പുതിയ കാർ വാങ്ങാൻ തയാറെടുക്കുന്ന ഇന്ത്യക്കാരിൽ 67 ശതമാനത്തിലേറെപ്പേരും വാഹനത്തിന്റെ കരുത്തിനെക്കാൾ പരിഗണന നൽകുന്നത് ഇന്ധനക്ഷമതയ്ക്ക്. ഏഷ്യ പസഫിക് മേഖലയിലെ 11 വിപണികളിലായി പതിനായിരത്തോളം പേരെ പങ്കെടുപ്പിച്ച് ഫോഡ് മോട്ടോർ കമ്പനി ജൂണിൽ നടത്തിയ സർവേയിൽ നിന്നുള്ള കണ്ടെത്തലാണിത്.
ഇന്ധനക്ഷമതയ്‌ക്ക് പ്രാധാന്യം നൽകുന്നതിന്റെ കാരണമായി 72% ഉപഭോക്താക്കളും ചൂണ്ടിക്കാട്ടിയത് പണം ലാഭിക്കുന്നതിന്റെ ആവശ്യമാണ്. മറ്റ് കാരണങ്ങളിൽ പരിസ്ഥിതി സൗഹൃദം (71%), ഉയർന്ന ഇന്ധനവില (64%) എന്നിവ ഉൾപ്പെടുന്നു. നിലവിൽ കരുത്തുറ്റ കാറുകൾ കൈകാര്യം ചെയ്യുന്നവരിൽ 52 ശതമാനത്തോളം പേർ കൂടുതൽ ഇന്ധനക്ഷമമായ കാറുകൾ വാങ്ങാത്തതിൽ ഖേദമുള്ളവരാണെന്നും സർവേയിൽ വ്യക്തമായി. പണം ലാഭിക്കുന്നതിന്റെ ആവശ്യവും ഇന്ധനം വാങ്ങുന്ന ശൈലികളിൽ പ്രതിഫലിക്കുന്നതായി സർവെ വെളിപ്പെടുത്തുന്നു. നാലിലൊരാൾ (28%) പറഞ്ഞത് പണം ലാഭിക്കുന്നതിന്, ഇന്ധനവില കുറയുന്നതുവരെ കാത്തിരിക്കുന്നതടക്കമുള്ള മാർഗങ്ങൾ അവർ സ്വീകരിക്കാറുണ്ടെന്നാണ്.
ഇന്ധനോപഭോഗം കുറയ്‌ക്കുന്നതിനായി ഡ്രൈവിങ് ശൈലികളിൽ മാറ്റം വരുത്താനും അവർ തയാറാണ്. 37% പേർ പൊതുഗതാഗത സംവിധാനം കൂടുതലായി ഉപയോഗിക്കാൻ തയാറാണ്. അടുത്ത 12 മാസം വാഹനമോടിക്കുന്നത് കുറയ്‌ക്കാനുള്ള നീക്കത്തിലാണ് മറ്റൊരു 33%. ഇന്ധനപമ്പുകളിൽനിന്നു അകന്നുനിൽക്കാൻ ഇത്രമാത്രം ആഗ്രഹിക്കുമ്പോഴും പണം ലാഭിക്കുന്നതിനുള്ള ദീർഘകാല തന്ത്രങ്ങളെക്കുറിച്ച് പലരും ബോധവാൻമാരല്ലെന്നതാണ് മറ്റൊരു വസ്തുത.
∙ 57 ശതമാനത്തിലേറെപ്പേർ വാഹനത്തിന്റെ ഉടമസ്ഥതയിൽ വരുന്ന മൊത്തം ചെലവ് – ഇന്ധനവും അറ്റകുറ്റപ്പണിയും – വാഹനം വാങ്ങുമ്പോൾ പരിഗണിക്കുന്നില്ല.
∙ ഇന്ധനലാഭത്തിനായി കൂടുതൽ മെച്ചപ്പെട്ട എൻജിനുകളുള്ള കാർ വാങ്ങുന്നതിന് കൂടുതൽ പണമിറക്കാൻ തയാറാണെന്നുപറഞ്ഞത് മൂന്നിലൊരാൾ (37%) മാത്രം.
∙ അതേസമയം ഈ ശൈലികളിൽ മാറ്റം വരുന്നതിന്റെ സൂചനകളുണ്ട ്. അടുത്ത വർഷം പുതിയ കാർ വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ പലരും ഇന്‌ധനക്ഷമമായ വാഹനങ്ങളാണ് തേടുന്നത്.
∙ 56% പേർ ലക്ഷ്യമിടുന്നത് കൂടുതൽ ഇന്ധനക്ഷമമായ എൻജിൻ
∙ 36% ആഗ്രഹിക്കുന്നത് ചെറിയ വാഹനം
∙ 17% ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്‌ട്രിക് വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നു.
ഫോഡിനുവേണ്ടി ഗ്ലോബൽ വെബ് ഇൻഡെക്സാണ് ഓൺലൈൻ സർവേ നടത്തിയത്.