ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ സാങ്യങ്ങിൽ നിന്നുള്ള അടുത്ത തലമുറ ‘റെക്സ്റ്റൻ ജി ഫോർ’ ഇന്ത്യയിലെത്തുക മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ്) ശ്രേണിയിലെ എസ് യു വിയെന്ന നിലയിലാവുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ‘വൈ 400’ എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന എസ് യു വിക്കു പേരു കണ്ടെത്തുമ്പോൾ നിലവിലുള്ള രീതി ഉപേക്ഷിക്കാനും മഹീന്ദ്ര തയാറെടുക്കുന്നുണ്ടെന്നാണു സൂചന.
അക്ഷരങ്ങൾക്കൊപ്പം അക്കങ്ങളും ചേർത്തും ‘ഒ’ എന്ന അക്ഷരത്തിൽ അവസാനിക്കുന്ന രീതിയിലുമാണ് ഇതുവരെ മഹീന്ദ്ര എസ് യു വികൾക്കു പേരു കണ്ടെത്തിയിരുന്നത്. അതുകൊണ്ടുതന്നെ ‘റെക്സ്റ്റ’ന്റെ പുതിയ തലമുറ മോഡൽ ‘എക്സ് യു വി 700’ എന്ന് അറിയപ്പെടുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. ‘എക്സ് യു വി 500’ എസ് യു വിക്കു മുകളിൽ ഇടംപിടിക്കുന്ന ‘റെക്സ്റ്റ’ന്റെ മത്സരമാവട്ടെ ടൊയോട്ട ‘ഫോർച്യൂണറി’നോടും ഫോഡ് ‘എൻഡേവറി’നോടുമാവുമെന്നാണു വിലയിരുത്തൽ.
എന്നാൽ വേറിട്ട വ്യക്തിത്വം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോട ‘വൈ 400’ എസ് യു വിക്കു വ്യത്യസ്ത പേര് തിരഞ്ഞെടുക്കാനാണു മഹീന്ദ്ര ഒരുങ്ങുന്നതെന്നാണു സൂചന. അടുത്തയിടെ വിപണിയിലെത്തിയ ആദ്യ വിവിധോദ്ദേശ്യവാഹനത്തിന് കേൾക്കുമ്പോൾ ഇറ്റാലിയനെന്നു തോന്നുന്ന ‘മരാസൊ’ എന്ന പേരായിരുന്നു മഹീന്ദ്ര തിരഞ്ഞെടുത്തത്; ഈ പേര് സമൂഹ മാധ്യമങ്ങളിൽ പ്രതീക്ഷിച്ചതിലേറെ തരംഗം സൃഷ്ടിച്ചെന്നും കമ്പനി കരുതുന്നു. ഇഷ്ടമായാലും ഇല്ലെങ്കിലും ‘മരാസൊ’ എന്ന പേര് അവഗണിക്കാനാവാത്ത സാഹചര്യമാണു സംജാതമായതെന്നും മഹീന്ദ്ര കരുതുന്നു. പേരിൽ ആകൃഷ്ടരായി പലരും ഡീലർഷിപ്പുകളിലെത്തിയെന്നും മഹീന്ദ്ര അവകാശപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ എസ് യു വിക്കും സമാനമായ പേരു തേടാൻ മഹീന്ദ്ര തയാറെടുക്കുന്നത്.
പ്രകോപനപരമായ പേരിലൂടെ പുത്തൻ എസ് യു വി ചർച്ചാവിഷയമാക്കാനാണു മഹീന്ദ്ര ലക്ഷ്യമിടുന്നതെന്നു കമ്പനി മേധാവി പവൻ ഗോയങ്കയും സൂചന നൽകിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങളിലേക്കു കടന്നില്ലെങ്കിലും പുതിയ എസ് യു വിയുടെ പേര് ‘ഒ’ എന്ന അക്ഷരത്തിലാവില്ല അവസാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അക്ഷരങ്ങളും അക്കങ്ങളും ചേർത്തു പേരിടുന്ന രീതി 2011ൽ വിപണിയിലെത്തിയ ‘എക്സ് യു വി 500’ മുതലാണു മഹീന്ദ്ര സ്വീകരിച്ചത്. തുടർന്ന് വിപണിയിലെത്തിയ ‘ടി യു വി 300’, ‘കെ യു വി 100’ എന്നിവയിലും കമ്പനി ഇതേ ശൈലി പിന്തുടർന്നു. എന്നാൽ നേരത്തെ വിൽപ്പനയ്ക്കെത്തിയ ‘ബൊലേറൊ’, ‘സ്കോർപിയൊ’ തുടങ്ങിയവയെ ഈ രീതിയിലേക്കു മാറ്റാനും മഹീന്ദ്ര ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്.