ദിവസവും എത്ര കിലോമീറ്റർ നിങ്ങൾ കാറോടിക്കും? 100, 200 അങ്ങേയറ്റം പോയാൽ 500 കിലോമീറ്റർ. ടാക്സി ഡ്രൈവർമാരാണെങ്കിലും 500 കിലോമീറ്ററിൽ അധികം കാറോടിക്കാൻ സാധിക്കാറില്ല. എന്നാൽ അമേരിക്കയിൽ നിന്നൊരു യുവതി അഞ്ചു വർഷം കൊണ്ട് കാറിൽ താണ്ടിയത് 10 ലക്ഷം മൈലുകളാണ് (ഏകദേശം 1609344 കിലോമീറ്റർ). ഫറാ ഹൈനസ് എന്ന ഡെലിവറി ഡ്രൈവറാണ് തന്റെ 2013 മോഡൽ ഹ്യുണ്ടേയ് എലാൻട്രയിൽ ഇത്ര അധികം ദൂരം താണ്ടിയത്.
രണ്ടു ലക്ഷം മൈലുകളാണ് (ഏകദേശം 3.2 ലക്ഷം കിലോമീറ്റർ) ഫറ ഒരു വർഷത്തിൽ താണ്ടുന്നത്. അതായത് ഒരു ദിവസം ഏകദേശം 548 മൈല്‍ (881.921 കി.മീ). അമേരിക്കയിൽ ആളുകൾ ഒരു വർഷം വാഹനമോടിക്കുന്നത് ശരാശരി 14000 മൈലാണെന്നാണ് കണക്ക്. അങ്ങനെ നോക്കുമ്പോൾ ശരാശരി ഡ്രൈവറെക്കാൾ 14 ഇരട്ടി കിലോമീറ്ററുകൾ കൂടുതൽ ഫറ താണ്ടി. രണ്ടാഴ്ച കൂടുമ്പോൾ വാഹനത്തിന്റെ ഓയിൽ മാറ്റകയും റെഗുലർ ചെക്കപ്പിനായി വർക്ക്ഷോപ്പിൽ കയറ്റുകയും ചെയ്യും എന്നാണ് ഫറ പറയുന്നത്. ഫറയുടെ ഈ കഠിനാധ്വാനത്തിന് ഹ്യുണ്ടേയ് നൽകിയ അംഗീകാരത്തോടെയാണ് 10 ലക്ഷം മൈലിന്റെ കഥ പുറം ലോകമറിയുന്നത്. ഡെലിവറിക്കായി ഹ്യുണ്ടേയ് ഷോറൂമിലേയ്ക്ക് വിളിച്ചു വരുത്തി പുതിയ എലാൻട്ര സമ്മാനിക്കുകയായിരുന്നു ഹ്യുണ്ടേയ്.
10 ലക്ഷം മൈൽ എത്തിക്കഴിഞ്ഞാൽ എലാൻട്രയിലെ ഓഡോമീറ്റർ റീസെറ്റ് ആകും അതുകൊണ്ട് വാഹനം പൂർണമായും പരിശോധിക്കുകയും സർവീസ് ഹിറ്ററികൾ നോക്കുകയും ചെയ്തതിന് ശേഷമാണ് ഫറയും 10 ലക്ഷം മൈൽ കഥ ഹ്യുണ്ടേയ് സ്ഥിരീകരിച്ചത്. അതിന് ശേഷം പുതിയ കാർ സമ്മാനിക്കാൻ തീരുമാനിക്കുകയായിരുന്നു. പുതിയ കാറിന്റെ ഓഡോമീറ്ററിൽ വൺ മില്യൻ എംബ്ലവും ഹ്യുണ്ടേയ് നൽകിയിട്ടുണ്ട്.