വൈദ്യുത സ്കൂട്ടറുമായി ഇസ്റൊ — എ ആർ എ ഐ സഖ്യം

Representative Image

ബഹിരാകാശ യാനങ്ങളിൽ ഉപയോഗിക്കുന്ന ലിതിയം അയോൺ ബാറ്ററി സാങ്കേതികവിദ്യ സാധാരണ വാഹനങ്ങളിലും പ്രയോജനപ്പെടുത്താൻ ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ(ഐഎസ്ആർഒ) ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ)യുമായി സഹകരിക്കുന്നു. ഇസ്റൊ — എ ആർ എ ഐ പങ്കാളിത്തം വിജയിച്ചാൽ രാജ്യത്തെ വൈദ്യുത വാഹന മേഖലയിൽ വൻ മുന്നേറ്റം കൈവരിക്കുമെന്നാണു പ്രതീക്ഷ. ഇസ്റൊയുടെ ലിതിയം അയോൺ ബാറ്ററി കരുത്തേകുന്ന ഇരുചക്രവാഹന മാതൃക പുണെയിൽ നടക്കുന്ന രാജ്യാന്തര ഓട്ടമോട്ടീവ് ടെക്നോളജീസ് സിംപോസിയത്തിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയ സെക്രട്ടറി സഞ്ജയ് മിത്ര അനാവരണം ചെയ്തു.

ഇസ്റൊയുടെയും എ ആർ എയുടെയും സംയുക്ത ഗവേഷണത്തിൽ നിന്നുള്ള പ്രധാന നേട്ടമാണു പുതിയ ഇരുചക്രവാഹന മാതൃകയെന്ന് സിംപോസിയത്തിന്റെ കൺവീനർ ആനന്ദ് ദേശ്പാണ്ഡെ അഭിപ്രായപ്പെട്ടു. ബഹിരാകാശ യാനങ്ങളിൽ ഉപയോഗിക്കുന്ന ലിതിയം അയോൺ ബാറ്ററി സാങ്കേതികവിദ്യ സാധാരണ വാഹനങ്ങളിൽ പ്രയോഗിക്കാവുന്ന വിധത്തിൽ പരിഷ്കരിക്കുന്നതിൽ ഇസ്റൊയും എ ആർ എ ഐയും വിജയിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. ബാറ്ററി മാനേജ്മെന്റ് സംവിധാനം, ലാബ് — റോഡ് പരിശോധന, വ്യത്യസ്ത താപനിലയിലുള്ള ഓട്ടമോട്ടീവ് ഡ്യൂട്ടി സൈക്കിൾ, ചാർജ് — ഡിസ്ചാർജ് എന്നിവയൊക്കെയാണ് എ ആർ എ ഐ നിരീക്ഷിച്ചത്.

ബഹിരാകാശ രംഗത്ത് വിശ്വാസ്യതയാണ് പരമപ്രധാനമെങ്കിൽ വാഹന നിർമാണത്തിൽ താങ്ങാവുന്ന വിലയ്ക്കാണു പ്രാധാന്യം. ഇപ്പോൾ തയാറാക്കിയ മാതൃകയിൽ 48 വോൾട്ട്, 50 എ എച്ച് ബാറ്ററിയാണ് ഘടിപ്പിച്ചിരിക്കുന്നത്; രണ്ടു മണിക്കൂർ ചാർജ് ചെയ്താൽ 90 കിലോമീറ്റർ പിന്നിടാൻ ഈ ബാറ്ററിക്കു ശേഷിയുണ്ട്. ഒരു മണിക്കൂറിനകം ബാറ്ററി പൂർണ തോതിൽ ചാർജ് ചെയ്യാനുള്ള നടപടികളാണു നിലവിൽ പുരോഗമിക്കുന്നതെന്നും ദേശ്പാണ്ഡെ വെളിപ്പെടുത്തി. വൈദ്യുതി ഉപയോഗം കുറയുന്നതോടെ വാഹനത്തിന്റെ പ്രവർത്തന ചെലവ് കിലോമീറ്ററിന് 20 — 30 പൈസയിൽ ഒതുങ്ങും. എന്നാൽ വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 45 — 50 കിലോമീറ്റർ വരെയാവുമെന്നും അദ്ദേഹം അറിയിച്ചു.