രാജ്യത്ത് മൊത്തം 53,221 പെട്രോൾ പമ്പുകൾ

രാജ്യത്തു പൊതുമേഖല എണ്ണ വിപണന കമ്പനി(ഒ എം സി)കൾ സ്ഥാപിച്ച പെട്രോൾ പമ്പുകളുടെ എണ്ണം 53,221 ആയി ഉയർന്നെന്നു കേന്ദ്ര സർക്കാർ. ഇതിൽ 41,140 വിൽപ്പന കേന്ദ്രങ്ങളും നഗര പ്രദേശത്താണെന്നും കേന്ദ്ര ഊർജ മന്ത്രി പിയൂഷ് ഗോയൽ ലോക്സഭയെ അറിയിച്ചു. 12,081 വിൽപ്പന കേന്ദ്രങ്ങളാണു ഗ്രാമപ്രദേശങ്ങളിലുള്ളത്. പെട്രോളിന്റെയും ഡീസലിന്റെയും ലഭ്യത ഉറപ്പാക്കാൻ നഗര— ഗ്രാമ ഭേദമില്ലാതെ വിപണന ശൃംഖല വിപുലീകരിക്കാൻ ഒ എം സി കൾ നിരന്തര നടപടി സ്വീകരിക്കുന്നുണ്ടെന്നും ഗോയൽ വ്യക്തമാക്കി.

വിശദമായ ഫീൽഡ് സർവേയുടെയും സാധ്യതാ പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് എണ്ണ കമ്പനികൾ ചില്ലറ വിൽപ്പന കേന്ദ്രം സ്ഥാപിക്കാനുള്ള സ്ഥലം നിർണയിക്കുന്നത്. വിപണന സാധ്യതയേറിയതും സാമ്പത്തികമായി ആദായകരമാവുമെന്ന് ഉറപ്പുള്ളതുമായ കേന്ദ്രങ്ങളെ കമ്പനികൾ അവരുടെ വാർഷിക വിപണന പദ്ധതിയിൽ ഉൾപ്പെടുത്തും. കൂടാതെ രാജ്യത്തു പെട്രോളിയം പൈപ്പ്ലൈൻ സ്ഥാപിക്കാനുള്ള 33 പദ്ധതികൾ നിലവിൽ പുരോഗമിക്കുന്നുണ്ടെന്നും ഗോയൽ അറിയിച്ചു.

മൊത്തം 14,880 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ് ലൈൻസ സ്ഥാപിതമാവുന്നതോടെ സൃഷ്ടിക്കപ്പെടുന്ന മൊത്തം വാഹക ശേഷി പ്രതിവർഷം 80.5 ദശലക്ഷം മെട്രിക് ടൺ ആണെന്നും അദ്ദേഹം വിശദീകരിച്ചു. കുറഞ്ഞ പ്രവർത്തന ചെലവടക്കമുള്ള ആനുകൂല്യങ്ങൾ മുൻനിർത്തി രാജ്യവ്യാപകമായി പെട്രോളിയം പൈപ്പ്ലൈനുകൾ സ്ഥാപിക്കാൻ പൊതുമേഖല സ്ഥാപനങ്ങൾ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ഗോയൽ വ്യക്തമാക്കി.