Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോപ്പുലര്‍ റാലി 2018 ഡിസംബര്‍ 13-ന് കൊച്ചിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും

popular-rally Popular Rally

കൊച്ചി∙ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസസ് ലിമിറ്റഡിന്റെ പോപ്പുലര്‍ റാലി 2018 ഈ വർഷം മുതൽ ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാകുന്നു. റാലിയുടെ ഫ്‌ളാഗ് ഓഫ് ഡിസംബര്‍ 13 ന് ഹോട്ടല്‍ ലെ മെരീഡിയനില്‍ നടക്കും. തുടർന്ന് ഇടുക്കിയിലെത്തുന്ന റാലി ഡിസംബര്‍ 15-ന് മുണ്ടക്കയം ഒമ്പത് സ്‌പെഷ്യല്‍ സ്റ്റേജുകളിൽ പെർഫോം ചെയ്യും. 16-ന് രാവിലെ നടക്കുന്ന 2 സ്‌പെഷ്യല്‍ സ്റ്റേജുകള്‍ക്കു ശേഷം റാലി ഡ്രൈവര്‍മാര്‍ കൊച്ചിയില്‍ തിരിച്ചെത്തി ഒരു സൂപ്പര്‍ സ്‌പെഷ്യല്‍ സ്റ്റേജ് കൂടി അവതരിപ്പിച്ച് വിജയികളെ പ്രഖ്യാപിക്കും. 2010 നുശേഷം കേരളം  ആദ്യമായാണ് ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പിന് (ഐ.എന്‍.ആര്‍.സി) വേദിയാകുന്നത്. ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്ട്‌സ് ക്ലബ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പിന്റെ അഞ്ചാമത്തെയും അവസാനത്തെയും പാദമല്‍സരത്തിനാണ് ഇത്തവണത്തെ പോപ്പുലര്‍ റാലി വേദിയാകുന്നത്. ഇതിലൂടെ പോപ്പുലര്‍ റാലി രാജ്യത്തെ മുന്‍നിര റാലികളുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുമെന്ന് പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസസിന്റെ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ കെ പോള്‍ പറഞ്ഞു. 

രാജ്യത്തെ എല്ലാ മുന്‍നിര ഡ്രൈവര്‍മാരും, ഐഎന്‍ആര്‍സിയില്‍ നിലവിലെ ഏറ്റവും വലിയ ടീം ചാംപ്യന്‍സ് ഉള്‍പ്പടെ, ഫാക്ടറി ടീമുകളായ മഹീന്ദ്ര,ഫോക്‌വാഗണ്‍, ടോയോട്ട, എന്നിവരെയെല്ലാം ഇക്കുറി പ്രതീക്ഷിക്കുന്നുണ്ട്. ലോക ചാംപ്യന്‍ഷിപ്പ്-2 വിഭാഗത്തില്‍ നിലവിലെ മല്‍സരാര്‍ത്ഥിയും, മൂന്ന് തവണ ഏഷ്യ-പസിഫിക്ക് റാലി ചാംപ്യനുമായ ഗൗരവ് ഗില്‍, യൂറോപ്പ്യന്‍ റാലി ചാംപ്യന്‍ഷിപ്പില്‍ നിലവില്‍ മല്‍സരിക്കുന്ന അമിത്ത്രജിത് ഘോഷ്, എന്നിവര്‍ ടീം മഹീന്ദ്രയ്ക്കായി അണിനിരക്കും. ചാംപ്യന്‍ ഡ്രൈവര്‍മാരായ കര്‍ണ്ണ കടൂര്‍, ഡീന്‍ മസ്‌കരേനസ്, വിക്രം റാവു, രാഹുല്‍ കന്ത്രാജ്, അര്‍ജ്ജുന്‍ റാവു, തുടങ്ങിയവരും റാലിയില്‍ പങ്കെടുക്കും. കേരള ഡ്രൈവര്‍മാരെ നയിക്കുക നിലവിലെ നാഷണല്‍ ഓട്ടോക്രോസ് റേസിങ്ങ് ചാംപ്യന്‍ ഡോ.ബിക്കു ബാബു ആയിരിക്കും. അദ്ദേഹത്തോടൊപ്പം യൂനിസ് ഇല്യാസ്, ജേക്കബ് കെ.ജെ.,അദിത് കെ.സി, റബിദ് അഹമര്‍, നിബു സയ്യീദ്,, നൗഫല്‍ സയ്യീദ് എന്നിവരും മാറ്റുരയ്ക്കും. 

