ഹൈബ്രിഡ് സംവിധാനത്തിലെ തകരാർ സംശയിച്ച് ആഗോളതലത്തിൽ 24.30 ലക്ഷം സങ്കര ഇന്ധന കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ തയാറെടുക്കുന്നു. ഹൈബ്രിഡ് സംവിധാനത്തിലെ തകരാർ മൂലം കാർ നിശ്ചലമാവാൻ സാധ്യതയുണ്ടെന്നാണു ടൊയോട്ടയുടെ വിലയിരുത്തൽ. 2008 ഒക്ടോബറിനും 2014 നവംബറിനുമിടയ്ക്കു നിർമിച്ച ‘പ്രയസ്’, ‘ഓറിസ്’ കാറുകൾക്കാണു പരിശോധന ആവശ്യമായി വരിക.
പരിശോധിക്കേണ്ട വാഹനങ്ങളിൽ 12.50 ലക്ഷവും ജപ്പാനിൽ വിറ്റവയാണെന്നാണു ടൊയോട്ടയുടെ കണക്ക്. നോർത്ത് അമേരിക്കയിൽ വിറ്റ 8.30 ലക്ഷം വാഹനങ്ങൾക്കും യൂറോപ്പിൽ വിറ്റ 2.90 ലക്ഷം വാഹനങ്ങൾക്കും പരിശോധന ആവശ്യമാണ്. കൂടാതെ ചൈന, ആഫ്രിക്ക, ഓഷ്യാനിയ മേഖലകളിൽ വിറ്റു പോയ കാറുകളും തിരിച്ചുവിളിച്ചു പരിശോധിക്കാൻ ടൊയോട്ടയ്ക്കു പദ്ധതിയുണ്ട്.
ഹൈബ്രിഡ് സംവിധാനത്തിലെ തകരാറിന്റെ ഫലമായി വാഹനം അപൂർവമായി ‘ഫെയിൽസെയിഫ്’ ഡ്രൈവിങ് മോഡിലേക്കു മാറാത്ത സാഹചര്യമുണ്ടാവുമെന്നാണു ടൊയോട്ടയുടെ കണ്ടെത്തൽ. ഇങ്ങനെ സംഭവിക്കുന്ന പക്ഷം എൻജിനിൽ നിന്നുള്ള കരുത്തു ലഭിക്കാതെ കാർ നിശ്ചലമാവാനും സാധ്യതയുണ്ടെന്നു കമ്പനി മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഈ തകരാർ മൂലം ജപ്പാനിൽ അപകടങ്ങൾ സംഭവിക്കുകയോ ആർക്കെങ്കിലും പരുക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്തതായി അറിവില്ലെന്നും ടൊയോട്ട വ്യക്തമാക്കുന്നു.