വാഹനത്തിന്റെ ഘടനയ്ക്ക് മാറ്റം വരുത്തുന്ന മോഡിഫിക്കേഷനുകൾ മോട്ടോർ വെഹിക്കിൾ നിയമപ്രകാരം കുറ്റകരമാണ്. നിയമപ്രകാരം ബൈക്കിന്റെ നിറം മാറ്റാമെങ്കിലും മറ്റൊന്നും ചെയ്യാൻ കഴിയില്ല. വൻതുക മുടക്കി സൂപ്പർ ബൈക്കുകൾ സ്വന്തമാക്കാൻ കഴിയാത്തവർ തങ്ങളുടെ ചെറിയ ബൈക്കുകളിൽ മോഡിഫിക്കേഷൻ വരുത്തി സൂപ്പർ ബൈക്കുകളോടു കിടപിടിക്കുന്ന തരത്തിലാക്കുന്നു. കൊച്ചി, തൃശൂർ, മലപ്പുറം, തിരുവനന്തപുരം തുടങ്ങി പല സ്ഥലങ്ങളിലും ബൈക്കുകളിൽ മോഡിഫിക്കേഷൻ കേന്ദ്രങ്ങളുണ്ട്. കൊച്ചിയാണ് ഇതിന്റെ പ്രധാന കേന്ദ്രം. എന്തൊക്കെ മോഡിഫിക്കേഷൻ വരുത്താമെന്നോ, നിയമവശങ്ങളെക്കുറിച്ചോ ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവർക്കു പലപ്പോഴും അറിവില്ല.
വാഹനം റജിസ്‌റ്റർ ചെയ്യുമ്പോൾ ആർസി ബുക്കിൽ രേഖപ്പെടുത്തുന്ന വസ്‌തുക്കളും ഘടകങ്ങളുമല്ലാതെ വേറെ എന്തെങ്കിലും സാധനം ഘടിപ്പിച്ചിട്ടുണ്ടെന്നു മോട്ടർ വാഹന വകുപ്പ് അധികൃതർക്കു ബോധ്യമായാൽ നടപടി ഉറപ്പ്. ചിലപ്പോൾ നിങ്ങൾ അധികമായി ഘടിപ്പിച്ചിട്ടുള്ള വസ്‌തുക്കളുടെ മൊത്തം തുകയായിരിക്കും പിഴയായി ഈടാക്കുക. വാഹനത്തിന്റെ നിറം മാറ്റുന്നതിൽ കുഴപ്പമില്ല, പക്ഷേ എൻജിന്റെ ശക്‌തി വർധിപ്പിക്കുക, പിസ്‌റ്റൺ മാറ്റുക, ഗംഭീര ശബ്‌ദമുള്ള എക്‌സ്‌ഹോസ്‌റ്റ് കുഴലുകൾ ഘടിപ്പിക്കുക തുടങ്ങിയവയെല്ലാം കുറ്റകരമാണ്. ചില മോഡിഫിക്കേഷൻ രൂപങ്ങൾ ദാ ഇങ്ങനെയാണ്.
ഡിസൈൻ മോഡിഫിക്കേഷൻ
ബൈക്ക് അടിമുടി പണിതെടുക്കുന്നതു കണ്ടിട്ടില്ലേ. ബൈക്കിന്റെ എൻജിൻ മാത്രമാകും പഴയത്. ഏതു തരം ബൈക്കും സൂപ്പർ ബൈക്കുകളാക്കുന്ന രീതി ഇവിടെയുണ്ട്. ഡിസൈൻ മാറ്റി ക്രൂസർ ബൈക്കുകളുടെ രൂപത്തിലേക്കു മാറ്റിയെടുക്കും. പുതിയ ടാങ്ക്, സൈഡ് ബാനർ, ടെയ്ൽ സസ്പെൻഷൻ എന്നിവയെല്ലാം ഉൾപ്പെടുത്തും. ക്രൂസർ ബൈക്കുകളിൽ സാധാരണ വി ട്വിൻ എൻജിനുകളാണുള്ളത്. എൻജിൻ ഇവയാണെന്നു തോന്നിപ്പിക്കാനുള്ള പൊടിക്കൈകളുമുണ്ട്. പക്ഷേ എൻജിനിൽ മാറ്റമുണ്ടാകില്ല. ഒരു ലക്ഷം രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെ ഇത്തരം ഡിസൈൻ മോഡിഫിക്കേഷനു ചെലവാക്കുന്നവരുണ്ട്.
സൈലൻസർ മോഡിഫിക്കേഷൻ
മോഡിഫിക്കേഷനുകൾ ഏറ്റവുമധികം നടക്കുന്നതു സൈലൻസറുകളിലാണ്. പുറത്തു നിന്ന് ഇറക്കുമതി ചെയ്ത സൈലൻസറുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ബൈക്കിന്റെ പെർഫോമൻസ് ഉയർത്തുന്ന സൈലൻസറുകളാണു സാധാരണ ഘടിപ്പിക്കുക. എയർ ഫിൽറ്ററിലും സൈലൻസറിലും മാറ്റം വരുത്തിയാണു യുവാക്കൾ ബൈക്കിന്റെ പവർ കൂട്ടുന്നത്. ശബ്‌ദം മാറ്റാൻ സൈലൻസറിൽ ഡിഫ്യൂസർ ഘടിപ്പിക്കും. വണ്ടിയോടിക്കുമ്പോൾ സൈലൻസറിലൂടെ തീപ്പൊരി ചിതറുന്ന ഡിഫ്യൂസറിനു 3,000 രൂപ മുതലാണു വില.