മത്സരാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, കാണികള്‍, പൊതുസ്വത്ത് - ഇതിന്റെയെല്ലാം സുരക്ഷയ്ക്കായി  പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റാലിയുമായി ബന്ധപ്പെട്ട മാര്‍ഷല്‍സ് എല്ലാവരും പരിശീലനം ലഭിച്ചവരും, വിവിധ മേട്ടോര്‍സ്‌പോര്‍ട്ട്‌സ് വിഭാഗങ്ങളില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ളവരും, ഏത് അത്യാഹിതത്തെയും നേരിടാന്‍ പ്രാപ്തരായവരുമാണ്. ഇവര്‍ക്കായി  പ്രത്യേക ട്രെയിനിങ് പരിപാടിയും നടത്തും. സ്‌പെഷ്യല്‍ സ്റ്റേജിലുടനീളം കാണികളെ നിയന്ത്രിക്കുന്നതിനും, സുരക്ഷിതമായ ഇടങ്ങളില്‍ നിന്ന് റാലി വീക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ഏകദേശം 100 മാര്‍ഷലുകളെ നിയോഗിക്കും. റാലിയുടെ മെഡിക്കല്‍ പാര്‍ട്ട്ണറായ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടര്‍മാരുടെ ടീം, 4 ട്രോമാ ആംബുലന്‍സുകളുടെ സഹായത്തോടെ കര്‍മ്മനിരതരായിരിക്കും. കൂടാതെ സമീപപ്രദേശത്തുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളെ റാലി നടക്കുന്ന വിവരം അറിയിച്ചിട്ടുള്ളതും, ആവശ്യമെങ്കില്‍ അവരുടെ സേവനം കൂടി ഉറപ്പുവരുത്തുകയും ചെയ്യും. റാലി കടന്നു പോകുന്ന വഴിമധ്യേ ഉള്ള പ്രദേശങ്ങളില്‍ റാലിയെ സംബന്ധിച്ചുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ച് വരികയാണ്. സ്‌പെഷ്യല്‍ സ്റ്റേജിന് സമീപത്തുള്ള എല്ലാ വീടുകളിലും പ്രത്യേകം നോട്ടീസ് വിതരണം നടത്തി അവരെ റാലി ഷെഡ്യൂളിനെ പറ്റിയും അവര്‍ കൈക്കൊള്ളേണ്ട സുരക്ഷാ മുന്‍കരുതലുകളെ കുറിച്ചും ബോധ്യപ്പെടുത്തിയിട്ടുണ്ട്. റാലിയുടെ നടത്തിപ്പിന്  പോലീസ്, ഫയര്‍, ഗതാഗതം, വനം-പരിസ്ഥിതി തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ പോപ്പുലര്‍ റാലി നടത്തുന്നത് സതേണ്‍ അഡ്വഞ്ചേഴ്‌സ് ആന്റ് മോട്ടോര്‍ സ്‌പോര്‍ട്ട്‌സ് ആണ്. ഹോസ്പിറ്റാലിറ്റി പാര്‍ട്ട്ണര്‍ ലെ മെരീഡിയന്‍ ഹോട്ടലാണ്.  ഗ്ലോറിയ മഹേഷ്, ജോര്‍ജ് വര്‍ഗീസ്, ബോണി തോമസ്, സാബു രാമന്‍ തുടങ്ങിയവരും റാലി പ്രഖ്യപനത്തില്‍ പങ്കെടുത്തു.