വൺവേയിലൂടെ തെറ്റായദിശയിൽ നിയമം തെറ്റിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾ നമ്മുടെ നാട്ടിൽ കുറവല്ല. നഗരത്തിലും ഹൈവേകളിലും ഇത്തരത്തിൽ എതിർദിശയിലുള്ള ഡ്രൈവിങ് കാണാറുണ്ട്. എതിർദിശയിലെത്തിയ ബസിനെതിരെ ഒരു ബൈക്ക് യാത്രികൻ ഒറ്റയ്ക്ക് നടത്തിയ പ്രതിഷേധമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വിഡിയോ.
ബംഗളൂരുവിലാണ് സംഭവം നടന്നത്. ബംഗളൂരു മെട്രേപോളിറ്റൺ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസാണ് വൺവേയിലൂടെ ദിശതെറ്റിച്ചെത്തിയത്. ബസിന് മുന്നിൽ ബൈക്ക് നിർത്തിയതിന് ശേഷം എതിർദിശയിലൂടെ മുന്നോട്ടു പോകാൻ പറ്റില്ലെന്ന് ബൈക്കർ പറഞ്ഞു. ബൈക്ക് യാത്രികന്റെ ഹെൽമെറ്റ് ക്യാമിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
ബസ് ജീവനക്കാർ ബൈക്ക് യാത്രികനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിന്നോട്ട് എടുക്കാതെ വിടില്ലെന്നാണ് ബൈക്കർ പറയുന്നത്. ട്രാഫിക് നിയമം പാലിക്കാനുള്ളതാണെന്നും അത് എല്ലാവരും പാലിക്കണമെന്നുമാണ് ബൈക്ക് യാത്രികൻ പറയുന്നത്. ഏറെ നേരത്തെ വാഗ്‌വാദത്തിനൊടുവിൽ ബസ് പിന്നോട്ടെടുത്ത് ശരിയായ ദിശയിലൂടെ കടത്തിവിട്ടിട്ടാണ് ബൈക്കർ പിൻമാറിയത്.