ബെംഗളുരുവിൽ ഐടി രംഗത്തു പ്രവർത്തിക്കുന്ന ജിത്തു മോഹിച്ചു വാങ്ങിയതായിരുന്നു പുത്തൻ ഫോർവീൽ ഡ്രൈവ് സ്കോഡ യെതി. ആദ്യം കിട്ടിയ ഒഴിവിനു കാറുമായി നാട്ടിലേക്കു യാത്രതിരിച്ചു. പുറപ്പെടും മുൻപ് സമയപരിധി ആയില്ലെങ്കിലും സർവീസ് ചെയ്യിക്കാൻ മറന്നില്ല. എറണാകുളത്തെത്തിയപ്പോൾ ഫുൾടാങ്ക് ഡീസലടിച്ചു കെ കെ റോഡിലെ വളവുകൾ വീശിയെടുത്തു പായുമ്പോൾ യെതിയുമായി ചില്ലറ ഓഫ് റോഡിങ് ഒക്കെയായിരുന്നു മനസിൽ.
അടുത്ത ദിവസം രാവിലെ കാഞ്ഞിരപ്പള്ളിവരെ ഒന്നു പോയതാണ്. കാറിന്റെ എൻജിനിൽ നിന്ന് ഒരു അപശബ്ദം ഡാഷിൽ ചെക്ക് എൻജിൻ ലൈറ്റ് കത്തി നിൽക്കുന്നു. ഭയന്നുപോയ ജിത്തു വണ്ടി നിർത്തി സ്കോഡ കമ്പനിയുടെ ഹെൽപ് ലൈനിൽ വിളിച്ചു. ഉച്ച കഴിഞ്ഞപ്പോൾ കമ്പനിയിൽ നിന്നു ബ്രേക്ക്ഡൗൺ വാനെത്തി.-യെതി കെട്ടിവലിച്ച് എറണാകുളത്തെ സർവീസ് സെന്ററിലേക്കു പോയി. അടുത്ത ദിവസം കാറിന്റെ സ്ഥിതി അന്വേഷിച്ചെത്തിയ ജിത്തുവിനെ ഒരു കുപ്പി ഇളം മഞ്ഞദ്രാവകവുമായാണ് സർവീസ് മാനേജർ എതിരേറ്റത്
ഇതു കണ്ടോ എന്നു മാനേജർ. ജിത്തുവിനൊന്നും മനസിലായില്ല. സാറിന്റെ വണ്ടിയുടെ ടാങ്കിൽ നിന്നെടുത്തതാ. ഡീസലിൽ മുഴുവൻ വെള്ളമായിരുന്നു. ഫിൽറ്ററിലെ വാട്ടർ സെപ്പറേറ്റർ വെള്ളം നിറഞ്ഞ് അടഞ്ഞു. അപ്പോൾ ടാങ്ക് ക്ലീൻ ചെയ്താൽ മതിയായിരിക്കും അല്ലേ? അൽപം ആശ്വാസത്തോടെ ജിത്തു ചോദിച്ചു. സാർ ഉദ്ദേശിക്കുന്നതുപോലെയല്ല. വെള്ളമയമുള്ള ഡീസൽ, എൻജിനിൽ കയറിയിട്ടുണ്ട്. മെയിൻ പമ്പും ഇൻജക്ടറുമെല്ലാം മാറേണ്ടിവരും. നന്നാക്കാൻ മൂന്നുലക്ഷം രൂപയ്ക്കടുത്തുവരുമെന്നാ എസ്റ്റിമേറ്റ്. ആറുമാസമേ വണ്ടിക്കു പഴക്കമുള്ളല്ലോ. വാറന്റി കിട്ടില്ലേ? തലകറങ്ങിപ്പോയെങ്കിലും ജിത്തു ഒരു കച്ചിത്തുരുമ്പിൽ പിടിച്ചു. സംശയമാണു സാർ. മോശം ഡീസൽ അടിച്ചാൽ വാറന്റി കിട്ടില്ല. പിന്നെ നാളെ കമ്പനി എൻജിനിയർ വരും . സാർ ചോദിച്ചു നോക്കൂ.
മോശം ഇന്ധനം ഉപയോഗിച്ചാൽ
കമ്പനി എൻജിനീയറും അതുതന്നെ പറഞ്ഞു! മോശം ഇന്ധനം ഉപയോഗിച്ചതിനാൽ വാറന്റി ഇല്ല. അവസാന തവണ ഡീസൽ അടിച്ചതിന്റെ ബിൽ സൂക്ഷിക്കാതിരുന്നതിനാൽ ആ വഴിക്കു നീങ്ങാൻ മാർഗമില്ല. എങ്കിലും സ്കോഡ കമ്പനിയുടെ ഉന്നതരെ ഇ-മെയിലും എഴുത്തുകളുമായി വിടാതെ പിന്തുടർന്ന ജിത്തുവിന് പമ്പും ഇൻജക്ടറുമുൾപ്പെടെ പ്രധാന ഭാഗങ്ങളെല്ലാം വാറന്റിയിൽ മാറിക്കിട്ടി. കയ്യിൽ നിന്നു മുപ്പതിനായിരം രൂപകൂടി ചെലവായെന്നു മാത്രം.
