വരുംവർഷങ്ങളിൽ രാജ്യത്തു പ്രാബല്യത്തിലെത്തുന്ന ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം കൈവരിച്ചതായി വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്‌ലൻഡ്. കമ്പനിയുടെ ഇടത്തരം, ഭാര വാണിജ്യ വാഹന(എം ആൻഡ് എച്ച് സി വി) ശ്രേണി പൂർണമായും മലിനീകരണ നിയന്ത്രണത്തിൽ ബി എസ് ആറ് നിലവാരം കൈവരിക്കുമെന്നും കമ്പനി അറിയിച്ചു. ഇതോടെ 2020ൽ നിലവിൽ വരുന്ന ബി എസ് ആറ് നിലവാരം കൈവരിക്കാൻ കമ്പനി സജ്ജമായെന്നും അശോക് ലേയ്ലൻഡ് വ്യക്തമാക്കി.
വാണിജ്യ വാഹന ശ്രേണിക്ക് പൂർണമായും ബി എസ് ആറ് നിലവാരം കൈവരിക്കാൻ കമ്പനിക്കു സാധിച്ചതായി ആഭ്യന്തര പരിശോധനകൾ വ്യക്തമാക്കിയെന്ന് അശോക് ലേയ്ലൻഡ് സീനിയർ വൈസ് പ്രസിഡന്റ് പ്രോഡക്ട് ഡവലപ്മെന്റ് എൻ ശരവണൻ അറിയിച്ചു. മികവു തെളിയിച്ച ‘ഐ ഇ ജി ആർ’ എൻജിൻ പ്ലാറ്റ്ഫോം അടിത്തറയാക്കിയാണു കമ്പനിയുടെ മുന്നേറ്റം. കഴിഞ്ഞ വർഷമാണ് അശോക് ലേയ്ലൻഡ് ഇന്റലിജന്റ് എക്സോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ(ഐ ഇ ജി ആർ) സാങ്കേതികവിദ്യ അവതരിപ്പിച്ചത്. ഭാരത് സ്റ്റേജ് ആറ് നിലവാരത്തിലേക്ക് ഈ സാങ്കേതികവിദ്യ അനായാസം ഉയർത്താനാവുമെന്നാണ് കമ്പനിയുടെ അവകാശവാദം.