Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത ഇരുചക്രവാഹന വിൽപ്പനയിൽ വൻമുന്നേറ്റം

Okinawa Ridge Plus Okinawa Ridge Plus

രാജ്യത്തെ വൈദ്യുത വാഹന(ഇ വി) വിൽപ്പനയിൽ ഗണ്യമായ വർധനയെന്നു കണക്കുകൾ. ബാറ്ററിയിൽ ഓടുന്ന ഇരുചക്രവാഹന വിൽപ്പന കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷത്തിനിടെ ഇരട്ടിയോളമായി ഉയർന്നപ്പോൾ നലു ചക്രവാഹന വിഭാഗത്തിൽ ഇ വി വിൽപ്പന ഇടിയുകയായിരുന്നു. വൈദ്യുത വാഹന നിർമാതാക്കളുടെ സൊസൈറ്റി(എസ് എം ഇ വി)യുടെ കണക്കനുസരിച്ച് 2015 — 16 സാമ്പത്തിക വർഷത്തെ വൈദ്യുത ഇരുചക്രവാഹന വിൽപ്പന 20,000 യൂണിറ്റായിരുന്നു. 2016 — 17ൽ ഇത് 23,000 യൂണിറ്റായി ഉയർന്നു. എന്നാൽ 2017 — 18ൽ വൈദ്യുത ഇരുചക്രവാഹന വിൽപ്പന 54,800 യൂണിറ്റായി ഉയർന്നെന്ന് എസ് എം ഇ വി വെളിപ്പെടുത്തുന്നു.

എന്നാൽ ബാറ്ററിയിൽ ഓടുന്ന നാലു ചക്രവാഹന വിൽപ്പനയിൽ കാര്യമായ മുന്നേറ്റമില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 2015 — 16ൽ രാജ്യത്ത് 2,000 വൈദ്യുത കാർ വിറ്റത് 2016 — 17ലും ഇതേ നിലവാരത്തിൽ തുടർന്നു. പോരെങ്കിൽ 2017 — 18 ആയതോടെ വിൽപ്പന 1,200 യൂണിറ്റായി കുറയുകയും ചെയ്തു.  ഇതോടെ 2015 — 16ൽ മൊത്തം 22,000 വൈദ്യുത വാഹനങ്ങൾ വിറ്റത് 2016 — 17ൽ 25,000 എണ്ണമായും കഴിഞ്ഞ സാമ്പത്തിക വർഷം 56,000 യൂണിറ്റായും വർധിച്ചു. 

രാജ്യത്തെ വൈദ്യുത വാഹന നിർമാതാക്കളിൽ പേരും പെരുമയുമുള്ളതു മഹീന്ദ്ര ഇലക്ട്രിക്കിനു മാത്രമാണ്. ‘ഇ വെരിറ്റൊ’, ‘ഇ ടു ഒ’, ‘ഇ സുപ്രൊ’, ‘ഇ ആൽഫ’ തുടങ്ങിയവയാണു കമ്പനി വിൽപ്പനയ്ക്കെത്തിക്കുന്നത്. മഹീന്ദ്ര കഴിഞ്ഞാൽ പിന്നെ ടാറ്റ മോട്ടോഴ്സിനു മാത്രമാണു വൈദ്യുത വാഹന വിഭാഗത്തിൽ കാര്യമായ സാന്നിധ്യമുള്ളത്. കേന്ദ്ര സർക്കാർ ഓഫിസുകളുടെ ഉപയോഗത്തിനായി 10,000 വൈദ്യുത കാർ വാങ്ങാൻ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ്(ഇ ഇ എസ് എൽ) നടത്തിയ ടെൻഡർ നേടിയതോടെയാണ് കമ്പനി ഈ മേഖലയിൽ സജീവമാകുന്നത്. ബജാജ് ഓട്ടോ ലിമിറ്റഡും മഹീന്ദ്രയും പുതിയ വൈദ്യുത റിക്ഷകൾ പുറത്തിറക്കാൻ ഒരുങ്ങുന്നുണ്ട്.