ഇവിടെ കുറ്റം ആരുടെ ഭാഗത്താണ്? ഡീസൽ സ്റ്റോറേജ് ടാങ്കിൽ വെള്ളമുണ്ടോ എന്നു ശ്രദ്ധിക്കാത്ത പമ്പുകാരുടെയോ അതോ രാജ്യത്തു ലഭ്യമായ ഇന്ധനനിലവാരം കണക്കിലെടുത്ത് തങ്ങൾ വിൽക്കുന്ന കാറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ മിനക്കെടാത്ത നിർമാതാവിന്റെയോ-ആരുടെയായാലും നഷ്ടം കാറുടമയ്ക്കാണുണ്ടായത്. പുത്തൻ തലമുറ കാറുകൾ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലേക്കാണ് ഈ സംഭവം കൈചൂണ്ടുന്നത്. അതുവരെ പെട്രോൾ കാറുകൾ ഉപയോഗിച്ചിരുന്ന ജിത്തു ആദ്യമായാണ് ഒരു ആധുനിക ഡീസൽ കാർ വാങ്ങിയത്. ഡീസലിൽ വെള്ളത്തിന്റെ സാന്നിധ്യം കുഴപ്പമുണ്ടാക്കുമെന്നു കേട്ടറിവുണ്ടായിരുന്നു. എന്നാൽ കോമൺറെയിൽ സംവിധാനത്തിലെ ഉയർന്ന ഇൻജക്ഷൻ മർദത്തെക്കുറിച്ചും സൂക്ഷ്മമായ ഇൻജക്ടർ ദ്വാരങ്ങളിലൂടെ ജലാംശം കടന്നുപോയാലുണ്ടാകാവുന്ന കടുത്ത നാശത്തെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. പെട്രോൾ കാറിൽ നിന്നു ഡീസലിലേക്കു മാറിയപ്പോൾ ഉപയോഗത്തിനു വ്യത്യാസമില്ല എന്നതിനാൽ ഈ വക കാര്യങ്ങൾ മനസിലാക്കാൻ ശ്രമിച്ചില്ല.
ഹാൻഡ് ബുക്ക് മറിച്ചു നോക്കൂ.
ആഗ്രഹിച്ച കാർ വാങ്ങിയ സന്തോഷത്തിൽ ഓണേഴ്സ് ഹാൻഡ്ബുക്ക് എന്ന തടിയൻ പുസ്തകം മറിച്ചുനോക്കാൻ ആരും മെനക്കെടാറില്ല. ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയുടെ സങ്കീർണത കാരണം ഒരു ശുദ്ധയന്ത്രം എന്നതിൽ നിന്നു കംപ്യൂട്ടർ നിയന്ത്രിത ഇലക്ട്രോ മെക്കാനിക്കൽ ഉപകരണം എന്ന നിലയിലേക്കു കാറുകൾ മാറിയിരിക്കുന്നു. ഓരോ ബ്രാൻഡിനും അവയുടെ ഓരോ മോഡലിനും ഏറെ വൈവിധ്യമുണ്ടുതാനും. അതുകൊണ്ട് ഉടമയ്ക്കുള്ള കൈപ്പുസ്തകം കാറുമായി ആദ്യം വഴിയിലിറങ്ങും മുൻപും തുടർന്ന് എന്തെങ്കിലും സംശയം തോന്നുമ്പോഴൊക്കെയും വായിച്ചേ പറ്റൂ.
