മഹീന്ദ്രയുടെ പ്രീമിയം എസ്‌യുവിയുടെ പേര് അൽടുറാസ്. സാങ്‍യോങ് റെക്സ്റ്റണെ അടിസ്ഥാനമാക്കി മഹീന്ദ്ര പുറത്തിറക്കുന്ന എസ് യു വിയുടെ പേര് ഇൻഫെർണോ എന്നാകുമെന്നായിരുന്നു സൂചനകൾ. എന്നാൽ ഇപ്പോൾ അൽടുറാസ് എന്നായിരിക്കും പുതിയ എസ് യു വി അറിയപ്പെടുക എന്നാണ് വാർത്തകൾ. ഈ മാസം 19 ന് വാഹനം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലുമത് 24 ലേയ്ക്ക് നീട്ടിയിട്ടുണ്ട്.
പുതിയ പ്രീമിയം എസ് യു വിക്കു പേരു തിരഞ്ഞെടുക്കുമ്പോൾ പതിവു ശൈലി കൈവിടുമെന്നു മഹീന്ദ്ര തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു; സാധാരണ ഗതിയിൽ അക്ഷരങ്ങളും അക്കങ്ങളും കൂട്ടിക്കലർത്തിയും ‘ഒ’ എന്ന അക്ഷരത്തിൽ അവസാനിക്കുന്ന വിധത്തിലുമാണു കമ്പനി എസ് യു വികൾക്കു പേരു നിശ്ചയിക്കാറുള്ളത്.
പ്രീമിയം എസ് യു വി വിപണിയിൽ ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡേവർ, ഇസൂസു എം യു–എക്സ് തുടങ്ങിയവയോടാവും മഹീന്ദ്രയിൽ നിന്നുള്ള പുതുമുഖത്തിന്റെ പോരാട്ടം. സാങ്‍യോങ്ങിന്റെ മുസൊ പിക് അപ് ട്രക്കിന് അടിത്തറയാവുന്ന അഡ്വാൻസ്ഡ് ഹൈ സ്ട്രെങ്ത് സ്റ്റീൽ ബോഡി ഓൺ ഫ്രെയിം പ്ലാറ്റ്ഫോമാണ് പുതിയ എസ് യു വിക്കും മഹീന്ദ്ര ഉപയോഗിക്കുക. രാജ്യാന്തര വിപണിയിലെ നാലാം തലമുറ റെക്സ്റ്റണാണ് അൽടുറാസ് എന്ന പേരിൽ വിപണിയിലെത്തുക. 4850 എം എം നീളവും 1960 എം എം വീതിയും 1800 എം എം ഉയരവുമാണു ‘ജി ഫോർ റെക്സ്റ്റനുള്ളത്. 2,865 എം എമ്മാണു വീൽബേസ്.
എസ് യു വിക്കു കരുത്തേകുക 2.2 ലീറ്റർ ടർബോ ഡീസൽ എൻജിനാവും; 187 ബി എച്ച് പിയോളം കരുത്തും 420 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. മെഴ്സീഡിസിൽ നിന്നു കടമെടുത്ത ഏഴു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ.