Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടോട്ടൽ ലോസ് നഷ്ടപരിഹാരത്തിലും ബാങ്കുകളുടെ പിഴശിക്ഷ

car-flood

ടോട്ടൽ ലോസ് ആയ, ഫിനാൻസ് (ബാങ്ക് വായ്പ) ഉള്ള വാഹനങ്ങളുടെ നഷ്ടപരിഹാരം, ഫിനാൻസ് ചെയ്ത ബാങ്കിന്റെ എൻഒസി ഇല്ലാതെ ഇൻഷുറൻസ് കമ്പനികൾക്ക് ഒത്തുതീർപ്പാക്കാനാവുകയില്ല. സ്വാഭാവികമായും ഇതിനായി, ബാങ്കിൽ അല്ലെങ്കിൽ ലോൺ എടുത്തിട്ടുള്ള ധനകാര്യ സ്ഥാപനത്തിലേക്ക് പോകുമ്പോഴാണ് മറ്റൊരു ‘ഇടിത്തീ’ പിഴ ശിക്ഷയുടെ രൂപത്തിൽ  കാത്തിരിക്കുന്നത്– പ്രീ പെയ്മെന്റ് ചാർജ് അഥവാ ഫോർക്ലോഷർ ചാർജ് (മുതലും പലിശയും കാലാവധിക്കുമുൻപേ അടച്ച് വായ്പ തീർക്കുമ്പോൾ ചുമത്തപ്പെടുന്ന പിഴ).

മിക്ക പൊതുമേഖലാ ബാങ്കുകൾക്കും ഇത്തരം പിഴ ഇല്ലെങ്കിലും സ്വകാര്യ ബാങ്കുകൾക്കും ന്യൂ ജനറേഷൻ ബാങ്കുകൾക്കും ബാങ്കിതര ധനസ്ഥാപനങ്ങൾക്കും ഇത്തരം ‘പിഴ’ നിലവിലുണ്ട്. വെള്ളപ്പൊക്കം മൂലം വാഹനം ടോട്ടൽ ലോസ് ആയതുകൊണ്ടുമാത്രമാണ് ലോൺ നേരത്തേ അടച്ച് ക്ലോസ് ചെയ്യുന്നത് എന്ന സത്യം സൗകര്യപൂ‍ർവം ഏവരും മറക്കുന്നു. പതിനായിരങ്ങൾ ഇതിന്റെ പേരിൽ ഉപഭോക്താവിന് പിഴയായി ചുമത്തുന്നു.ചുരുക്കം ചില ധനസ്ഥാപനങ്ങൾ പിഴക്കാര്യത്തിൽ വിവേചനാധികാരം അതത് ബ്രാഞ്ച് മാനേജർമാർക്ക് നൽകിയിട്ടുണ്ട് എന്നു പറയുന്നുണ്ടെങ്കിലും ഉപഭോക്താവിന് അനുകമ്പ ലഭിക്കുന്നില്ല. 

ലോൺ എടുത്തപ്പോൾ ഒപ്പിട്ടുകൊടുത്ത വിവിധ നിബന്ധനകളും വ്യവസ്ഥകളും ബാങ്കുകൾക്ക് പിഴ ചുമത്താനുള്ള പൂർണ അധികാരം നൽകുന്നുണ്ട്. വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന ശരാശരി മലയാളിക്കു താങ്ങാനാവാത്ത പിഴയാണ് ഇത്. ദുരിതാശ്വാസത്തിലും മറ്റും പരോക്ഷമായി ജനതയെ സഹായിക്കുന്ന വിവിധ ധനസ്ഥാപനങ്ങൾ, പ്രത്യക്ഷമായി ഉപഭോക്താവിൽ ചുമത്തിയിരിക്കുന്ന  ഈ പിഴ ഒഴിവാക്കാനും ശ്രമിക്കേണ്ടതുണ്ട്. 

∙ ഡോ.ബി.മനോജ് കുമാർ, അസോ.പ്രഫസർ, എസ്‌സിഎംഎസ്, കറുകുറ്റി.