറന്റിയിലെ അവശേഷിക്കുന്ന കാലത്തെ ആനുകൂല്യം പുതിയ ഉടമയ്ക്കു ലഭിക്കും. അതേസമയം, രണ്ടു തവണയിലേറെ ഉടമസ്ഥാവകാശം കൈമാറുന്ന പക്ഷം വാറന്റി ആനുകൂല്യം നഷ്ടമാവുമെന്നും ഫോക്സ്‌വാഗൻ വ്യക്തമാക്കുന്നു.
എൻജിൻ, ഗീയർബോക്സ്(മാനുവൽ, ഓട്ടമാറ്റിക്), സസ്പെൻഷൻ, സ്റ്റീയറിങ്, ബ്രേക്കിങ് സംവിധാനം, ഫ്യുവൽ സംവിധാനം, ഡീസൽ ഇഞ്ചക്ഷൻ സംവിധാനം, എയർ കണ്ടീഷനർ, ഓയിൽ സീൽ തുടങ്ങിയവയ്ക്കൊക്കെ ആഡ് ഓൺ വാറന്റിയിൽ പരിരക്ഷ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.