റെക്കോഡ് നേട്ടം; 2016ൽ ഔഡി വിറ്റത് 18.70 ലക്ഷം യൂണിറ്റ്

Audi Q7

‘ഡീസൽ ഗേറ്റ്’ വിവാദം പോലുള്ള തിരിച്ചടികൾക്കിടയിലും കഴിഞ്ഞ വർഷം റെക്കോഡ് വിൽപ്പന കൈവരിക്കാനായെന്നു ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ആഡംബര കാർ നിർമാതാക്കളായ ഔഡി. ഔഡിയുടെ പ്രകടനം മെച്ചപ്പെട്ടെങ്കിലും ആഗോള വിൽപ്പനയിൽ നാട്ടിൽ നിന്നുതന്നെയുള്ള എതിരാളികളായ മെഴ്സീഡിസ് ബെൻസിനും ബി എം ഡബ്ല്യുവിനും പിന്നിൽ മൂന്നാം സ്ഥാനത്തായി പോകാനുള്ള സാധ്യത മാറ്റമില്ലാതെ തുടരുകയാണ്. ഫോക്സ്‌വഗൻ ഗ്രൂപ്പിന് ഏറ്റവുമധികം ലാഭം നേടിക്കൊടുക്കുന്ന ഔഡിയുടെ കഴിഞ്ഞ വർഷത്തെ വിൽപ്പന 18.70 ലക്ഷം യൂണിറ്റായിരുന്നു; 2015ൽ 18 ലക്ഷം ആഡംബര കാറുകളും സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളും വിറ്റ സ്ഥാനത്താണിത്.

മലിനീകരണ നിയന്ത്രണ പരിശോധന ജയിക്കാൻ ഡീസൽ എൻജിനിൽ കൃത്രിമം കാട്ടി കുടുങ്ങിയ യു എസിൽ 2016ലെ വിൽപ്പനയിൽ നാലു ശതമാനത്തോളം വർധന കൈവരിക്കാൻ ഇൻഗൊൾസ്റ്റാഡ് ആസ്ഥാനമായ ഔഡിക്കായി. കമ്പനിയുടെ യൂറോപ്യൻ വിപണികളിൽ രണ്ടാം സ്ഥാനത്തുള്ള യു കെയിലെ വിൽപ്പന ഉയർന്നത് 6.4% ആണ്. ഔഡിയുടെ ഔദ്യോഗിക വിൽപ്പന കണക്കുകൾ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്; മാതൃസ്ഥാപനമായ ഫോക്സ്‌വാഗന്റെ കണക്കുകളും അന്നാണു പ്രസിദ്ധീകരിക്കുക. ആഗോളതലത്തിൽ ഫോക്സ്‌വാഗൻ, ടൊയോട്ടയ്ക്കും ജനറൽ മോട്ടോഴ്സിനും പിന്നിലായി മൂന്നാം സ്ഥാനത്താവുമെന്ന അഭ്യൂഹം ശക്തമാണ്.

മലിനീകരണ നിയന്ത്രണ പരീക്ഷ ജയിക്കാൻ സോഫ്റ്റ്വെയർ സഹായം തേടിയെന്ന സ്ഥിരീകരണത്തെതുടർന്നു യു എസിൽ നിർത്തിവച്ച ഡീസൽ മോഡലുകളുടെ വിൽപ്പന പുനഃരാരംഭിക്കാനും ഔഡിക്കു പദ്ധതിയുണ്ട്. എന്നാൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ലെന്നാണ് ഔഡി വിൽപ്പന വിഭാഗം മേധാവി നൽകുന്ന സൂചന.
അതേസമയം ‘ഡീസൽഗേറ്റ്’ വിവാദത്തിന്റെ പശ്ചാത്തലത്തിൽ യു എസിൽ ഡീസൽ എൻജിനുള്ള വാഹനങ്ങൾ ഇനി വിൽക്കാനില്ലെന്ന നിലപാടിലാണു ഫോക്സ്വാഗനെന്നു ബ്രാൻഡ് മേധാവി ഹെർബർട്ട് ഡയസ് വെളിപ്പെടുത്തി.