സ്വിഫ്റ്റിന്റെ പ്രത്യേക പതിപ്പുമായി മാരുതി

നവരാത്രി, ദീപാവലി ഉത്സവകാലം പ്രമാണിച്ചു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) ‘സ്വിഫ്റ്റി’ന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി. അടിസ്ഥാന വകഭേദമായ ‘എൽ എക്സ് ഐ’, ‘എൽ ഡി ഐ’ എന്നിവയുടെ വിലയ്ക്കാണ് ഈ പ്രത്യേക പതിപ്പ് വിൽപ്പനയ്ക്കെത്തുന്നത്; 4.99 ലക്ഷം രൂപയാണു കാറിന്റെ ഷോറൂം വില. അതേസമയം, അടിസ്ഥാന വകഭേദത്തെ അപേക്ഷിച്ചു കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളുമായാണു കാറിന്റെ വരവ്. 

ഇരട്ട സ്പീക്കർ സഹിതം സിംഗിൾ ഡിൻ ബ്ലൂടൂത്ത് സ്റ്റീരിയൊ, കറുപ്പ് പെയിന്റടിച്ച വീൽ ക്യാപ് തുടങ്ങിയവയാണു പ്രത്യേക പതിപ്പെന്ന നിലയിൽ ‘സ്വിഫ്റ്റി’ന്റെ പെട്രോൾ, ഡീസൽ അടിസ്ഥാന വകഭേദങ്ങളിൽ അധിക വില ഈടാക്കാതെ  മാരുതി സുസുക്കി ലഭ്യമാക്കുന്നത്. കൂടാതെ മുന്നിൽ പവർ വിൻഡോ, ആന്റി ലോക്ക് ബ്രേക്ക് സംവിധാനം(എ ബി എസ്), മുന്നിൽ ഇരട്ട എയർബാഗ്, പിന്നിൽ പാർക്കിങ് സെൻസർ തുടങ്ങിയവയും കാറിലുണ്ട്. 

പരിമിതകാല പതിപ്പുകളുടെ പതിവു ശൈലിയിൽ സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘സ്വിഫ്റ്റി’ന്റെയും വരവ്.  83 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന 1.2 ലീറ്റർ പെട്രോൾ, 75 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന 1.3 ലീറ്റർ ഡീസൽ എൻജിനുകളാണു കാറിൽ ഇടംപിടിക്കുന്നത്. മാനുവൽ ഗീയർബോക്സോടെയല്ലാതെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതം ഈ കാർ വിൽപ്പനയ്ക്കില്ല.

ഹ്യുണ്ടേയ് ‘ഗ്രാൻഡ് ഐ 10’, ഫോഡ് ‘ഫിഗൊ’ തുടങ്ങിയവയോടാണു മാരുതി സുസുക്കി ‘സ്വിഫ്റ്റി’ന്റെ ഏറ്റുമുട്ടൽ.