ഇത് ലാൻഡ് റോവറോ അതോ ടാറ്റയോ? ഹാരിയറിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

Tata Harrier

ടാറ്റയുടെ പ്രീമിയം എസ് യു വി ഹാരിയറിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്. ലാൻഡ് റോവറിൽ നിന്നു സാങ്കേതിക സഹായം സ്വീകരിച്ച് ടാറ്റ നിർമിക്കുന്ന ആദ്യ ഹാരിയർ ഫാക്ടറിയിൽ നിന്നു പുറത്തിറക്കിക്കൊണ്ടാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. എച്ച്5എക്സ് എന്ന കോഡുനാമത്തിൽ അറിയപ്പെട്ടിരുന്ന വാഹനം നിർമിക്കുന്ന വിഡിയോയും ടാറ്റ പുറത്തുവിട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിലാണ് ഹാരിയറിനെ ആദ്യമായി പ്രദർശിപ്പിച്ചത്.

Tata Harrier

നേരത്തെ ഹാരിയർ ബുക്കിങ് ടാറ്റ സ്വീകരിച്ചു തുടങ്ങിയിരുന്നു. അടുത്ത വർഷം ആദ്യം ഹാരിയർ വിപണിയിലെത്തും. ‌30000 രൂപ നൽകിയാണ് ഹാരിയറിന്റെ ബുക്കിങ്ങുകൾ സ്വീകരിക്കുന്നത്. ജനുവരി ആദ്യം വാഹനം വിപണിയിലെത്തും. ഏകദേശം 13 ലക്ഷം മുതൽ 18 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന വാഹനം ക്രേറ്റ മുതൽ ജീപ്പ് വരെയുള്ള വാഹനങ്ങൾക്ക് ഭീഷണിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജാഗ്വർ ലാൻഡ്റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയ ഒമേഗ പ്ലാറ്റ്ഫോമിലാണ് നിർമാണം. റേഞ്ച് റോവർ ഇവോക്, ലാൻഡ് റോവർ ഡിസ്കവറി സ്പോർട്സ്, ജാഗ്വർ ഇ പെയ്സ് തുടങ്ങിയ വാഹനങ്ങളെല്ലാം നിർമിച്ചത് ഡി 8 പ്ലാറ്റ് ഫോമിലാണ്. ടാറ്റയുടെ ഇംപാക്റ്റ് ഡിസൈൻ 2.0 പ്രകാരം ഡിസൈൻ ചെയ്ത ആദ്യ വാഹനമാണ് ഹാരിയർ.

ഏതു തരത്തിലുള്ള റോഡുകളിലൂടെയും അനായാസം സഞ്ചരിക്കാൻ പ്രാപ്തനായിരിക്കും ഹാരിയർ എന്നാണ് ടാറ്റ പറയുന്നത്. ഇതിനായി പ്ലാറ്റ്ഫോമിനെ കൂടുതൽ ഓപ്റ്റിമൈസ് ചെയ്തിട്ടുണ്ട്. ലാൻഡ് റോവറിന് സമാനമായി ഫ്ലോർ പ്ലാനും സ്റ്റിയറിങ്ങും ഗിയറുകളും ഓള്‍ ഇൻഡിപെൻഡന്റ് സസ്പെൻഷനും. അതുപോലെ തന്നെ ബോഡി ഘടകങ്ങളും ഉപയോഗിച്ചിട്ടുണ്ട്. സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയുമില്ല. സുരക്ഷ ഉറപ്പാക്കുന്ന ഡിസൈനാണ് ക്രംപിൾ സോണിന്. കൂടാതെ കരുത്തേറിയ സ്റ്റീലും ഉപയോഗിക്കുന്നു. അപകടങ്ങളില്‍ ആഘാതം ക്യാബിനിലേക്ക് കടക്കാതിരിക്കാന്‍ ഫലപ്രദമായ മുന്‍കരുതലുകള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്.

ടാറ്റയുടെ ഇംപാക്റ്റ് ഡിസൈൻ 2.0 പ്രകാരം ഡിസൈൻ ചെയ്ത ആദ്യ വാഹനമാണ് ഹാരിയർ. ജീപ്പ് കോംപസിൽ ഉപയോഗിക്കുന്ന ഫിയറ്റിന്റെ 2.0 ലീറ്റർ 140 ബിഎച്ച്പി ഡീസൽ എൻജിൻ ഉപയോഗിക്കുന്ന ഹാരിയറിൽ 6 സ്പീഡ് മാനുവൽ ട്രാൻമിഷനും 9 സ്പീ‍ഡ് ഓട്ടമാറ്റിക്ക് ട്രാൻസ്മിഷനുമുണ്ട്. 2 ലീറ്റർ എൻജിന്റെ 170 ബിഎച്ച്പി വകഭേദവും പിന്നീട് വിപണിയിലെത്തും. മുൻ വീൽ ഡ്രൈവ്, നാലു വീൽ ഡ്രൈവ് മോഡലുകളും ഹാരിയറിനുണ്ട്. ലാൻഡ് റോവറിന്റെ ടെറൈൻ റെസ്പോൺസ് സിസ്റ്റത്തോടു കൂടിയ ടാറ്റ വികസിപ്പിച്ച ഓൾവീൽ ഡ്രൈവ് സിസ്റ്റമാണ് ഉപയോഗിക്കുക. വ്യത്യസ്ത ഡ്രൈവ് മോഡുകളുമുണ്ടാകും.