എല്ലാ ആളുകളും ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനമോടിച്ചാലേ മികച്ച ട്രാഫിക് സംസ്കാരം വളർത്തി എടുക്കാൻ സാധിക്കൂ. അബദ്ധത്തിൽ ചിലപ്പോഴൊക്കെ ഒന്നു രണ്ടു പ്രാവാശ്യമൊക്കെ ട്രാഫിക് നിയമം ലംഘിക്കുന്നത് മനസിലാക്കാം. എന്നാൽ അത് ഒരു ശീലമായി മാറുകയാണെങ്കിൽ റോഡിലെ മറ്റുള്ളവർക്കും ബുദ്ധിമുട്ടായി മാറും. ട്രാഫിക് നിയമ ലംഘനം തുടർക്കഥയാക്കി മാറ്റിയ ഒരാളുടെ വാർത്തയാണ് ഹൈദരാബാദിൽ നിന്ന് പുറത്തുവരുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് എകദേശം 135 തവണയാണ് കൃഷ്ണ പ്രകാശ് എന്നയാൾ ട്രാഫിക് നിയമം ലംഘിച്ചത്. നിയമം ലംഘിച്ചു എന്ന് മാത്രമല്ല ഇത്രയും കാലമായിട്ടും ഫൈൻ അടച്ചിട്ടുമില്ല. ടിഎസ്01 ഇഡി 9176 എന്ന ബൈക്കിലാണ് ഈ 135 പ്രാവശ്യവും നിയമ ലംഘനം നടത്തിയത്. 2016ലായിരുന്നു അവസാനമായി ഫൈൻ അടച്ചത് ഇതിനു ശേഷം രണ്ടു വർഷമായി ഫൈൻ അടയ്ക്കാതെ മുങ്ങിനടക്കുകയായിരുന്നു.
പൊലീസ് പ്രകാശിന്റെ ബൈക്ക് കണ്ടുകെട്ടി. ഏകദേശം 31556 രൂപയായിരുന്നു ഫൈൻ ഇനത്തിൽ അടയ്ക്കാനുള്ളത്. ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചതിനും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിനുമായിരിന്നു ഫൈനുകൾ ഏറെയും.