ഇടി പരീക്ഷയിൽ തല ഉയർത്തി വിറ്റാര ബ്രെസ. ഗ്ലോബൽ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിലാണ് വിറ്റാര ബ്രെസ നാലു സ്റ്റാർ സ്വന്തമാക്കിയത്. രണ്ട് എയർ ബാഗുകളും എബിഎസുമുള്ള ബ്രെസയാണ് ടെസ്റ്റിനായി ഉപയോഗിച്ചത്. മുൻ സീറ്റിലെ മുതിർന്നവർക്ക് നാലു സ്റ്റാർ സുരക്ഷയും പിൻ സീറ്റിലെ കുട്ടികൾക്ക് രണ്ടു സ്റ്റാർ സുരക്ഷയും വാഹനം നൽകും എന്നാണ് ക്രാഷ് ടെസ്റ്റിൽ തെളിഞ്ഞത്.
ഇന്ത്യയിൽ ഏറ്റവും ജനപ്രിയ വാഹനങ്ങളിലൊന്നായ ബ്രെസ സുരക്ഷിതമാണ് എന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ഗ്ലോബൽ എൻസിഎപി അറിയിച്ചത്. നേരത്തെ ടാറ്റയുടെ ചെറു എസ് യു വി നെക്സോണും ഇടി പരീക്ഷയിൽ നാലു സ്റ്റാർ സ്വന്തമാക്കിയിരുന്നു.
ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങളിലൊന്നാണ് വിറ്റാര ബ്രെസ. അരങ്ങേറ്റം കുറിച്ചു മൂന്നു മാസത്തിനുള്ളിൽ തന്നെ രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നേടുന്ന 10 കാറുകളിലൊന്നായി മാറാനും ‘വിറ്റാര ബ്രേസ’യ്ക്കു കഴിഞ്ഞിരുന്നു. 2016 മാർച്ചിൽ വിപണിയിലെത്തിയ വിറ്റാരയുടെ 3 ലക്ഷം യൂണിറ്റുകളിലധികം നിരത്തിലെത്തിയിട്ടുണ്ട്.
എസ് യു വിയുടെ രൂപവും മികച്ച സൗകര്യങ്ങളിലും സംവിധാനങ്ങളും മാരുതിയുടെ വിശ്വാസ്യതയുമാണ് വിറ്റാര ബ്രെസയെ ഇന്ത്യയിലെ ജനപ്രിയ കോംപാക്റ്റ് എസ് യു വിയാക്കി മാറ്റിയത്. നിലവിൽ 1.3 ലീറ്റർ, ഡി ഡി ഐ എസ് ഡീസൽ എൻജിനോടെ മാത്രമാണു ‘വിറ്റാര ബ്രേസ’ വിൽപ്പനയ്ക്കുള്ളത്; പരമാവധി 89 ബി എച്ച് പി കരുത്തും 200 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ, എഎംടി ഗീയർബോക്സാണു ട്രാൻസ്മിഷൻ.