മൂന്നു വർഷത്തിനുള്ളിൽ മോഷ്ടിച്ചത് ഏകദേശം 10000 ആഡംബര കാറുകൾ. അവസാന അഞ്ചു ദിവസം മോഷ്ടിച്ചത് 25 കാറുകൾ. മീററ്റ് സ്വദേശികളായ മുഹമ്മദ് ആരിഫ് (22), മുഹമ്മദ് കാലു (22), മുഹമ്മദ് അമിർ (23) എന്നീ യുവാക്കളുടെ കഥകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് ഡൽഹി പൊലീസ്. കീർത്തി നഗർ പൊലീസ് സ്റ്റേഷൻ പരിതിയിൽ നിന്ന് മോഷണം പോയ കാറുകളെക്കുറിച്ച് അന്വേഷിച്ച പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
മോഷ്ടിച്ച കാറിൽ ജിപിഎസ് ഘടിപ്പിച്ചതാണ് ഇവർക്ക് വിനയായത്. ഏകദേശം 390 കിലോമീറ്റർ ഇവരെ പിന്തുടർന്ന പോലീസ് മൂന്നു പേരെയും കൈയ്യോടെ പിടിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ മൂന്നു വർഷത്തിൽ ഏകദേശം 10000 വാഹനങ്ങൾ ഇവർ മോഷ്ടിച്ചു എന്നു കണ്ടെത്തിയത്. പ്രധാനമായും ആഡംബര കാറുകൾ ലക്ഷ്യം വെയ്ക്കുന്ന ഇവരിൽ നിന്ന് രണ്ടു ഫോർച്യൂണർ അടക്കം 5 വാഹനങ്ങൾ കണ്ടെത്തുകയും ചെയ്തു.
മോഷ്ടിച്ച വാഹനങ്ങൾ എൻജിൻ നമ്പറും ചെയ്സ് നമ്പറും മാറ്റി വിൽക്കാറാണ് പതിവെന്നാണ് ഇവർ പറയുന്നത്. ഒഡീസ, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ വിൽക്കാറെന്നും പറയുന്നു.