മാസങ്ങൾക്കുള്ളിൽ വൈദ്യുത വാഹനങ്ങൾ(ഇ വി) നിരത്തിലെത്തുമെന്നു ഹിന്ദൂജ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്‌ലൻഡ്. വൈദ്യുത വാഹന നിർമാണത്തിനുള്ള ശാല ചെന്നൈയിൽ സജ്ജമായെന്നും അടുത്ത ജനുവരിയിൽ അത്തരം വാഹനങ്ങൾ ഗുജറാത്തിൽ ഓടിത്തുടങ്ങുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ വിനോദ് കെ ദാസരി വെളിപ്പെടുത്തി. ജനുവരിയിൽ നടക്കുന്ന ‘വൈബ്രന്റ് ഗുജറാത്ത്’ ആഗോള സംഗമത്തോടനുബന്ധിച്ചാവും കമ്പനിയുടെ വൈദ്യുത വാഹനങ്ങൾ പുറത്തെത്തുകെയന്നും അദ്ദേഹംവ ശദീകരിച്ചു. ഗുജറാത്ത് സർക്കാർ സംഘടിപ്പിക്കുന്ന ആഗോള സംഗമമായ ‘വൈബ്രന്റ് ഗുജറാത്തി’ന്റെ ഒൻപതാം പതിപ്പാണ് അടുത്ത ജനുവരിയിൽ നടക്കുന്നത്.
ആന്ധ്ര പ്രദേശിലെ നിർദിഷ്ട പ്ലാന്റ് നിർമാണവും ഏറെക്കുറെ പൂർത്തിയായെന്നു ദാസരി വെളിപ്പെടുത്തി. പദ്ധതി പ്രദേശത്തേക്കുള്ള റോഡുകളുടെ നിർമാണം സംസ്ഥാന സർക്കാർ പൂർത്തിയാക്കാനാണ കമ്പനി കാത്തിരിക്കുന്നത്. വൈദ്യുത വാഹനങ്ങളും ഏതു തരം ബസ്സുകളും ഈ ശാലയിൽ നിർമിക്കാനാവുമെന്നും ദാസരി വ്യക്തമാക്കി. അടുത്ത തലമുറ എൽ സി വികൾ യാഥാർഥ്യമാക്കാൻ ലഘു വാണിജ്യ വാഹന വിഭാഗത്തിൽ കനത്ത നിക്ഷേപമാണു കമ്പനി നടത്തിയിരിക്കുന്നതെന്നും ദാസരി അറിയിച്ചു. ഈ മോഡലുകൾ 2020ൽ പുറത്തെത്തുമെന്നാണു പ്രതീക്ഷ.
പ്രതിരോധ മേഖലയിലാവട്ടെ പങ്കെടുത്ത ടെൻഡറുകളൊക്കെ സ്വന്തമാക്കാൻ കമ്പനിക്കു സാധിച്ചെന്നും ദാസരി അവകാശപ്പെട്ടു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ പ്രതിരോധ മേഖലയിൽ നിന്നുള്ള 31 ടെൻഡറുകളാണു കമ്പനി സ്വന്തമാക്കിയത്. അതേസമയം ഉരുക്കിന്റെയും മറ്റ് അസംസ്കൃത വസ്തുക്കളുടെയും വിലയേറുന്നതു കമ്പനിക്കു വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് അശോക് ലേയ്ലൻഡ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ ഗോപാൽ മഹാദേവൻ അഭിപ്രായപ്പെട്ടു. ഇതിനെ മറികടക്കാൻ കമ്പനി തുടർച്ചയായി വാഹന വില വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തിനിടെ വാഹന വിലയിൽ ഘട്ടം ഘട്ടമായി മൊത്തം 12 — 15% വില വർധന പ്രാബല്യത്തിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.