മാരുതി സുസുക്കിയുടെ ‘വിറ്റാര ബ്രേസ’യ്ക്കെതിരെ പട നയിക്കാൻ ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ച കോംപാക്ട് എസ് യു വിയായ ‘നെക്സ’ന്റെ മൊത്ത വിൽപ്പന അര ലക്ഷം യൂണിറ്റ് പിന്നിട്ടു. നേരത്തെ ഓഗസ്റ്റിലെ തകർപ്പൻ പ്രകടനത്തിലൂടെ ‘നെക്സൻ’ ഇതാദ്യമായി രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള അഞ്ചു യൂട്ടിലിറ്റി വാഹന(യു വി)ങ്ങളുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു.
ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ‘നെക്സനു’ സാധിക്കുമെന്ന സൂചനകൾ തുടക്കം മുതൽ ദൃശ്യമായിരുന്നു. 2017 സെപ്റ്റംബർ 21ന് അരങ്ങേറ്റം കുറിച്ച ‘നെക്സ’ന്റെ ഉൽപ്പാദനം വെറും രണ്ടര മാസത്തിനകമാണ് 10,000 യൂണിറ്റ് പിന്നിട്ടത്. 2018 ഫെബ്രുവരി 27നാവട്ടെ 25,000—ാമതു ‘നെക്സൻ’ പുണെയിലെ ഫാക്ടറി വിട്ടു. കഴിഞ്ഞ മാസം 16നാവട്ടെ ‘നെക്സൻ’ ഉൽപ്പാദനം 50,000 യൂണിറ്റ് തികച്ചതായും ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണു ‘നെക്സ’ന്റെ ഇതുവരെയുള്ള ആഭ്യന്തര വിൽപ്പന 50,000 യൂണിറ്റ് പിന്നിട്ടുണ്ടാവാമെന്നു കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനിടെ 49,059 യൂണിറ്റ് വിൽപ്പനയായിരുന്നു ‘നെക്സൻ’ കൈവരിച്ചത്; അതായത് പ്രതിമാസ വിൽപ്പന ശരാശരി 4,088 യൂണിറ്റ്. അതുകൊണ്ടുതന്നെ പ്രതിദിനം 136 ‘നെക്സൻ’ രാജ്യത്തു വിറ്റഴിയുന്നുണ്ടെന്നു കരുതണം. ഈ സാഹചര്യത്തിൽ സെപ്റ്റംബറിലെ 16 ദിവസത്തിനിടെ രണ്ടായിരത്തിലേറെ ‘നെക്സൻ’ കൂടി വിറ്റഴിഞ്ഞിട്ടുണ്ടാവണം. ചുരുക്കത്തിൽ ഈ മാസം പകുതിയോടെ തന്നെ ‘നെക്സ’ന്റെ മൊത്തം വിൽപ്പന അര ലക്ഷം യൂണിറ്റ് പിന്നിട്ടിരിക്കും.
റെവോട്രോൺ ശ്രേണിയിലെ 1.2 ലീറ്റർ, മൂന്നു സിലിണ്ടർ, ടർബോ പെട്രോൾ എൻജിനോടെയാണ് ‘നെക്സൻ’ എത്തുന്നത്; 110 ബി എച്ച് പിയോളം കരുത്തും 170 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇതിനു പുറമെ റെവോടോർക് ശ്രേണിയിലെ 1.5 ലീറ്റർ, നാലു സിലിണ്ടർ, ടർബോ ഡീസൽ എൻജിൻ സഹിതവും ‘നെക്സൻ’ വിൽപ്പനയ്ക്കുണ്ട്; 110 ബി എച്ച് പി വരെ കരുത്തും 260 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. രണ്ട് ട്രാൻസ്മിഷൻ സാധ്യതകളാണ് ‘നെക്സനി’ലുള്ളത്: ആറു സ്പീഡ് മാനുവലും അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവൽ ഗീയർബോക്സും. ഇന്ത്യയിൽ മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’യ്ക്കു പുറമെ ഫോഡ് ‘ഇകോസ്പോർട്ടി’നോടും മത്സരിക്കുന്ന ‘നെക്സൻ’ ഗ്ലോബൽ എൻ സി എ പി ക്രാഷ് ടെസ്റ്റിൽ ഫോർ സ്റ്റാർ റേറ്റിങ്ങും സ്വന്തമാക്കിയിരുന്നു.