എന്നെത്തും ക്രേറ്റയുടെ എതിരാളി ജീപ്പ് റെനഗേഡ്?

Jeep Renegade 2018

ജീപ്പിന്റെ ഇന്ത്യയിലെ ഏറ്റവും ചെറിയ വാഹനമാണ് കോംപസ്. ജീപ്പ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ച കോംപസിന് ശേഷം ചെറു എസ് യു വി റെനഗേഡിനെ ഇന്ത്യയിലെത്തിക്കുമെന്നായിരുന്നു വാർത്തകൾ. ഇതിനായി റെനഗേഡിന്റെ പരീക്ഷണയോട്ടങ്ങളും കമ്പനി ആരംഭിച്ചിരുന്നു. എന്നാൽ റെനഗേഡിന്റെ വരവ് നീണ്ടേക്കും.  ഈ വർഷം വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വാഹനം അടുത്ത വർഷം അവസാനത്തോടെയെ എത്തു എന്നാണ് പ്രതീക്ഷിക്കുന്നത്. 

മികച്ച സ്റ്റൈലും കരുത്തുറ്റ എൻജിനുമായി എത്തുന്ന ചെറു ജീപ്പിന്റെ വില 15 ലക്ഷത്തിൽ ഒതുക്കാനാകും കമ്പനി ശ്രമിക്കുക. സെപ്റ്റംബറിലാണ് പുതിയ ജീപ്പ് റെനഗേഡ് രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങിയത്.  പുതിയ ഡേറ്റംറണ്ണിങ് ലാംപുകൾ, ജീപ്പിന്റെ പരമ്പരാഗത രൂപം എന്നിവയുടണ് പുതിയ വാഹനത്തിന്.  റെനഗേഡിനെ കൂടാതെ ബ്രെസയുടെ ഏതിരാളിയായ കോംപാക്റ്റ് സെ‍ഡാനും 2020 ൽ ജീപ്പ് ഇന്ത്യയിലെത്തിക്കും. 

കോംപസിനെ നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിക്കുന്ന റെനഗേഡിന് 4232 എംഎം നീളവും 2022 എംഎം വീതിയുമുണ്ടാകും. ക്രേറ്റയെക്കാൾ 40 എംഎം നീളക്കുറവും 242 എംഎം വീതി കൂടുതലുമാണ് റെനഗേഡിന്. കോംപസിൽ ഉപയോഗിക്കുന്ന എൻജിനുകൾ തന്നെയാണ് റെനഗേഡിലും. തുടക്കത്തിൽ 140 ബിഎച്ച്പി കരുത്തുൽപ്പാദിപ്പിക്കുന്ന 2 ലീറ്റർ‌ ഡീസൽ എൻജിനും 1.4 ലീറ്റർ പെട്രോൾ എൻജിനായിരിക്കുമെങ്കിലും പിന്നീട് 1.6 ലീറ്റർ മൾട്ടി ജെറ്റ് എൻജിനും എത്തിയേക്കാം. ഹ്യുണ്ടേയ് ക്രേറ്റയോടായിരിക്കും റെനഗേഡ് പ്രധാനമായും മത്സരിക്കുന്നത്.