എക്‌സ്‌ഹോസ്‌റ്റ് സിസ്‌റ്റം
എൻജിനെപ്പോലെ തന്നെ ബൈക്കിന്റെ പ്രകടനത്തെ കാര്യമായി സ്വാധീനിക്കുന്ന ഘടകമാണ് എക്‌സ്‌ഹോസ്‌റ്റ് സിസ്‌റ്റംസ്. മോഡിഫൈ ചെയ്യുന്നവർ ഇതു മാറ്റുന്നതു സ്വാഭാവികം. വിവിധ രൂപത്തിലും വലുപ്പത്തിലുമുള്ള എക്‌സ്‌ഹോസ്‌റ്റ് സിസ്‌റ്റം വിപണിയിൽ ലഭ്യമാണ്. 550 മുതൽ 5000 രൂപ വരെയുള്ള വിലകളിൽ വിവിധ തരം എക്‌സ്‌ഹോസ്‌റ്റ് സിസ്‌റ്റം വിപണിയിലുണ്ട്. പ്രകടനം മെച്ചപ്പെടുന്നതിനോടൊപ്പം ബൈക്കിന്റെ ശബ്‌ദം റേസിങ് ബൈക്കുകളോടു കിട പിടിക്കുന്നതാകും. ശബ്‌ദം അധികമാണെന്ന പരാതിയുണ്ടെങ്കിൽ ഡിബി കില്ലറുകൾ ഉപയോഗിച്ചു ശബ്‌ദം കുറയ്‌ക്കാം.
പിസ്‌റ്റൺ കിറ്റ്
ഇപ്പോഴുള്ള ബൈക്കിന്റെ ശക്‌തി കുറവാണെന്നു കരുതുന്നവരാണു സാധാരണ കരുത്തു കൂടിയ പിസ്റ്റണുകൾ ഉപയോഗിക്കുന്നത്. 150 സിസി ബൈക്കുകളുടെ ശക്തി വർധിപ്പിക്കാനുള്ള 165 സിസി പിസ്റ്റൺ കിറ്റുകൾ ഉണ്ട്. 235 സിസി പിസ്‌റ്റൺ കിറ്റിനു 5000-7000 രൂപയാണു വില. കരുത്തു വർധിക്കുന്നതിനോടൊപ്പം ഇന്ധന ക്ഷമതയും എൻജിന്റെ ആയുസും വർധിക്കുമെന്നതാണു പിസ്റ്റൺ കിറ്റിന്റെ ആകർഷണം.
പെർഫോമൻസ് എയർ ഫിൽറ്റർ
എൻജിന്റെ ഉള്ളിലേക്കും പുറത്തേക്കും മികച്ച വായു സഞ്ചാരം ഉറപ്പാക്കുകയാണ് എയർ ഫിൽറ്ററുകൾ ചെയ്യുന്നത്. മികച്ച വായു സഞ്ചാരം എൻജിന്റെ ശക്‌തി വർധിപ്പിക്കും. സാധാരണ സ്കൂട്ടറുകൾ മുതൽ ഏതു തരം ബൈക്കുകളും എയർ ഫിൽറ്ററുകൾ ഉപയോഗിച്ചു മോഡിഫൈ ചെയ്യാം. 2500 മുതൽ അയ്യായിരം രൂപ വരെയെത്തും ഫിൽറ്ററുകൾ.
ക്വിക്ക് ത്രോട്ടിൽസ്
ബൈക്കിനു മികച്ച ആക്സിലറേഷൻ നൽകാനുള്ള അധിക ഫിറ്റിങ്ങാണു ക്വിക്ക് ത്രോട്ടിലുകൾ. കൈകൾ അധികം ചലിപ്പിക്കാതെ തന്നെ മികച്ച വേഗം കൈവരിക്കാമെന്നതാണ് ഇത്തരം ഘടകങ്ങളുടെ പ്രത്യേകത.
പല വൻകിട ബൈക്ക് കമ്പനികളും പലതരം ആക്സസറികളും വിപണിയിലെത്തിക്കുന്നുണ്ട്. പക്ഷേ ഇവയുടെ ഉയർന്ന വിലകാരണം മോഡിഫിക്കേഷനുകൾക്ക് ഉപയോഗിക്കുന്നവർ കുറവ്. വിലക്കുറവുള്ള തങ്ങളുടെ ചെറിയ ബൈക്കുകളെ പറക്കും ബൈക്കുകളാക്കാൻ സാധിക്കുന്ന മോഡിഫിക്കേഷൻ കിറ്റുകൾ എവിടെ ലഭിക്കുമെന്നു ചെറുപ്പക്കാർക്കു നന്നായറിയാം. എൻജിൻ മോഡിഫിക്കേഷൻ ഉൾപ്പെടെയുള്ളവ ചെയ്യുന്നവർ ഏറെയുണ്ടെങ്കിലും ഇതൊന്നും കണ്ടുപിടിക്കാൻ മോട്ടോർ വാഹന വകുപ്പിനു പ്രത്യേക സംവിധാനങ്ങളൊന്നുമില്ല. പ്രകടമായ മാറ്റം കാണുമ്പോൾ (ഉദാഹരണത്തിന്, ശബ്ദം കൂടുതൽ, ഹാൻഡിൽ പ്രശ്നങ്ങൾ) മാത്രമാണ് അധികൃതർ അറിയുന്നതും നടപടിയാകുന്നതും.