അരങ്ങേറ്റം കുറിച്ച് ആദ്യ മാസം ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ പുതുകാറായ സാൻട്രോയെ തേടിയെത്തിയത് 38,500 ബുക്കിങ്. മൊത്തം ബുക്കിങ്ങിൽ 30 ശതമാനത്തോളം ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) പതിപ്പിനാണെന്ന് ഹ്യുണ്ടേയ് വെളിപ്പെടുത്തി. സമ്മർദിത പ്രകൃതി വാതക(സിഎൻജി)ത്തിൽ ഓടുന്ന സാൻട്രോയ്ക്ക് 18 ശതമാനത്തോളം ആവശ്യക്കാരുണ്ട്.
ഹ്യുണ്ടായ് ബ്രാൻഡിന്റെ യഥാർഥ പ്രതിഫലനമാണു പുത്തൻ സാൻട്രോയെന്ന് ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂ അഭിപ്രായപ്പെട്ടു. ഒക്ടോബർ 23ന് അരങ്ങേറ്റം കുറിച്ച കാറിന് ആവേശകരമായ വരവേൽപ്പാണു വിപണി നൽകിയതെന്നും അദ്ദേഹം വിലയിരുത്തി. പുതിയ കെ വൺ പ്ലാറ്റ്ഫോം അടിത്തറയാവുന്ന കാർ പഴയ സാൻട്രോയെ അപേക്ഷിച്ച് കൂടുതൽ വലുതും വീതിയേറിയതും സ്ഥലസൗകര്യമുള്ളതുമാണ്.
പിന്നിൽ പാർക്കിങ് കാമറ, ശബ്ദം തിരിച്ചറിയാനുള്ള സംവിധാനം, പിൻ സീറ്റിൽ എ സി വെന്റ്, ഇകോ കോട്ടിങ് സാങ്കേതികവിദ്യ തുടങ്ങിയവയൊക്കെയായാണു കാറിന്റെ വരവ്. ടച് സ്ക്രീൻ ഓഡിയോ സംവിധാനം, റിമോട്ട് കീ രഹിത എൻട്രി, പിന്നിൽ ഡീഫോഗർ തുടങ്ങിയവയും ഈ സാൻട്രോയിലുണ്ട്. മികച്ച സുരക്ഷ ഉറപ്പാക്കാൻ എയർബാഗ്, ഇ ബി ഡി സഹിതം ആന്റി ലോക്ക് ബ്രേക്ക് സംവിധാനം, ആഘാതവും വാഹന വേഗവും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓട്ടോ ഡോർ ലോക്ക് തുടങ്ങിയവയാണു കാറിന്റെ മറ്റു സവിശേഷതകൾ.
പെട്രോൾ, മാനുവൽ, എ എം ടി ട്രാൻസ്മിഷനുള്ള കാറിന് ലീറ്ററിന് 20.3 കിലോമീറ്ററാണു ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. സി എൻ ജി പതിപ്പാവട്ടെ കിലോഗ്രാമിന് 30.48 കിലോമീറ്റർ ഓടുമത്രെ. 1998 സെപ്റ്റംബറിലായിരുന്നു ചെന്നൈയ്ക്കടുത്ത് ശ്രീപെരുംപുത്തൂരിലുള്ള ഹ്യുണ്ടേയ് ശാലയിൽ നിന്ന് സാൻട്രോ പുറത്തെത്തിയത്. മൊത്തം 18.6 ലക്ഷത്തോളം സാൻട്രോയാണു കമ്പനി ആഗോളതലത്തിൽ വിറ്റത്.