ആധുനിക കാറുകളിൽ ഡാഷിലെ മീറ്ററുകൾ നൽകുന്നതിനെക്കാൾ അനേകമടങ്ങു വിവരം വാണിങ് ലൈറ്റുകളിലൂടെയും ഡിസ്പ്ലേ സ്ക്രീനിലൂടെയും ലഭ്യമാകുന്നു. രേഖാചിത്രരൂപത്തിൽ തെളിയുന്ന ചില ലൈറ്റുകൾ മനസിലാക്കാൻ ബുദ്ധിമുട്ടുള്ളവയല്ല. ഉദാഹരണത്തിനു ബാറ്ററി ചാർജ്, ഓയിൽ പ്രെഷർ, ടെംപറേച്ചർ എന്നിവയുടെ രേഖാരൂപങ്ങളിൽ ആർക്കും സംശയമുണ്ടാകില്ല. എന്നാൽ സർവീസ് സൂൺ (താമസിയാതെ സർവീസ് സെന്ററിലെത്തുക) ചെക്ക് എൻജിൻ, വാട്ടർ ഇൻ ഡീസൽ തുടങ്ങി പുസ്തകത്തിൽ നോക്കി മനസിലാക്കേണ്ടവ പലതുമുണ്ട്. ഇവ കൂടാതെ ഓരോ നിർമാതാവിനും അവരുടെ മോഡലുകളുടെ സങ്കീർണത അനുസരിച്ച് വ്യത്യസ്ത ലൈറ്റുകൾ കാണും. ഇതിനു പുറമേയാണ് എൽസിഡി സ്ക്രീനിലൂടെ ലഭിക്കുന്ന വിവരങ്ങൾ ചില നിർമാതാക്കളുടെ കാറിൽ ഓഡിയോ വാണിങ് (യാന്ത്രിക/മനുഷ്യശബ്ദത്തിൽ) ആണുണ്ടാവുക. ഇവയിൽ ഉടൻ പ്രതികരിക്കേണ്ട മുന്നറിയിപ്പുകൾ ഏതെന്ന് ഓരോ ഉടമയും ആദ്യമേ മനസിലാക്കേണ്ടതുണ്ട്.
വേണം കാറിനോടും ഒരു അടുപ്പം
ആധുനിക കാർ സങ്കീർണമായ ഒരു ഉപകരണമാണ്. നിലവാരമുള്ള ഇന്ധനം കാറിന്റെ ജീവവായുവാണ്. സ്ഥിരമായി വിശ്വാസയോഗ്യമായ സ്ഥലത്തുനിന്ന് ഇന്ധനം നിറയ്ക്കുകയും ദീർഘയാത്രകൾക്കു മുൻപ് അവിടെനിന്നു തന്നെ ഇന്ധനം നിറയ്ക്കുകയും ചെയ്താൽ ഒരു പരിധിവരെ ഇത് ഉറപ്പുവരുത്താം. ഇന്ധന ഫിൽറ്ററുകൾ കൃത്യമായ കാലയളവിൽ മാറണം. യാത്രയ്ക്കിടെ നിറച്ച ഇന്ധനത്തിന്റെ നിലവാരത്തെക്കുറിച്ചു സംശയം തോന്നിയാൽ ഫിൽറ്റർ നേരത്തേ മാറ്റിയാലും കുഴപ്പമില്ല.
ഇന്ധനം തീർന്ന് വഴിയിൽ കിടന്നുപോയാൽ സംഗതി സംഘടിപ്പിച്ചുകൊണ്ടുവന്ന് ടാങ്കിൽ ഒഴിക്കാതെ തരമില്ല. ഈയവസരത്തിൽ ഉടനെ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കാതെ അൽപ്പനേരം ഇഗ്നീഷൻ ഓൺ ചെയ്തിടുക. ടാങ്കിനുള്ളിലെ ലോപ്രഷർ പമ്പ് പ്രവർത്തിച്ച് ഇൻജക്റ്റർ പമ്പ് വരെയുള്ള പൈപ്പിൽ ആവശ്യത്തിനു മർദത്തിൽ ഇന്ധനം നിറയാനാണിത്. ഫ്യൂവൽ ഇൻജക്ഷനുള്ള പെട്രോൾ കാറിൽ ഇതോടെ പ്രശ്നം തീരും. നേർത്തതും പെട്ടെന്നു ബാഷ്പീകരിക്കുന്നതുമായ പെട്രോളിനോടൊപ്പം ലൈനിൽ വായു അകപ്പെട്ട് പ്രശ്നം ഉണ്ടാകില്ല. എന്നാൽ ഡീസൽ കാറുകളിൽ ഇന്ധനം മുഴുവൻ തീർന്ന് വീണ്ടും നിറയ്ക്കുമ്പോൾ ലൈനിൽ വായു അകപ്പെടാൻ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ എൻജിൻ സ്പീഡ് ഉയരാതിരിക്കുകയും എൻജിൻ ഇടയ്ക്കിടെ നിന്നുപോവുകയും ചെയ്യും. വായു പുറന്തള്ളാനുള്ള മാർഗം ഡീസൽ എൻജിന്റെ ഫിൽറ്ററിനോടു ചേർന്ന് ഉണ്ടാവുമെങ്കിലും ഈ പണി വിദഗ്ധ സഹായത്തോടെ ചെയ്യുകയാണു നല്ലത്.