പിക് അപ് ട്രക്കായ ‘ബൊലേറൊ’യുടെ പരിഷ്കരിച്ച പതിപ്പ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) പുറത്തിറക്കി. 6.7 ലക്ഷം രൂപ മുതലാണു ഡൽഹിയിലെ ഷോറൂം വില. കാർഗോ ഡെക്കിനു നീളമേറിയതോടെ ഭാരവാഹക ശേഷി 1,700 കിലോഗ്രാം വരെയായി വർധിച്ചിട്ടുണ്ട്. അകത്തളം പരിഷ്കരിച്ചതിനൊപ്പം യാത്രാസുഖത്തിനായി സീറ്റുകളും മെച്ചപ്പെടുത്തി.
വ്യത്യസ്ത ബോഡി ശൈലികളും കാർഗോ ബോക്സ് നീളങ്ങളുമായി വിവിധ പേ ലോഡ് ശേഷിയിലാണ് ‘ബൊലേറൊ’ പിക് അപ് ട്രക്ക് എത്തുന്നത്. ഉപയോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങൾ മുൻനിർത്തി 1,300 കിലോഗ്രാം, 1,500 കിലോഗ്രാം, 1,700 കിലോഗ്രാം ഭാരവാഹക ശേഷികളിൽ ‘ബൊലേറൊ’ ലഭ്യമാണ്. ഇരട്ട ബെയറിങ് ആക്സിൽ, കരുത്തേറിയ ഒൻപതു സ്പ്രിങ് സസ്പെൻഷൻ, വീതിയേറിയ ടയർ തുടങ്ങിയവയും ഈ ‘ബൊലേറൊ’യിലുണ്ട്.
മഹീന്ദ്രയുടെ അടിസ്ഥാന മൂല്യങ്ങൾ കൂടുതൽ ശക്തമാക്കാൻ മഹാ ‘ബൊലേറൊ’ പിക് അപ് ട്രക്കിനു സാധിക്കുമെന്ന് എം ആൻഡ് എം ഓട്ടമോട്ടീവ് ഡിവിഷൻ വിൽപ്പന, വിപണന വിഭാഗം മേധാവി വീജേ നക്ര അഭിപ്രായപ്പെട്ടു. കുറഞ്ഞ പരിപാലന ചെലവിലൂടെ ഉപയോക്താക്കൾക്കു കൂടുതൽ വരുമാനം നേടിക്കൊടുക്കാനും ‘ബൊലേറൊ’യ്ക്കു സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പിക് അപ് വിഭാഗത്തിൽ 62% വിപണി വിഹിതമാണു മഹീന്ദ്ര അവകാശപ്പെടുന്നത്. ഇതുവരെ 10 ലക്ഷത്തിലേറെ ‘ബൊലേറൊ’ പിക് അപ് ട്രക്കുകളാണു കമ്പനി ഇതു വരെ വിറ്റഴിച്ചത്.