ഒറ്റ പ്രാവശ്യം ചാർജ് ചെയ്താൽ 400 കിലോമീറ്റർ വരെ ഓടുന്ന എസ്‌യുവിയുമായി ഔഡി. ഇ–ട്രോൺ എന്നു പേരിട്ടിരിക്കുന്ന തങ്ങളുടെ ആദ്യ വൈദ്യത എസ്‍യുവി സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നടന്ന 2018 ഔഡി ഗ്ലോബല്‍ സമ്മിറ്റിലാണ് കമ്പനി പ്രദർശിപ്പിച്ചത്. ഈ മാസം അവസാനത്തോടെ രാജ്യാന്തര വിപണിയിലെത്തുന്ന വാഹനത്തിന്റെ വില 66.92 ലക്ഷം രൂപയാണ് (79000 യൂറോ). 2019 ഇ–ട്രോൺ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓഡി ക്യൂ 5 ന്റേയും ക്യൂ 7 ന്റെ ഇടയിൽ സ്ഥാനം പിടിക്കുന്ന ഇ–ട്രോണിന് സമാനമായ രൂപഭംഗിയാണ്. ഒക്ടഗണല്‍ ഗ്രിലാണ് ഇ-ട്രോണിനെ വ്യത്യസ്തനാക്കുന്നത്. മുന്നിലും പിന്നിലും ഓൾ എൽഇഡി ലൈറ്റുകളാണ്. 120 കിലോവാട്ട് ശക്തിയുള്ള മോട്ടർ മുൻവീലുകൾക്കും 140 കിലോവാട്ട് ശക്തിയുള്ള മോട്ടർ പിൻവീലുകൾക്കും ശക്തി പകരുന്നു. ഇരുമോട്ടറുകളും കൂടി ഏകദേശം 355 ബിഎച്ച്പി കരുത്തു പകരും വാഹനത്തിന്. 561 എൻഎമ്മാണ് പരാമവധി ടോർക്ക്. ബൂസ്റ്റർ മോഡുകളിൽ വാഹനത്തിന് പരമാവധി കരുത്ത് 408 ബിഎച്ച്പിയാകും. 95kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്.
ഒരു പ്രാവശ്യം ചാര്‍ജു ചെയ്താൽ 400 കിലോമീറ്റര്‍ ദൂരം പിന്നിടാനും ഇ-ട്രോണിന് സാധിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.6 സെക്കന്റ് മാത്രം വേണ്ടിവരുന്ന എസ് യുവിയുടെ ഉയർന്ന വേഗം മണിക്കൂറിൽ 200 കിലോമീറ്ററാണ്. എന്നാൽ ബൂസ്റ്റർ മോഡിൽ 100 കടക്കാൻ 5.7 സെക്കന്റ് മാത്രം മതി.